ടെക്സാസിൽ മൂന്ന് പേരെ കൊന്ന കേസിൽ പ്രതിയുടെ വധശിക്ഷ നടപ്പിലാക്കി
ഓസ്റ്റിൻ : ടെക്സാസിൽ കൊലപാതക കേസിൽ ഒരാളെ വധശിക്ഷയ്ക്ക് വിധേയനാക്കി. 40-കാരനായ ലെജെയിംസ് നോർമൻ എന്നയാളെയാണ് വധ ശിക്ഷയ്ക്ക് വിധേയനാക്കിയത്. ഹണ്ട്സ്‌വില്ലെയിലെ സംസ്ഥാന ജയിലിൽ വെച്ച് ബുധനാഴ്ച മാരകമായ വിഷം കുത്തിവെച്ചാണ് ശിക്ഷ നടപ്പാക്കിയത്. ഈ വർഷം ടെക്സാസിൽ നടപ്പാക്കുന്ന അഞ്ചാമത്തെ വധശിക്ഷയാണിത്.
2005-ൽ ടെക്സാസിലെ ഒരു ഗ്രാമത്തിൽ അയൽവാസിയുടെ വീട്ടിൽ നടന്ന കൊള്ളശ്രമത്തിനിടെ മൂന്ന് പേരെവെടിവെച്ചു കൊന്നു എന്നതാണ് കേസ്. ഹ്യൂസ്റ്റണിൽ നിന്ന് തെക്കുപടിഞ്ഞാറായി ഏകദേശം 100 മൈൽ അകലെയുള്ള എഡ്നയിൽ താമസിച്ചിരുന്ന സാമുവൽ റോബർട്ട്സ് (24), ടിഫാനി പീക്കോക്ക് (18), സെൽസോ ലോപ്പസ് (38) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇതേ കേസിൽ കെർസീൻ റാമി എന്നയാളും കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നു. ഇയാളുടെ വധശിക്ഷ അടുത്ത ആഴ്ച നടപ്പാക്കാൻ നിശ്ചയിച്ചിട്ടുണ്ട്. അയൽവീട്ടിൽ കൊക്കെയ്ൻ ഉണ്ടെന്ന് വിശ്വസിച്ച് നോർമനും റാമിയും അത് മോഷ്ടിക്കാൻ ശ്രമിക്കുമ്പോഴാണ് മൂന്ന് പേരെ വെടിവച്ചുകൊന്നത്.
കൊലപാതകം നടന്ന് അഞ്ച് മാസത്തിന് ശേഷം മെക്സിക്കോയിൽ നിന്ന് യുഎസിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ് നോർമൻ അറസ്റ്റിലായത്. കൊലപാതകകുറ്റം നോർമൻ സമ്മതിച്ചതോടെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.



