ലെബനനിൽ യേശുക്രിസ്തുവിന്റെ പ്രതിമ തകർത്ത് ഇസ്രായേൽ സൈനികൻ

ബെയ്‌റൂത്ത് : ദക്ഷിണ ലെബനനിലെ ക്രിസ്ത്യൻ ഭൂരിപക്ഷ ഗ്രാമത്തിൽ യേശുക്രിസ്തുവിന്റെ പ്രതിമ തകർത്ത് ഇസ്രായേൽ പട്ടാളം. പ്രതിമ അടിച്ചുതകർക്കുന്ന ഇസ്രായേൽ സൈനികന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഫലസ്തീൻ മാധ്യമപ്രവർത്തകനായ യൂനിസ് തിരവിയാണ് എക്‌സ് അക്കൗണ്ടിലൂടെ ഈ ചിത്രം പുറത്തുവിട്ടത്. സംഭവം വിവാദമായതോടെ, ചിത്രം യഥാർഥമാണെന്നും തങ്ങളുടെ സൈനികനാണ് ഇതിന് പിന്നിലെന്നും ഇസ്രായേൽ പ്രതിരോധ സേന ഔദ്യോഗികമായി സ്ഥിരീകരിച്ചു.
പ്രതിമ തകർക്കുന്നതിന് മുമ്പുള്ള ചിത്രവും തകർത്ത ശേഷമുള്ള ചിത്രവും തിരവി പങ്കുവെച്ചിട്ടുണ്ട്. ”പിതാവേ, ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർ അറിയുന്നില്ല; ഇവരോട് ക്ഷമിക്കണമേ” എന്ന ബൈബിൾ വാചകത്തോടെയാണ് ഈ ചിത്രം പ്രചരിക്കുന്നത്. മതചിഹ്നങ്ങളെ അവഹേളിക്കുന്ന സൈനികന്റെ നടപടിക്കെതിരെ ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾ കടുത്ത ഭാഷയിൽ പ്രതികരിച്ചു. ഇത് തികച്ചും അനാദരവാണെന്നും മനുഷ്യത്വരഹിതമാണെന്നും പലരും കുറിച്ചു.
തുടക്കത്തിൽ ചിത്രത്തിന്റെ ആധികാരികത പരിശോധിക്കുകയാണെന്ന് പറഞ്ഞ ഐഡിഎഫ് വക്താവ് ലെഫ്റ്റനൻറ് കേണൽ നദവ് ഷോഷാനി, പിന്നീട് ചിത്രം സത്യമാണെന്ന് സമ്മതിച്ചു. സൈനികന്റെ നടപടി ഇസ്രായേൽ സൈന്യത്തിൻറെ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും അതീവ ഗൗരവത്തോടെയാണ് ഇതിനെ കാണുന്നതെന്നും ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ നോർത്തേൺ കമാൻഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



