ഹുർമുസ് പ്രതിസന്ധി : യുകെ-ഫ്രഞ്ച് നയതന്ത്രനീക്കം വിജയിച്ചുവെന്ന് നിരീക്ഷകരുടെ വിലയിരുത്തൽ

പാരിസ് : ഹുർമുസ് കടലിടുക്ക് തുറക്കുന്നതിനായി ട്രംപിനെ ഒഴിവാക്കി ബ്രിട്ടനും ഫ്രാൻസും സംയുക്തമായി നടത്തിയ നയതന്ത്രനീക്കം വിജയിച്ചുവെന്ന് വിലയിരുത്തൽ. ലബനാനിൽ വെടിനിർത്തലിന് പിന്നാലെ ഹുർമുസ് തുറക്കാൻ ഇറാനെ പ്രേരിപ്പിച്ചത് ഈ നീക്കംകുടിയാണെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. ഇറാനെതിരായ ആക്രമണത്തിൽ തുടക്കം മുതലേ ഫ്രാൻസും ബ്രിട്ടനും യു.എസിനൊപ്പമായിരുന്നില്ല.
ഇറാനെ ആക്രമിക്കാൻ യു.എസിന് തങ്ങളുടെ നിലയങ്ങൾ വിട്ടുനൽകില്ലെന്നും ബ്രിട്ടൻ വ്യക്തമാക്കിയിരുന്നു. ഇതിനെച്ചാല്ലി, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർക്കെതിരെ കനത്ത വിമർശനമാണ് ട്രംപ് നടത്തിയത്. ഹുർമുസിൽ ട്രംപ് ഉപരോധം ഏർപ്പെടുത്തിയപ്പോൾ കടലിടുക്ക് തുറക്കുന്നതിനായി വേറിട്ടൊരു നീക്കമാണ് സ്റ്റാർമറും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും നടത്തിയത്. ഇരുവരുടെയും സംയുക്താഭിമുഖ്യത്തിൽ വെള്ളിയാഴ്ച പാരിസിൽ സംഘടിപ്പിച്ച ഉച്ചകോടിയിൽ 50 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ഇക്കൂട്ടത്തിൽ അമേരിക്കയില്ല. ഉച്ചകോടിക്ക് ഐക്യദാർഢ്യവുമായി ജർമൻ ചാൻസിലർ ഫ്രെഡറിക് മെർസും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയും നേരിട്ടെത്തി.
ഇറാൻ ആക്രമണത്തിന്റെ പേരിൽ ഇസ്രായേലുമായുള്ള പ്രതിരോധ കരാർ കഴിഞ്ഞദിവസമാണ് ഇറ്റലി റദ്ദാക്കിയത്. ഇതിനെതുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കെയാണ് മെലോനി പാരിസിലെത്തിയത്. 30 രാജ്യങ്ങളുടെ തലവന്മാർ പാരിസ് ഉച്ചകോടിയിൽ പങ്കെടുത്തു. പുതിയ നയതന്ത്രനീക്കമെന്ന നിലയിൽ ഉച്ചകോടി വിജയിച്ചുവെന്നാണ് വിലയിരുത്തൽ.
യു.എസ് യുദ്ധക്കപ്പലുകളിൽ ഭക്ഷ്യക്ഷാമം?
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ നങ്കൂരമിട്ട യു.എസ് യുദ്ധക്കപ്പലുകളിൽ ആവശ്യത്തിന് ഭക്ഷണമില്ലെന്ന് റിപ്പോർട്ട്. ഗുണനിലവാരമില്ലാത്തതും പിരിമതവുമായ ഭക്ഷണമാണ് ഇറാനെ വളഞ്ഞിരിക്കുന്ന യു.എസ് യുദ്ധക്കപ്പലിലെ ജീവനക്കാർക്ക് നൽകുന്നതെന്ന് ബന്ധുക്കളെ ഉദ്ധരിച്ച് യു.എസ് ടുഡേ റിപ്പോർട്ട് ചെയ്തു.
യു.എസ്.എസ് ട്രിപ്പോളി, യു.എസ്.എസ് എബ്രഹാം ലിങ്കൺ എന്നീ നാവികസേന കപ്പലുകളിലെ സൈനികർ പങ്കുവെച്ച ചിത്രങ്ങളടക്കം ഉൾപ്പെടുത്തിയാണ് റിേപ്പാർട്ട്. പങ്കുവെക്കപ്പെട്ട ചിത്രങ്ങളിൽ കുറഞ്ഞ അവളിൽ മാത്രമാണ് ഭക്ഷണമുള്ളത്. ‘അവശ്യത്തിനുപോലും ലഭിക്കുന്നില്ല, കിട്ടുന്നതാകട്ടെ, രുചിയില്ലാത്തതും. മിക്കപ്പോഴും അവർ പട്ടിണിയിലാണ്…’’- യു.എസ്.എസ് എബ്രഹാം ലിങ്കണിൽ ജോലി ചെയ്യുന്ന സൈനികന്റെ ബന്ധുവിന്റെ വാക്കുകൾ. കപ്പലിൽ ഉണ്ടായ കോഫി മെഷീൻ തകരാറിലായെന്നും പറയുന്നു. രണ്ട് കപ്പലുകളിലായി നാവികരും മറീനുകളുമായി 3500പരം ആളുകൾ ഉണ്ടെന്നാണ് കണക്ക്.



