അന്തർദേശീയം

ഡ്രോണുകൾ നിർമ്മിക്കുന്നതിനായി റഷ്യ ഉത്തര കൊറിയൻ തൊഴിലാളികളെ ഉപയോഗപ്പെടുത്തുന്നതായി റിപ്പോർട്ട്

മോസ്കോ : യുക്രെയ്നെതിരായ യുദ്ധത്തിൽ ഉപയോഗിക്കുന്ന സൈനിക ഡ്രോണുകൾ നിർമ്മിക്കുന്നതിനായി റഷ്യ ഉത്തര കൊറിയൻ തൊഴിലാളികളെ വ്യാപകമായി ഉപയോഗപ്പെടുത്തുന്നതായി അന്താരാഷ്ട്ര റിപ്പോർട്ട്. അമേരിക്കയും സഖ്യരാജ്യങ്ങളും ഉൾപ്പെടുന്ന മൾട്ടിലാറ്ററൽ സാങ്ഷൻസ് മോണിറ്ററിങ് ടീം പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

റഷ്യയിലെ തതാർസ്താനിലുള്ള അലാബുഗ ഉൾപ്പെടെയുള്ള ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങളിൽ 25,000-ത്തോളം ഉത്തര കൊറിയക്കാർ ജോലി ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ തൊഴിലാളികളിലൂടെ ലഭിക്കുന്ന വരുമാനം ഉത്തര കൊറിയൻ ഭരണകൂടം തങ്ങളുടെ ആയുധ നിർമ്മാണ പദ്ധതികൾക്കാണ് ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷം വിദേശത്ത് ജോലി ചെയ്യുന്ന ഉത്തര കൊറിയൻ തൊഴിലാളികളിലൂടെ കിം ജോങ് ഉൻ ഭരണകൂടം ഏകദേശം 800 ദശലക്ഷം ഡോളർ സമ്പാദിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. യുഎൻ രക്ഷാസമിതിയുടെ പ്രമേയങ്ങൾ ലംഘിച്ച് ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾക്ക് തുക സ്വരൂപിക്കാൻ ഇത് സഹായകമായി. ആയുധങ്ങളും സൈനികരും നൽകുന്നതിന് പുറമെ തൊഴിലാളികളെയും വ്യവസായ ഉൽപ്പാദനത്തെയും പങ്കുവെക്കുന്നതിലേക്ക് റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള സൈനിക ബന്ധം വളർന്നിരിക്കുകയാണ്.

ഉപരോധങ്ങൾ മറികടക്കാൻ സ്റ്റുഡന്റ് വിസയുടെ മറവിലാണ് ഉത്തര കൊറിയൻ തൊഴിലാളികൾ റഷ്യയിലെത്തുന്നത്. ഒരു തൊഴിലാളി വർഷത്തിൽ ശരാശരി 7,500 ഡോളർ വേതനമായി നേടുന്നുണ്ടെങ്കിലും ഇതിൽ ഭൂരിഭാഗവും കിം ഭരണകൂടം കണ്ടുകെട്ടുകയാണ് ചെയ്യുന്നത്. ചില സന്ദർഭങ്ങളിൽ അവർ നേടുന്ന യഥാർത്ഥ വരുമാനത്തേക്കാൾ കൂടുതൽ തുക പിടിച്ചെടുക്കാറുമുണ്ട്.

തൊഴിലാളികൾ രാജ്യം വിട്ടുപോകുന്നത് തടയാൻ അവരുടെ നീക്കങ്ങളിലും ഇടപെടലുകളിലും ഉത്തര കൊറിയൻ അധികൃതർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യം വിടുന്നവരുടെ കുടുംബാംഗങ്ങൾ പ്രതികാര നടപടികൾ നേരിടേണ്ടി വരുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. റഷ്യയിൽ 15,000 മുതൽ 30,000 വരെയും ചൈനയിൽ 20,000 മുതൽ 70,000 വരെയും ഉത്തര കൊറിയൻ തൊഴിലാളികൾ നിലവിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button