അന്തർദേശീയം

മെക്‌സിക്കോ സിറ്റി ഭൂമിക്കടിയിലേക്ക് താഴ്ന്നുകൊണ്ടിരിക്കുന്നതായി നിസാര്‍ ഉപഗ്രഹത്തിൻറെ കണ്ടെത്തല്‍

മെക്‌സിക്കോ സിറ്റി : ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ മെക്‌സിക്കോ സിറ്റി ഭൂമിക്കടിയിലേക്ക് താഴ്ന്നുകൊണ്ടിരിക്കുന്നതായി കണ്ടെത്തല്‍. നാസയുടെയും ഐഎസ്ആര്‍ഒയുടെയും സംയുക്ത സംരംഭമായ നിസാര്‍ ഉപഗ്രഹമാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. റിപ്പോര്‍ട്ടനുസരിച്ച് ലോകത്തെ ഏറ്റവും വേഗത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന തലസ്ഥാന നഗരമായി മാറിയിരിക്കുകയാണ് മെക്‌സിക്കോ സിറ്റി.

വര്‍ഷത്തില്‍ ഏകദേശം 25 സെന്റീമീറ്റര്‍ വരെയാണ് മെക്‌സിക്കോയുടെ താഴ്ച. അതായത് ഓരോ മാസവും രണ്ടു സെന്റീമീറ്ററോളം ഭൂമിക്കടിയിലേക്ക് താഴുകയാണ്. ഇതു ജനങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്തുന്നുണ്ട്.

പുരാതന തടാകത്തിന്റെ അടിത്തട്ടില്‍ നിര്‍മിച്ച നഗരമായതിനാല്‍, ഇവിടത്തെ നിലം സ്വാഭാവികമായും മൃദുവാണ്. നഗരത്തിലെ കുടിവെള്ള ആവശ്യങ്ങള്‍ക്കുവേണ്ടി ഭൂഗര്‍ഭ ജലം അമിതമായി പമ്പ് ചെയ്യുന്നത് നിലത്തെ കൂടുതല്‍ ദുര്‍ബലമാക്കുന്നു. ഇതുവഴി മണ്ണ് ചുരുങ്ങി ഭൂമി പതുക്കെ താഴ്ന്നുകൊണ്ടിരിക്കുകയാണ്.

ലക്ഷക്കണക്കിനു കെട്ടിടങ്ങളും കോടിക്കണക്കിനു മനുഷ്യരും താമസിക്കുന്ന മെട്രോ നഗരത്തിന് വരാനിരിക്കുന്ന വലിയൊരു ദുരന്തത്തിന്റെ മുന്നറിയിപ്പുകൂടെയാണ് നിസാറിന്റെ പഠനം. 1920 കളില്‍ തന്നെ ഇത്തരം മാറ്റം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയിലാണ് അതിന്റെ വേഗതയില്‍ ഇത്ര വര്‍ധനവുണ്ടായിരിക്കുന്നത്.

ഭൂമി താഴുന്നതിന്റെ പ്രകടമായ തെളിവാണ് ‘ഏഞ്ചല്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ്’ എന്ന സ്മാരകം. അടിത്തറ പുറത്തുവരാതിരിക്കാന്‍ 1910 ല്‍ നിര്‍മിച്ച സ്മാരകത്തിനു ചുറ്റും 14 പടികളാണ് പുതുതായി നിര്‍മിച്ചിരിക്കുന്നത്.

മെക്‌സിക്കോ സിറ്റി നേരിടുന്ന നിലവിലെ പ്രതിസന്ധിയുടെ പ്രധാനകാരണം മണ്ണിന്റെ ഘടനയാണ്. കളിമണ്ണുനിറഞ്ഞ പ്രദേശത്തിനു ഭാരമേറിയ കെട്ടിടങ്ങളെ താങ്ങാനുള്ള ശേഷിയില്ല. 2.2 കോടി ജനസംഖ്യയുള്ള നഗരത്തിനാവശ്യമായ വെള്ളത്തിന്റെ 60 ശതമാനവുമെത്തിക്കുന്നത് ഭൂഗര്‍ഭ ജലസ്രോതസുകളിലൂടെയാണ്. ഇത് ഈര്‍പ്പം വര്‍ധിപ്പിക്കും. മണ്ണ് ദുർബലമാക്കും. ഒപ്പം ജനസംഖ്യയും വര്‍ധിക്കുന്നതോടെ ഭൂമിക്കുമേലുള്ള ഭാരം കൂടുകയും നഗരം താഴേക്കു പോവുകയും ചെയ്യും.

നഗരത്തിന്റെ താഴ്ചയുടെ പ്രത്യാഘാതങ്ങള്‍ ദൈനംദിന ജീവിതത്തെ ദുരിതത്തിലാക്കും. മെക്‌സിക്കോയില്‍ റോഡുകള്‍ പിളരുകയും ട്രെയിന്‍ പാളങ്ങള്‍ വളയുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്. കെട്ടിടങ്ങള്‍ ഒരു വശത്തേക്ക് ചരിഞ്ഞു തുടങ്ങുകയും ചെയ്തിരിക്കുന്നു. വിമാനങ്ങളുടെ ലാന്‍ഡിങ്ങിനെ വരെ ഇതു ബാധിച്ചേക്കും. വരും വര്‍ഷങ്ങളില്‍ കടുത്ത വരള്‍ച്ചയും പ്രവചിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button