നോർവിച്ച്- മാൾട്ട റയാൻഎയർ വിമാനം പക്ഷിയുമായി കൂട്ടിയിടിച്ച് ഈസ്റ്റ് മിഡ്‌ലാന്റ്സ് എയർപോർട്ടിൽ അടിയന്തര ലാൻഡിങ്

റയാൻ എയറിന്റെ വിമാനം ടേക്ക്-ഓഫിനിടെ പക്ഷിയിടിച്ചതിനെ തുടർന്ന് ഈസ്റ്റ് മിഡ്‌ലാന്റ്സ് എയർപോർട്ടിൽ അടിയന്തരമായി ഇറക്കി. നോർവിച്ച് വിമാനത്താവളത്തിലെ റൺവേ 27-ൽ നിന്ന് ചൊവ്വാഴ്ച രാവിലെ 8:30 ഓടെ മാൾട്ട അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട FR5883 എന്ന ബോയിംഗ് 737 MAX 8 (രജിസ്ട്രേഷൻ: 9H-VUV) വിമാനത്തിനാണ് പക്ഷിയിടിച്ചത്.
ടേക്ക്-ഓഫിന് തൊട്ടുപിന്നാലെ പക്ഷിയിടിച്ചതോടെ, വിമാനം 7,000 അടി ഉയരത്തിൽ വെച്ച് യാത്ര അവസാനിപ്പിക്കുകയും തുടർന്ന് നോർവിച്ചിന് സമീപം വിമാനം ഹോൾഡിംഗ് പാറ്റേണിൽ പ്രവേശിച്ചതായി ഗ്രൗണ്ട് റഡാർ ട്രാക്കിംഗ് വിവരങ്ങൾ വ്യക്തമാക്കുന്നു. തുടർന്ന് സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കുന്നതിനായി വിമാനം ഇതേ ഉയരത്തിൽ തുടർന്നു.
വിമാനം പുറപ്പെട്ട് ഏകദേശം 30 മിനിറ്റിനുള്ളിൽ, അടിയന്തര സാഹചര്യങ്ങൾ അറിയിക്കുന്നതിനുള്ള അന്താരാഷ്ട്ര കോഡായ ‘7700 സ്ക്വാക്ക്’ പൈലറ്റുമാർ എയർ ട്രാഫിക് കൺട്രോളിലേക്ക് സന്ദേശമായി അയച്ചു. ഇതിനെത്തുടർന്ന് എയർ ട്രാഫിക് കൺട്രോൾ വിമാനത്തിന് മുൻഗണനാ ലാൻഡിംഗ് അനുമതി നൽകുകയും വിമാനം ഈസ്റ്റ് മിഡ്‌ലാന്റ്സ് എയർപോർട്ടിലേക്ക് തിരിച്ചുവിടുകയും ചെയ്തു.
രാവിലെ 09:58-ഓടെ ഈസ്റ്റ് മിഡ്‌ലാന്റ്സിലെ റൺവേ 27-ൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതോടെ വൻ ദുരന്തം ഒഴിവായി.



