അന്തർദേശീയം

ഇന്ത്യൻ വിദ്യാർഥിയുടെ കൊലപാതകം; കനേഡിയൻ പൗരന് ജീവപര്യന്തം

ഒട്ടാവ : കാനഡയിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ട കേസിൽ കനേഡിയൻ പൗരന് ജീവപര്യന്തം. ഗാസിയാബാദ് സ്വദേശി കാർത്തിക് വാസുദേവിനെ വെടിവെച്ചു കൊന്ന കേസിലെ പ്രതി റിച്ചാർഡ് എഡ്വിന് ടൊറന്റോ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. നാല് വർഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് കേസിൽ വിധി പറയുന്നത്.

പ്രതിക്ക് മാനസിക വൈകല്യം (സ്കീസോഫ്രീനിയ) ഉണ്ടായിരുന്നു എന്ന് കോടതി സമ്മതിച്ചെങ്കിലും, കുറ്റകൃത്യം ചെയ്യുമ്പോൾ ശരിയും തെറ്റും തിരിച്ചറിയാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു എന്ന് വിലയിരുത്തി. അതിനാൽ കുറ്റകൃത്യത്തിൽ ഉത്തരവാദിത്തമില്ല (NCR) എന്ന വാദം കോടതി തള്ളി.

ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റത്തിനാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 2022 ഏപ്രിൽ 7നാണ് കാർത്തിക് വാസുദേവ് കൊല്ലപ്പെട്ടത്. സെനെക്ക കോളേജ് വിദ്യാർഥിയായിരുന്ന കാർത്തിക്, പഠനാവശ്യാർഥം കാനഡയിലെത്തി മാസങ്ങൾക്കുള്ളിലാണ് കൊല്ലപ്പെട്ടത്.

ടൊറന്റോയിലെ ഷെർബോൺ സ്റ്റേഷന് സമീപം നടന്നുപോവുകയായിരുന്ന കാർത്തിക്കിനെ എഡ്വിൻ പുറകിൽ നിന്ന് വെടിവെക്കുകയായിരുന്നു. കാർത്തിക്കിനെ കൂടാതെ മറ്റൊരു വ്യക്തിയെയും എഡ്വിൻ സമാന രീതിയിൽ കൊലപ്പെടുത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button