കടുത്ത ചൂട് : ഉച്ചയ്ക്ക് 1 മുതൽ 4 വരെ വിനോദസഞ്ചാര മേഖലയിലെ കുതിരവണ്ടി സർവീസുകൾക്ക് വിലക്ക്

വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന കുതിരവണ്ടികളിലെ കുതിരകളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി പുതിയ നിയന്ത്രണങ്ങളുമായി സർക്കാർ. ജൂലൈ മുതൽ ഓഗസ്റ്റ് അവസാനവരെ എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മണി മുതൽ വൈകിട്ട് 4 മണിവരെ കുതിരവണ്ടികളിൽ യാത്രക്കാരെ കയറ്റി സർവീസ് നടത്തുന്നത് നിരോധിച്ചിരിക്കുകയാണ്.
മൃഗങ്ങളുടെ ആരോഗ്യവും ക്ഷേമവുമാണ് സർക്കാരിന്റെ പ്രധാന പരിഗണനയെന്ന് അറിയിച്ച പാർലമെന്ററി സെക്രട്ടറി അലീഷ്യ ബുഗേജ സയ്ദ് വ്യക്തമാക്കി. അതിശക്തമായ ഉച്ചവെയിലിൽ കുതിരകൾക്ക് അമിതമായ ശാരീരിക ബുദ്ധിമുട്ട് ഉണ്ടാകുന്നത് ഒഴിവാക്കാനാണ് ഈ നടപടിയെന്നും അവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
മാൾട്ട ഉൾപ്പെടെ യൂറോപ്പിലെ നിരവധി രാജ്യങ്ങൾ നിലവിൽ കടുത്ത വേനൽച്ചൂട് നേരിടുകയാണ്. ഈ സാഹചര്യത്തിൽ ടൂറിസ്റ്റ് കുതിരവണ്ടികൾ വലിക്കുന്ന കുതിരകളെ സംരക്ഷിക്കുന്നതിനുള്ള ചട്ടങ്ങൾ സർക്കാർ കർശനമായി നടപ്പാക്കിത്തുടങ്ങി.
ക്യാരേജുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പ്രകാരം ജൂലൈ 1 മുതൽ ഓഗസ്റ്റ് അവസാനവരെ ഉച്ചയ്ക്ക് 1 മുതൽ 4 വരെ ഒരു കുതിരവണ്ടിക്കും റോഡിൽ സർവീസ് നടത്താൻ അനുമതിയില്ല.
നിയമലംഘനം നടത്തുന്ന വണ്ടിക്കാരെ തടയാനും കുതിരയെയും വണ്ടിയെയും റോഡിൽ നിന്ന് മാറ്റാനും മൃഗക്ഷേമ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്.
പുതിയ ചട്ടങ്ങൾ പ്രകാരം ഒരു കുതിരവണ്ടിയിൽ വണ്ടിക്കാരൻ ഉൾപ്പെടെ പരമാവധി അഞ്ച് പേർക്ക് മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ. കൂടാതെ ഓരോ യാത്രയും 45 മിനിറ്റിൽ കൂടുതൽ ദൈർഘ്യമുള്ളതാകരുത്.
അതേസമയം, ഒരു കുതിരയെ തുടർച്ചയായി എല്ലാ ദിവസവും ഉപയോഗിക്കാൻ പാടില്ലെന്നും ഒരു ദിവസം ജോലി ചെയ്താൽ അടുത്ത ദിവസം വിശ്രമം നൽകണമെന്നും ചട്ടത്തിൽ നിർദേശിക്കുന്നു. കുതിരകളുടെ ക്ഷീണവും സമ്മർദ്ദവും കുറയ്ക്കുന്നതിനാണ് ഈ വ്യവസ്ഥ.
ഓഗസ്റ്റ് അവസാനം വരെ ഈ നിയന്ത്രണങ്ങൾ തുടരുമെന്നും ഉച്ചതിരിഞ്ഞുള്ള കടുത്ത ചൂട് ഒഴികെയുള്ള സമയങ്ങളിൽ കുതിരവണ്ടി സർവീസുകൾ പതിവുപോലെ തുടരാനാകുമെന്നും അധികൃതർ അറിയിച്ചു.



