മാൾട്ടാ വാർത്തകൾ

പൗരത്വ അപേക്ഷകൾ നിരസിക്കപ്പെട്ടാൽ കോടതിയിൽ ചോദ്യം ചെയ്യാനുള്ള അവകാശം വേണം-പഠനം

മാൾട്ട ഗോൾഡൻ പാസ്പോർട്ട് സ്‌കീമിന്റെ മാതൃകയിൽ പൗരത്വ അപേക്ഷകളിൽ കൃത്യമായ ഗൈഡ് ലൈനുകൾ  ഉണ്ടാകണമെന്നും പഠനം ആവശ്യപ്പെടുന്നു

ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തെ അടിസ്ഥാനമാക്കിയുള്ള മാള്‍ട്ടയുടെ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് പഠനം. മാള്‍ട്ടീസ് പൗരത്വത്തിനുള്ള അപേക്ഷകളില്‍ നിരസിക്കപ്പെടുന്നവക്കായി കോടതിയെ സമീപിക്കണമെന്നാണ് പഠനം മാള്‍ട്ടയിലെ അഭിഭാഷക സമൂഹത്തോട് ആവശ്യപ്പെടുന്നത്. മാള്‍ട്ട ഗോള്‍ഡന്‍ പാസ്‌പോര്‍ട്ട് സ്‌കീമിന്റെ മാതൃകയില്‍ പൗരത്വ അപേക്ഷകളില്‍ കൃത്യമായ ഗൈഡ് ലൈനുകള്‍ ഉണ്ടാകണമെന്നും പഠനം ആവശ്യപ്പെടുന്നു. നിയമ പഠനത്തിന്റെ ഭാഗമായി മോണിക് അഗീയസ് തയ്യാറാക്കിയ പഠനത്തിലാണ് മാള്‍ട്ടീസ് പൗരത്വ നിയമത്തിലെ ഭേദഗതികളെ കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്നത്.

1948 ലെ ബ്രിട്ടീഷ് നാഷണാലിറ്റി ആക്ട് (ബി.എന്‍.എ) അടിസ്ഥാനമാക്കിയുള്ള പൗരത്വ നിയമാണ് നിലവില്‍ മാള്‍ട്ടയില്‍ ഉള്ളത്. ഇതുപ്രകാരംപൗരത്വ അപേക്ഷകളില്‍ അന്തിമ തീരുമാനം എടുക്കാനുള്ള അവകാശം ആഭ്യന്തര മന്ത്രിക്കാണ്. ഈ തീരുമാനം കോടതിയില്‍ അപ്പീല്‍ ചെയ്യാനോ പുനഃപരിശോധന നടത്താനോ കഴിയില്ല എന്നാണു പൊതു വ്യവസ്ഥ. എന്നാല്‍, മാള്‍ട്ടീസ് കോടതികള്‍ പൗരത്വ തീരുമാനങ്ങളെ ഭരണപരമായ നടപടികളായി കണക്കാക്കുന്നതിനാല്‍ അപേക്ഷകര്‍ക്ക് ജുഡീഷ്യല്‍ അവലോകനം ആവശ്യപ്പെടാന്‍ കഴിയും എന്നാണ് അഗീയസിന്റെ പക്ഷം. മാള്‍ട്ടീസ് നിയമം (ആര്‍ട്ടിക്കിള്‍ 469A) പ്രകാരം കോടതികള്‍ക്ക് ഭരണപരമായ നടപടികളുടെ സാധുത പരിശോധിക്കാനും അത്തരം നടപടി ഇല്ലാതാക്കാനോ അസാധുവാക്കാനോ അനുവാദമുണ്ടെന്നാണ് അഗീയസ് പറയുന്നത്.

ബ്രിട്ടീഷ് പൗരത്വ നിയമത്തെ അടിസ്ഥാനമാക്കി മാള്‍ട്ട നിര്‍മിച്ച പൗരത്വ നിയമ ബ്രിട്ടന്‍ നിയമങ്ങളില്‍ മാറ്റം വരുത്തിയിട്ടും തുടരുന്നതിലെ അസ്വാഭാവികതയും അഗീയസ് ചോദ്യം ചെയ്യുന്നുണ്ട്. അപ്പീല്‍ പോകാനുള്ള അവകാശം അടക്കം ബ്രിട്ടീഷ് പൗരത്വ നിയമത്തില്‍ നിലവില്‍ ഉള്ളപ്പോള്‍ മാള്‍ട്ട പഴയ നിയമത്തെ പിന്തുടരുകയാണ്. പത്തുവര്‍ഷത്തിലേറെ കാലം ഒരു രാജ്യത്ത് താമസിച്ചവര്‍ക്ക് പൗരത്വം നല്‍കണമെന്ന യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ നാഷണാലിറ്റി ഉടമ്പടിയില്‍ മുട്ട ഒപ്പുവെച്ചിട്ടും 20 വര്‍ഷമായി പൗരത്വം കാത്തുനില്‍ക്കേണ്ടി വരുന്ന കുടിയേറ്റക്കാര്‍ ഉണ്ടെന്നും അഗീയസ് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

മാള്‍ട്ടയെ നിക്ഷേപ സൗഹൃദമാക്കാനായി 2014 ല്‍ കൊണ്ടുവന്ന ഗോള്‍ഡന്‍ പാസ്‌പോര്‍ട്ട് സ്‌കീം പ്രകാരം 1532 പേര്‍ക്കാണ് കഴിഞ്ഞ വര്ഷം വരെ പൗരത്വം നല്‍കിയത്. അതിനെല്ലാം കൃത്യമായ മാനദണ്ഡങ്ങളും ഉണ്ട്. എന്നാല്‍, സാധാരണ വ്യക്തിയുടെ പൗരത്വ അപേക്ഷകളില്‍ ഈ മാനദണ്ഡങ്ങള്‍ ഒന്നും തന്നെയില്ല. എന്തുകൊണ്ട് പൗരത്വ അപേക്ഷകള്‍ നിരസിക്കപ്പെട്ടുവെന്നതിന്റെ വിശദീകരണം അപേക്ഷകര്‍ക്ക് നല്‍കാനും അത് കോടതിയില്‍ ചോദ്യം ചെയ്യാനുമുള്ള അവകാശം വേണമെന്നാണ് അഗീയസിന്റെ പഠനം ചൂണ്ടിക്കാട്ടുന്നത്. നേരത്തെ തന്നെ, മാള്‍ട്ടയില്‍ ജനിച്ച കുടിയേറ്റക്കാരുടെ മക്കള്‍ക്ക് പൗരത്വം നല്‍കണമെന്ന നിലപാട് പങ്കുവെക്കുന്ന വ്യക്തിയാണ് അഗീയസ് .

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button