ഗുരുതരമായ മസ്തിഷ്‌കാഘാതത്തിന് കാരണമാക്കുന്നു; കാലിഫോർണിയയിലെ തീം പാർക്കിലെ അതിവേഗ റോളർ കോസ്റ്റർ റൈഡ് പരാതി

കാലിഫോർണിയ : പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കാലിഫോർണിയയിലെ തീം പാർക്കിലെ അതിവേഗ റോളർ കോസ്റ്റർ റൈഡ് ഗുരുതരമായ മസ്തിഷ്‌കാഘാതത്തിന് കാരണമായതായി പരാതി. വലൻസിയയിലെ ‘സിക്‌സ് ഫ്‌ളാഗ്‌സ് മാജിക് മൗണ്ടൻ’ തീം പാർക്കിനെതിരെയാണ് സന്ദർശകർ പരാതിയുമായി രംഗത്തെത്തിയത്. പാർക്കിലെ ‘എക്‌സ് 2’ എന്ന റോളർ കോസ്റ്ററിൽ കയറിയ നൂറിലധികം ആളുകൾക്ക് സമാനമായ രീതിയിൽ മസ്തിഷ്‌ക ക്ഷതമുണ്ടായതായി പരാതിക്കാരുടെ അഭിഭാഷകർ ആരോപിച്ചു. അപകട സാധ്യതകൾ ചൂണ്ടിക്കാണിക്കപ്പെട്ടതിനെത്തുടർന്ന് ജൂലൈ 12 മുതൽ ഈ റോളർ കോസ്റ്ററിന്റെ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്.
റോളർ കോസ്റ്റർ സവാരിക്ക് ശേഷം തലച്ചോറിൽ രക്തസ്രാവമുണ്ടാവുകയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയരാവുകയും ചെയ്ത സംഭവങ്ങൾ അടക്കമാണ് നിയമനടപടിക്ക് ആധാരം. റൈഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ഉടൻ കുഴഞ്ഞുവീണ പമേല ഗില്ലെൻ എന്ന യുവതിക്ക് തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടി വന്നതായി റിപ്പോർട്ടുണ്ട്. മറ്റൊരു സന്ദർശകയായ നവോമി ഗ്രീർ-വിൽക്കിൻസണും സവാരിക്ക് പിന്നാലെ ഗുരുതരമായ മസ്തിഷ്‌ക ക്ഷതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി.
അപകടങ്ങൾക്ക് പിന്നിലെന്ത്?
ശരീരത്തിൽ വൻതോതിൽ ആയാസമുണ്ടാക്കുന്ന വിധത്തിലാണ് അതിവേഗ റോളർ കോസ്റ്ററുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിവേഗത്തിൽ മുന്നോട്ട് കുതിക്കൽ, പെട്ടെന്ന് വേഗത കുറയ്ക്കൽ, ദിശ പെട്ടെന്ന് മാറൽ എന്നിവ തലയ്ക്കും കഴുത്തിനും നട്ടെല്ലിനും കടുത്ത ആഘാതമുണ്ടാക്കാം. ഇത്തരം റൈഡുകൾ മൂലമുണ്ടാകുന്ന ന്യൂറോളജിക്കൽ തകരാറുകൾ താരതമ്യേന കുറവാണെങ്കിലും തലച്ചോറിന് ചുറ്റുമുള്ള രക്തസ്രാവം, തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന രക്തക്കുഴലുകൾക്കുണ്ടാകുന്ന കേടുപാടുകൾ എന്നിവ മുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സിക്‌സ് ഫ്‌ളാഗ്‌സിലെ ‘എക്‌സ് 2’ റോളർ കോസ്റ്ററിലെ സീറ്റുകൾ 360 ഡിഗ്രിയിൽ കറങ്ങുന്ന തരത്തിലുള്ളവയാണ്. ഉയരത്തിൽ നിന്ന് അതിവേഗത്തിൽ താഴേക്ക് പതിക്കുമ്പോഴും വളവുകൾ തിരിയുമ്പോഴും സീറ്റുകൾ കറങ്ങുന്നത് തലയുടെ അനിയന്ത്രിതമായ ചലനത്തിന് വഴിവെക്കുന്നു. ശരീരം സീറ്റിൽ ഉറപ്പിച്ചിരിക്കുമ്പോൾ പെട്ടെന്നുള്ള ദിശാമാറ്റത്തിൽ തല അനിയന്ത്രിതമായി ആടുന്നത് കഴുത്തിനും ഞരമ്പുകൾക്കും ക്ഷതമേൽപ്പിക്കാം.
ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ
തലച്ചോറിനുള്ളിലോ ചുറ്റുമോ ഉണ്ടാകുന്ന രക്തസ്രാവം, കടുത്ത തലവേദന, ഛർദ്ദി, അവ്യക്തമായ സംസാരം, കാഴ്ചക്കുറവ്, ഓർമക്കുറവ്, അബോധാവസ്ഥ, അപസ്മാരം എന്നിവയിലേക്ക് നയിക്കാം. അപൂർവമായി അതിവേഗത്തിലുള്ള ഞെട്ടലുകൾ കഴുത്തിലെ രക്തക്കുഴലുകളിൽ വിള്ളലുണ്ടാക്കാനും ഇത് രക്തം കട്ടപിടിച്ച് പക്ഷാഘാതത്തിന് കാരണമാകാനും സാധ്യതയുണ്ട്. കൂടാതെ നട്ടെല്ലിനും ഡിസ്‌കിനും തകരാറുകൾ സംഭവിക്കാമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
ഹൃദ്രോഗം, രക്തക്കുഴലുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, മുൻകാല ന്യൂറോളജിക്കൽ തകരാറുകൾ, നട്ടെല്ല് സംബന്ധമായ അസുഖങ്ങൾ എന്നിവയുള്ളവരും അടുത്ത കാലത്ത് ശസ്ത്രക്രിയ കഴിഞ്ഞവരും ഇത്തരം കടുത്ത റൈഡുകളിൽ കയറുന്നതിന് മുമ്പ് മുൻകരുതൽ നടപടികൾ സ്വീകരിക്കണം. തീം പാർക്കുകൾ നിർദേശിക്കുന്ന ആരോഗ്യ നിർദേശങ്ങളും പ്രായ-ഉയര പരിധികളും പാലിക്കേണ്ടതുണ്ട്. റോളർ കോസ്റ്റർ സവാരിക്ക് ശേഷം വിട്ടുമാറാത്ത തലവേദനയോ തലകറക്കമോ ഛർദ്ദിയോ അനുഭവപ്പെട്ടാൽ അത് സാധാരണ പാർശ്വഫലമായി തള്ളിക്കളയാതെ ഉടൻ വിദഗ്ധ ചികിത്സ തേടണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.



