ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് സ്ഥിരമായ ടോൾ ഏർപ്പെടുത്താൻ ഒമാനുമായി ചർച്ച നടത്തി ഇറാൻ

ടെഹ്റാൻ : ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര കപ്പൽപ്പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കത്തിന് സ്ഥിരമായ ടോൾ സംവിധാനം ഏർപ്പെടുത്താൻ ഒമാനുമായി ചർച്ച നടത്തി ഇറാൻ. കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനും നാവിഗേഷൻ നിയന്ത്രിക്കുന്നതിനും വലിയ ചിലവുകൾ വരുന്നുണ്ടെന്നും, അതിന്റെ ഭാഗമായാണ് ടോൾ ഈടാക്കാൻ ആലോചിക്കുന്നതെന്നും ഫ്രാൻസിലെ ഇറാനിയൻ അംബാസഡർ മുഹമ്മദ് അമീൻ നെജാദ് വ്യക്തമാക്കി. ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
എന്നാൽ ഇറാന്റെ ഈ നീക്കത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പൂർണമായും തള്ളിക്കളഞ്ഞു. ഹോർമുസ് കടലിടുക്ക് എല്ലായ്പോഴും സ്വതന്ത്രവും തുറന്നതുമായിരിക്കണമെന്നും ടോൾ സംവിധാനം അനുവദിക്കില്ലെന്നും വൈറ്റ് ഹൗസിൽ ട്രംപ് വാർത്താലേഖകരോട് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിൽ ഉണ്ടായ യുഎസ്-ഇസ്രായേൽ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ ഇറാൻ ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം തടസ്സപ്പെടുത്തിയിരുന്നു. തുടർന്ന് ഏപ്രിൽ 13 മുതൽ യുഎസ് നാവികസേന ഇറാനിയൻ തുറമുഖങ്ങൾ ഉപരോധിച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുതിച്ചുയരുകയും ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുകയും ചെയ്തു.
അതേസമയം, ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം പൂർണമായി തടസ്സപ്പെട്ടിട്ടില്ലെന്നും കഴിഞ്ഞ ദിവസങ്ങളിൽ വിപ്ലവ ഗാർഡിന്റെ സഹായത്തോടെ 26 ടാങ്കറുകൾ കടന്നുപോയതായും ഇറാൻ അവകാശപ്പെട്ടു. യുദ്ധം അവസാനിച്ചാലും ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം കൈവിടില്ലെന്ന സൂചനയാണ് ഇറാൻ നൽകുന്നത്. എന്നാൽ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു കപ്പൽപ്പാതയെ ഒരു രാജ്യം മാത്രം ഇത്തരത്തിൽ ബന്ദിയാക്കുന്നത് അപകടകരമായ കീഴ്‌വഴക്കമാണെന്ന് യുഎഇയിലെ പ്രമുഖ എണ്ണക്കമ്പനി മേധാവി സുൽത്താൻ അൽ ജാബർ മുന്നറിയിപ്പ് നൽകി. നിലവിൽ പാകിസ്ഥാൻ മുഖേന ഇറാനും അമേരിക്കയും തമ്മിൽ സമാധാന ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഹോർമുസ് കടലിടുക്കിലെ ടോൾ തർക്കം ചർച്ചകളെ കൂടുതൽ സങ്കീർണമാക്കുകയാണ്.



