വിനോദയാത്രക്കിടെ ജപ്പാനിൽ മോഷണം നടത്തിയ ഇന്ത്യൻ വനിത പിടിയിൽ

ടോക്കിയോ : ജപ്പാനിൽ വിനോദയാത്രക്കെത്തിയ ഇന്ത്യൻ വനിത മോഷണത്തിനിടെ പിടിയിൽ. ജപ്പാനിലെ ഉപഹാര വിപണിയിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്നതിനിടെയാണ് പിടിയിലായതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇൻവെസ്റ്റ്മെന്റ് അഡ്വൈസറായ മുത്തുക്യഷ്ണൻ ദണ്ഡപാണി എന്നയാൾ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഈ സംഭവം പുറത്തറിഞ്ഞത്. പിടിക്കപ്പെട്ടതിന് പിന്നാലെ ഇവർ കടയുടമക്കും പിന്നീട് പൊലീസിനും പണം നൽകി പ്രശ്നം ഒതുക്കിതീർക്കാൻ ശ്രമിച്ചതായും അദ്ദേഹം പറയുന്നു.
തങ്ങൾ പങ്കെടുത്ത ഗ്രൂപ്പ് ടൂറിന്റെ തുടക്കം മുതൽ തന്നെ ഈ സ്ത്രീ ആരുമറിയാതെ സാധനങ്ങൾ മോഷ്ടിക്കുന്നുണ്ടായിരുന്നുവെന്നും എന്നാൽ കൂടെയുണ്ടായിരുന്ന മറ്റാർക്കും ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല എന്നും ദണ്ഡപാണി തന്റെ പോസ്റ്റിൽ കുറിച്ചു. ഒരു ടൂറിസ്റ്റ് സോവനീർ ഷോപ്പിൽ വെച്ച് ഇവർ വീണ്ടും മോഷ്ടിക്കാൻ ശ്രമിച്ചപ്പോഴാണ് ഇവർ കൈയോടെ പിടിക്കപ്പെട്ടത്. പിടിക്കപ്പെട്ട ഉടൻ തന്നെ ഇവർ സാധനങ്ങളുടെ പണം നൽകാമെന്ന് ഏൽക്കുകയായിരുന്നു.
എന്നാൽ പരസ്പര വിശ്വാസത്തിന് ഏറെ വിലനൽകുന്ന ഒരു സമൂഹമാണ് ജപ്പാനെന്നും അവിടെ മോഷണങ്ങൾ വളരെ അപൂർവ്വമാണെന്നും വ്യക്തമാക്കിക്കൊണ്ട് കടയുടമ പണം വാങ്ങാൻ വിസമ്മതിച്ചു. ഇന്ത്യയോടും ഇന്ത്യൻ ജനതയോടും തനിക്ക് വലിയ ബഹുമാനമാണുള്ളതെന്നും എന്നാൽ മോഷണം നടത്തിയതിനേക്കാൾ ഉപരിയായി പിടിക്കപ്പെട്ടതിന് ശേഷം പണം നൽകി അത് ഒതുക്കാൻ ശ്രമിച്ച സ്ത്രീയുടെ പ്രവൃത്തിയാണ് തന്നെ കൂടുതൽ വിഷമിപ്പിച്ചതെന്നും കടയുടമ പറഞ്ഞു.
കടയുടമ വിവരം അറിയിച്ചതിനെ തുടർന്ന് ജാപ്പനീസ് പൊലീസ് സ്ഥലത്തെത്തുകയും ടൂർ മാനേജർ ഈ സ്ത്രീയോടൊപ്പം പൊലീസ് സ്റ്റേഷനിലേക്ക് പോവുകയും ചെയ്തു. പൊലീസ് സ്റ്റേഷനിൽ വെച്ചും ഇവർ പോലീസുകാർക്ക് പണം നൽകി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ജാപ്പനീസ് പൊലീസ് അതിന് വഴങ്ങിയില്ല. ജപ്പാനിലെ നിയമപ്രകാരം മോഷണം എത്രത്തോളം ഗുരുതരമായ കുറ്റമാണെന്നും ഇതിന് ജയിൽ ശിക്ഷ വരെ ലഭിക്കാമെന്നും അവർ സ്ത്രീയെ ബോധ്യപ്പെടുത്തി. എങ്കിലും അവർ ഒരു ഇന്ത്യക്കാരിയായതിനാലും ഇന്ത്യയോടുള്ള പ്രത്യേക ബഹുമാനം മുൻനിർത്തിയും ഇവരെ പിന്നീട് വിട്ടയക്കുകയായിരുന്നു.



