മാൾട്ടാ വാർത്തകൾ
സ്വീഖിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; ഇറ്റാലിയൻ സ്വദേശിക്ക് ഗുരുതര പരിക്ക്

സ്വീഖിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 40കാരന് ഗുരുതരമായി പരിക്കേറ്റു. സെന്റ് പോൾസ് ബേയിൽ താമസിക്കുന്ന ഇറ്റാലിയൻ സ്വദേശിയാണ് അപകടത്തിൽപ്പെട്ടത്.
വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ ട്രിക് സാന്ത് ആൻഡ്രിയയിലായിരുന്നു അപകടം. സുസുക്കി മോട്ടോർസൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ഇയാൾക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടർന്ന് ബൈക്ക് മറിയുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ്, പരിക്കേറ്റയാൾക്ക് വൈദ്യസഹായം ലഭ്യമാക്കി. തുടർന്ന് ആംബുലൻസിൽ മാതർ ഡെയ് ആശുപത്രിയിലെത്തിച്ച ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റതായി സ്ഥിരീകരിച്ചു.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.



