അന്തർദേശീയം
യുഎസിൽ ഇന്ത്യക്കാരന് നേരെ ആക്രമണം; 15 തവണ കുത്തി

വാഷിങ്ടൺ ഡിസി : അമേരിക്കയിൽ ഇന്ത്യക്കാരനു നേർക്ക് വംശീയ അധിക്ഷേപവും ആക്രമണവും. അമേരിക്കയിലെ യൂട്ടായിലെ ഒരു മാളിൽ വച്ചാണ് സൊഹൈൽ എന്ന യുവാവിനെ 15 തവണ കുത്തി പരുക്കേൽപ്പിച്ചത്. സംഭവത്തിൽ 48 കാരനായ പീറ്റർ മൈക്കൽ ലാർസനെന്ന അമേരിക്കൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ഇരയായ സൊഹൈൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ചികിത്സയ്ക്കായി ‘ഗോ ഫണ്ട് മീ’ ധനസമാഹരണം തുടങ്ങിയിട്ടുണ്ട്.
മാളില്‍ ഒരു പ്രമുഖ ജ്വല്ലറി ബ്രാൻഡിന്റെ ഷോറൂമിൽ ജോലിചെയ്യുകയാണ് സൊഹൈൽ. ഒരു കുപ്പി വെള്ളം തരാമോ എന്ന് ആവശ്യപ്പെട്ടാണ് അക്രമി സൊഹൈലിനെ സമീപിച്ചത്. എന്നാൽ വെള്ളം എടുക്കാൻ ശ്രമിക്കവെ സൊഹൈലിനോട് മതം എതാണ്? എവിടെ നിന്നാണ് വരുന്നത് ? എന്നൊക്കെ തിരക്കിയതിനു ശേഷമാണ് കത്തികൊണ്ടു കുത്തി പരുക്കേൽപ്പിച്ചത്.



