തമോദ്രവ്യത്തെ തിരയുന്ന ശാസ്ത്രീയ വെല്ലുവിളിക്കായി തയ്യാറെടുത്ത് സേൺ

ജനീവ : ലോകത്തിലെ ഏറ്റവും വലിയ കണികാ പരീക്ഷണ കേന്ദ്രം അടുത്ത വലിയ ശാസ്ത്രീയ വെല്ലുവിളിക്കായി തയ്യാറെടുക്കുന്നു. പ്രപഞ്ചത്തിന്റെ വലിയൊരു ഭാഗം വരുന്ന, എന്നാൽ ഇതുവരെ നേരിട്ട് കണ്ടെത്താൻ കഴിയാത്ത അദൃശ്യ പദാർത്ഥമായ തമോഗ്രവ്യത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കുക എന്നതാണ് ആ ലക്ഷ്യം.ദൈവകണം എന്നറിയപ്പെടുന്ന ഹിഗ്സ് ബോസോണിന്റെ കണ്ടെത്തൽ 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്ത്ര നേട്ടങ്ങളിൽ ഒന്നായിരുന്നു. 2012 ൽ ജനീവയിലെ യൂറോപ്യൻ പാർട്ടിക്കിൾ ഫിസിക്സ് ലബോറട്ടറിയായ സേൺ ആണ് ഇത് പ്രഖ്യാപിച്ചത്. അടിസ്ഥാന കണങ്ങൾക്ക് എങ്ങനെ പിണ്ഡം (മാസ്) ലഭിക്കുന്നു എന്ന് വിശദീകരിക്കുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള സിദ്ധാന്തത്തെ ഇത് ശരിവെച്ചു. ഇതിലൂടെ പ്രപഞ്ചോല്പത്തിയുടെ അടിസ്ഥാനം വിശദീകരിക്കുന്ന സ്റ്റാൻഡേർഡ് മോഡൽ ഓഫ് ഫിസിക്സ് എന്ന ആശയത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്. എന്നാൽ സേണിനെ സംബന്ധിച്ചിടത്തോളം ആ കണ്ടെത്തൽ ഒരു തുടക്കമായിരുന്നു.
ഹിഗ്സ് ബോസോൺ ഇപ്പോഴും ശാസ്ത്രലോകത്തിന് വലിയൊരു കൗതുകമാണെന്ന് സേൺ ഡയറക്ടർ ജനറൽ ഡോക്ടർ മാർക്ക് തോംസൺ പറഞ്ഞു. പ്രകൃതിയിൽ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തികച്ചും വ്യത്യസ്തമായ ഒന്നാണ് ഹിഗ്സ് ബോസോൺ. ഇതിന്റെ സവിശേഷതകൾ വളരെ വിചിത്രമാണെന്നും കൂടുതൽ ആഴത്തിൽ മനസിലാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്വിറ്റ്സർലൻഡ്-ഫ്രാൻസ് അതിർത്തിയിൽ ഭൂമിക്കടിയിൽ 100 മീറ്റർ താഴ്ചയിലുള്ള 27 കിലോമീറ്റർ നീളമുള്ള തുരങ്കത്തിലാണ് ലാർജ് ഹാഡ്രോൺ കൊളൈഡർ പ്രവർത്തിക്കുന്നത്. നവീകരണത്തിന് ശേഷം ഇത് ഹൈ ലൂമിനോസിറ്റി ലാർജ് ഹാഡ്രോൺ കൊളൈഡറായി മാറും. നൂതന സാങ്കേതികവിദ്യയിലുള്ള അതിചാലക കാന്തങ്ങൾ (സൂപ്പർ കണ്ടക്ടിങ് മാഗ്നറ്റുകൾ) ഉപയോഗിക്കുന്നതിനാൽ നിലവിലുള്ളതിനേക്കാൾ പത്തിരട്ടി കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ഹിഗ്സ് ബോസോണിനെക്കുറിച്ച് കൂടുതൽ പഠിക്കുക, പുതിയ കണങ്ങളെ കണ്ടെത്തുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തമോഗ്രവ്യം. നക്ഷത്രങ്ങളും ഗ്രഹങ്ങളും ഗാലക്സികളും മനുഷ്യരും ഉൾപ്പെടെ നമുക്ക് കാണാൻ കഴിയുന്നതെല്ലാം പ്രപഞ്ചത്തിന്റെ വെറും അഞ്ച് % മാത്രമേ വരികയുള്ളൂ. പ്രപഞ്ചത്തിന്റെ ഏകദേശം 27 ശതമാനവും തമോഗ്രവ്യം ആണെന്നാണ് വിശ്വസിക്കപ്പെടുന്നത്. തമോഗ്രവ്യം പ്രകാശം പുറപ്പെടുവിക്കുകയോ പ്രതിഫലിപ്പിക്കുകയോ ചെയ്യാത്തതിനാൽ ടെലിസ്കോപ്പുകൾ ഉപയോഗിച്ച് ഇവയെ കാണാൻ കഴിയില്ല. ഗാലക്സികളുടെ ചലനത്തിലും മറ്റ് വസ്തുക്കളിൽ അവ ചെലുത്തുന്ന ഗുരുത്വാകർഷണ ബലത്തിലും നിന്നാണ് അവയുടെ സാന്നിധ്യം മനസിലാക്കുന്നത്. പുതിയതായി നവീകരിക്കുന്ന കൊളൈഡർ വഴി ശാസ്ത്രജ്ഞർക്ക് ഡാർക്ക് മാറ്ററിനെക്കുറിച്ച് കൂടുതൽ പഠിക്കാൻ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നു.
ആന്റിമാറ്റർ (പ്രതിദ്രവ്യം) ആണ് സേണിലെ മറ്റൊരു പ്രധാന ഗവേഷണ വിഷയം. ഈ വർഷമാദ്യം വളരെ ചെറിയ അളവിലുള്ള ആന്റിമാറ്റർ കേടുപാടുകൾ കൂടാതെ ലബോറട്ടറി കാമ്പസിലൂടെ കൊണ്ടുപോകാൻ ഗവേഷകർക്ക് കഴിഞ്ഞു. 92 ആന്റിപ്രോട്ടോണുകൾ മാത്രമാണ് അതിൽ ഉണ്ടായിരുന്നത്. ഇത് വളരെ ചെറിയ അളവാണെങ്കിലും ഭാവിയിലെ പരീക്ഷണങ്ങൾക്ക് വലിയൊരു വഴികാട്ടിയാകും.
നിലവിലുള്ളതിനേക്കാൾ മൂന്ന് ഇരട്ടി വലിപ്പമുള്ള ഫ്യൂച്ചർ സർക്കുലർ കൊളൈഡർ എന്ന 91 കിലോമീറ്റർ നീളമുള്ള മറ്റൊരു തുരങ്കം നിർമ്മിക്കാനുള്ള പദ്ധതിയും സേണിനുണ്ട്. പ്രപഞ്ച രഹസ്യങ്ങളുടെ കൂടുതൽ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ഇത് സഹായിക്കും. വലിയ ശാസ്ത്രീയ അന്വേഷണത്തിൽ ഇന്ത്യൻ ശാസ്ത്രജ്ഞരും ഗവേഷകരും ഇനിവരുന്ന കാലത്തും നിർണായക പങ്ക് വഹിക്കുന്നുണ്ട്. 1960 കൾ മുതൽ ഇന്ത്യൻ ശാസ്ത്രജ്ഞർ സേണുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഇന്ന് ഏകദേശം 300 ഇന്ത്യൻ ശാസ്ത്രജ്ഞർ സേണിലെ വിവിധ പരീക്ഷണങ്ങളുടെ ഭാഗമാണ്. പുരാതന ഇന്ത്യൻ തത്ത്വചിന്തയും ആധുനിക ശാസ്ത്രവും തമ്മിലുള്ള അപൂർവ സംഗമസ്ഥാനമായി ഇന്ത്യ സമ്മാനിച്ച നടരാജ വിഗ്രഹവും സേണ്‍ കാമ്പസിലുണ്ട്.



