ഗസ്സയില്‍ വംശഹത്യ ഇപ്പോഴും തുടരുന്നു; ലോകരാജ്യങ്ങള്‍ അടിയന്തരമായി ഇടപെടണം : ഫലസ്തീന്‍ വിദേശകാര്യമന്ത്രി

ഗസ്സ സിറ്റി : ഗസ്സയില്‍ ഫലസ്തീനികള്‍ക്കെതിരായ വംശഹത്യ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ലോകരാജ്യങ്ങള്‍ അടിയന്തരമായി ഇടപെടണമെന്നും ഫലസ്തീന്‍ വിദേശകാര്യമന്ത്രി വര്‍സന്‍ ആഗാബെക്കിയന്‍ ഷാഹിൻ. വെടിനിര്‍ത്തല്‍ കരാറിലെത്തിയിട്ടും ഗസ്സയിലെ മനുഷ്യര്‍ അതിഭീകരമായ സാഹചര്യങ്ങളിലൂടെയാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നതെന്നും വര്‍സന്‍ പറഞ്ഞു. അനറ്റോലിയ ഡിപ്ലോമസി ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘ശറമുല്‍ ഷെയ്ഖ് കരാര്‍ പ്രാബല്യത്തിലെത്തിയിട്ട് അഞ്ച് മാസം ആയിരിക്കുകയാണ്. വെടിനിര്‍ത്തല്‍ കരാറിലെത്തിയിട്ടും ദുരിതബാധിതരായ ജനങ്ങളെയും വേദന തിന്ന് കഴിയുന്ന കുടുംബങ്ങളെയുമല്ലാതെ ഗസ്സയിൽ കാണാനാകുന്നില്ല. കൊലപാതകങ്ങളും പരിക്കുകളും ഇവിടെ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. സുഗമമായ രീതിയില്‍ മനുഷ്യജീവിതം മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ അടിയന്തരമായി സഹായം എത്തിക്കേണ്ടതുണ്ട്’. വര്‍സന്‍ പറഞ്ഞു.
വെള്ളപ്പൊക്കവും വൃത്തിഹീനമായ സാഹചര്യം മൂലവും പ്രയാസപ്പെട്ട്, ടെന്റുകളില്‍ കഴിയുന്ന ജീവിതങ്ങളെക്കുറിച്ചും അവര്‍ വിശദീകരിക്കുകയുണ്ടായി. വിശപ്പടക്കാന്‍ മതിയായ ഭക്ഷണമോ വെള്ളമോ കിട്ടാതെ, വൃത്തിഹീനമായ സാഹചര്യങ്ങളില്‍ കഴിയേണ്ടിവരുന്ന ഗസ്സയിലെ ഫലസ്തീനികളുടെ ജീവിതത്തെ കുറിച്ചുള്ള അന്താരാഷ്ട്ര മാധ്യമങ്ങളുടെ പഠനങ്ങളും ഗവേഷണങ്ങളും മുന്‍നിര്‍ത്തിയായിരുന്നു അവരുടെ പ്രസംഗം.
‘ഗസ്സയില്‍ അടിയന്തരമായ സഹായങ്ങള്‍ എത്തിക്കാന്‍ ഇനിയും കാലതാമസം നേരിടുന്നതെന്താണ്? എപ്പോഴാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അവരിലേക്ക് എത്തിച്ചേരുക? ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം പോലുള്ള അടിസ്ഥാന ആവശ്യങ്ങള്‍ എന്നാണ് അവിടത്തെ പാവങ്ങളിലേക്കെത്തുക?’ വര്‍സന്‍ ചോദിച്ചു. കാലങ്ങളായി ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരതകളുടെയും വംശഹത്യകളുടെയും ഫലമാണ് ഗസ്സയിലെ നിലവിലെ സാഹചര്യങ്ങളെന്നും അവര്‍ കുറ്റപ്പെടുത്തി.
2023 ഒക്ടോബറില്‍ ആരംഭിച്ച ഇസ്രായേൽ വംശഹത്യ രണ്ട് വർഷത്തിന് ശേഷമാണ് വെടിനിർത്തൽ കരാറിലേക്കെത്തിയിരുന്നത്. ആക്രമണങ്ങളില്‍ 72,340-ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഏകദേശം 172,250 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യഥാര്‍ഥ കണക്കുകള്‍ ഇതിലും കൂടുതലായിരിക്കും. ഗസ്സയിലെ അടിസ്ഥാന സൗകര്യങ്ങളുടെ 90 ശതമാനവും തകര്‍ക്കപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.



