അന്തർദേശീയം

ഇറാൻ വ്യോമപാത ഭാഗികമായി തുറന്നു

തെഹ്റാൻ : ഇറാൻ-യു.എസ് സംഘർഷത്തിൽ രണ്ടാംഘട്ട സമാധാന ചർച്ച നടക്കാനിരിക്കെ ഇറാൻ വ്യോമപാത ഭാഗികമായി തുറന്നതായി സിവിൽ എവിയേഷൻ അതോരിറ്റി അറിയിച്ചു. ഐ.ആർ.ഐ.ബി ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിമാന ടിക്കറ്റുകൾ ആവശ്യക്കാർക്ക് ലഭ്യമാക്കുമെന്നും ഐ.ആർ.ഐ.ബി റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തിന്‍റെ കിഴക്കൻ മേഖലയിൽ നിന്നുള്ള വ്യോമപാതകളാണ് തുറന്നത്.

അതേസമയം സമാധാന ചർച്ചക്ക് മധ്യസ്ഥത വഹിക്കുന്ന പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ മൂന്ന് ദിവസത്തെ തെഹ്‌റാൻ സന്ദർശനം പൂർത്തിയാക്കി. സമാധാന ചർച്ചയുടെ ഭാഗമായി ഇറാനിലെ ഉന്നത നേതാക്കളുമായി അദ്ദേഹം ചർച്ചനടത്തി. വരും ദിവസങ്ങളിൽ ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന രണ്ടാംഘട്ട സമാധാന ചർച്ചകൾക്ക് മുന്നോടിയായിരുന്നു സന്ദർശനം. ഇറാൻ പ്രസിഡന്റ് മസൂദ് പെശഷ്കിയാൻ, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, ഖതം അൽ-അൻബിയ ആസ്ഥാനത്തിന്റെ കമാൻഡർ മേജർ ജനറൽ അലി അബ്ദുല്ലാഹി എന്നിവരുമായി മുനീർ ചർച്ച നടത്തിയതായി പാക് സൈന്യം പ്രസ്താവനയിൽ പറയുന്നു.

പശ്ചിമേഷ്യൻ സംഘർഷത്തിന് ചർച്ചയിലൂടെ പരിഹാരം കാണുന്നതിനും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള പാകിസ്താന്റെ അചഞ്ചലമായ ദൃഢനിശ്ചയത്തെ ഈ സന്ദർശനം അടിവരയിടുന്നുവെന്ന് സൈന്യം പറഞ്ഞു.

അതേസമയം ബുധനാഴ്ചക്കു മുമ്പായി യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ദീർഘകാല കരാറിലെത്തിയില്ലെങ്കിൽ ഇറാനുമായുള്ള വെടിനിർത്തൽ ധാരണ അവസാനിപ്പിക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മുന്നറിയിപ്പു നൽകി. വെടിനിർത്തൽ ധാരണ നീട്ടിയേക്കില്ല, ഹുർമുസിലും ഇറാനിയൻ തുറമുഖങ്ങളിലുമുള്ള ഉപരോധം തുടരുമെന്നും എയർ ഫോഴ്സ് വണ്ണിൽ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. കരാറായില്ലെങ്കിൽ ബോംബ് വർഷം പുനരാരംഭിക്കേണ്ടിവരുമെന്നും കൂട്ടിച്ചേർത്തു.

യു.എസ്-ഇറാൻ വെടിനിർത്തൽ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, പശ്ചിമേഷ്യയിൽ ശാശ്വത സമാധാനത്തിനുള്ള നയതന്ത്ര നീക്കങ്ങൾ സജീവമായി തുടരുകയാണ്. പാകിസ്താൻ, തുർക്കിയ, ഈജിപ്ത്, സൗദി എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ഇന്ന് തുർക്കിയയിലെ അനറ്റോളിയയിൽ യോഗം ചേരുന്നുണ്ട്. ഹുർമുസ് പ്രതിസന്ധി പരിഹരിക്കുന്നതിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുടെയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെയും നേതൃത്വത്തിൽ പാരിസിൽ വിവിധ രാജ്യങ്ങളുടെ യോഗം വെള്ളിയാഴ്ച ചേർന്നു. ഈ യോഗത്തിന്റെ താൽപര്യംകൂടി മുൻനിർത്തിയാണ് ഇറാൻ ഹുർമുസ് തുറക്കാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, നാവിക ഉപരോധം തുടർന്നാൽ ഹുർമുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന് ഇറാൻ പാർലമെന്‍റ് സ്പീക്കർ മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button