യൂറോപ്യൻ യൂണിയൻ വാർത്തകൾ

ഫ്രാൻസിൽ ഭീതിപടർത്തി കാട്ടുതീ

ലാൻകോൺ : യൂറോപ്പിലുണ്ടായ കടുത്ത ഉഷ്ണതരംഗത്തിന് പിന്നാലെ തെക്കൻ ഫ്രാൻസിലെ വിവിധ മേഖലകളിൽ വൻ കാട്ടുതീ പടരുന്നു. വരണ്ട കാലാവസ്ഥയ്ക്കൊപ്പം ശക്തമായ കാറ്റും വീശുന്നത് തീ വേഗത്തിൽ പടരാൻ കാരണമാകുന്നതായി അധികൃതർ വ്യക്തമാക്കി. മാർസെയിൽ തുറമുഖ നഗരത്തിന്റെ പടിഞ്ഞാറൻ അതിർത്തിയിലുണ്ടായ രണ്ട് തീപിടിത്തങ്ങൾ ഉൾപ്പെടെ മൂന്ന് പ്രധാന കാട്ടുതീകളിലായി ഇതുവരെ 1,210 ഹെക്ടർ പ്രദേശം കത്തിനശിച്ചതായി ആഭ്യന്തര മന്ത്രി ലോറന്റ് നുനെസ് അറിയിച്ചു.

ജൂൺ അവസാന വാരത്തിൽ പടിഞ്ഞാറൻ യൂറോപ്പിൽ രേഖപ്പെടുത്തിയ റെക്കോഡ് താപനിലയും അന്തരീക്ഷത്തിലെ കുറഞ്ഞ ആർദ്രതയും വരണ്ട സസ്യങ്ങളും കാട്ടുതീയുടെ സാധ്യത വർ ധിപ്പിക്കുമെന്ന് ലോക കാലാവസ്ഥാ സംഘടന കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.

സ്പെയിൻ അതിർത്തിയോട് ചേർന്നുള്ള ഓഡ് അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാർട്ട്മെന്റിലാണ് ഏറ്റവും ശക്തമായി കാട്ടുതീ പടരുന്നത്.

ഇവിടെ മാത്രം 900 ഹെക്ടറോളം പ്രദേശം കത്തിനശിച്ചു. ശക്തമായ കാറ്റ് കാരണം തീ നിയന്ത്രണവിധേയമാക്കാൻ ഇവിടെ എണ്ണൂറോളം അഗ്നിശമന സേനാംഗങ്ങൾ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. അതേസമയം, മാർസെയിൽ വിമാനത്താവളത്തിന് സമീപമുള്ള റോഗ്നാക്കിലെ ചെറിയ തീപിടിത്തം അണയ്ക്കാനും ലാൻകോൺ-പ്രോവൻസിലെ 260 ഹെക്ടറോളം വ്യാപിച്ച മറ്റൊരു തീപിടിത്തം നിയന്ത്രണവിധേയമാക്കാനും സാധിച്ചിട്ടുണ്ട്.

ഇവിടെ നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കാൻ നഗരത്തിന് സമീപമുള്ള വിനോദസഞ്ചാര കേന്ദ്രമായ ഫ്രേജസിൽ വനത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ബുധനാഴ്ച ആറ് ക്യാമ്പ് സൈറ്റുകളിൽ നിന്നായി രണ്ടായിരത്തിലധികം ആളുകളെ അടിയന്തരമായി ഒഴിപ്പിച്ചു.

അടുത്ത ആഴ്ച രാജ്യത്ത് വീണ്ടും കടുത്ത ഉഷ്ണതരംഗം ഉണ്ടായേക്കുമെന്ന് ഫ്രാൻസ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. നേരത്തെയുണ്ടായ ഉഷ്ണതരംഗത്തിലും റെക്കോഡ് ചൂടിലും രാജ്യത്ത് ആയിരത്തോളം പേർ മരണപ്പെട്ടിട്ടുണ്ടാകാമെന്നാണ് ആരോഗ്യ അധികൃതർ കണക്കാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button