ലോകകപ്പിന്റെ ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള പദ്ധതി പാളി; പരസ്യമായി മാപ്പ് പറഞ്ഞ് ഫിഫ

സുറിച്ച് : ഫുട്ബോൾ ലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ‘ഫിഫ ഫോർവേഡ് എന്റർപ്രൈസ് പദ്ധതി പരാജയമായതിനെ തുടർന്ന് പരസ്യമായി മാപ്പ് പറഞ്ഞ് ഫിഫ. പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച പറ്റിയെന്ന് ഫിഫ അധികൃതർ സമ്മതിച്ചു. അതേസമയം, മൊറോക്കോയിൽ നടന്ന ഉന്നതതല യോഗത്തിന് ശേഷം, വിമർശനങ്ങൾ ശക്തമാകുന്നതിനിടെയും പ്രസിഡന്റ് ജിയാനി ഇന്ഫന്റീനോയ്ക്ക് മാനേജ്മെന്റ് ബോർഡ് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. പ്രസിഡന്റ് സ്ഥാനത്ത് അദ്ദേഹം തുടരുമെന്നും ഔദ്യോഗിക പ്രസ്താവനയിൽ ഫിഫ വ്യക്തമാക്കി. കൂടാതെ, ജിയാനി ഇന്ഫന്റീനോയും ഫിഫ ജനറൽ സെക്രട്ടറി മാത്തിയാസ് ഗ്രാഫ്സ്ട്രോമും ചേർന്ന് ഫിഫയുടെ വൈസ് പ്രസിഡന്റുമാർക്കും കൗൺസിൽ അംഗങ്ങൾക്കും അയച്ച സംയുക്ത കത്തിലും ഇക്കാര്യങ്ങൾ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
ലോകകപ്പിന്റെ ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള ഫിഫയുടെ തീരുമാനത്തിനെതിരെ ഫുട്ബോൾ ലോകത്ത് പ്രതിഷേധം കനക്കുന്നതിനിടെയാണ് ഫിഫയുടെ പ്രസ്താവന. യൂറോപ്യൻ രാജ്യങ്ങൾക്ക് പിന്നാലെ വടക്കേ അമേരിക്ക, മധ്യ അമേരിക്ക, കരീബിയൻ രാജ്യങ്ങളുടെ ഫുട്ബോൾ കോൺഫെഡറേഷനായ കോൺകകാഫും ഫിഫയുടെ തീരുമാനത്തെ ഔദ്യോഗികമായി തള്ളിയിരുന്നു. വ്യാഴാഴ്ച ചേർന്ന 41 അംഗരാജ്യങ്ങളുടെ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
‘വരുത്തിയ വീഴ്ചകൾ അംഗീകരിക്കുന്നു. ഈ പ്രക്രിയ കൂടുതൽ വ്യത്യസ്തമായ രീതിയിൽ കൈകാര്യം ചെയ്യേണ്ടതായിരുന്നെന്ന കാര്യം ഫിഫ അംഗീകരിക്കുന്നു’. ഫിഫ ഫോർവേഡ് എന്റർപ്രൈസ് പദ്ധതിയുമായി ബന്ധപ്പെട്ട് ഫിഫ ഔദ്യോഗികമായി പ്രസ്താവിച്ചു. വരുത്തിയ തെറ്റുകളിൽ ആത്മാർത്ഥമായി മാപ്പ് ചോദിക്കുന്നെന്നും ഭാവിയിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കില്ലെന്ന് പ്രതിജ്ഞയെടുക്കുന്നെന്നും ഇന്ഫന്റീനോയും ജനറൽ സെക്രട്ടറി മത്തിയാസ് ഗ്രാഫ്സ്ട്രോമും അംഗ അസോസിയേഷനുകൾക്ക് അയച്ച കത്തിലും ചൂണ്ടിക്കാട്ടി.
പുതിയ പദ്ധതിയെ ചൊല്ലിയും നടത്തിപ്പിനെ ചൊല്ലിയുമുള്ള വിവാദങ്ങൾ കനക്കുന്നതിനിടെയും ഫിഫ പ്രസിഡന്റിന് പിന്തുണയുമായി മുതിർന്ന നേതാക്കളടക്കം രംഗത്തെത്തിയിരുന്നു. ഫിഫ പ്രസിഡന്റ് സ്ഥാനത്ത് ഇന്ഫന്റീനോ തുടരുമെന്നും അദ്ദേഹത്തിന് ശക്തമായ പിന്തുണ ഉറപ്പാക്കുമെന്നും ബോർഡിന്റെ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
മൊറോക്കോയിലെ റബാത്തിൽ വെച്ചുനടന്ന യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം രാജ്യങ്ങൾക്കും ഫിഫ പ്രസിഡന്റിലുള്ള വിശ്വാസം പൂർണമായും നഷ്ടപ്പെട്ടതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഫിഫയുടെ നിലവിലെ ഭരണനേതൃത്വത്തിന്റെ സുതാര്യതയില്ലായ്മയിൽ കടുത്ത ആശങ്കയാണ് യോഗത്തിൽ ഉയർന്നത്. പദ്ധതികൾ ഉപേക്ഷിച്ചില്ലെങ്കിൽ ലോകകപ്പ് ഉൾപ്പെടെയുള്ള എല്ലാ ടൂർണമെന്റുകളും ബഹിഷ്കരിക്കുമെന്ന് യുവേഫ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കോൺകകാഫും തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
ഫിഫ തങ്ങളുടെ ടൂർണമെന്റുകളുടെ വാണിജ്യാവകാശങ്ങൾ (ബ്രോഡ്കാസ്റ്റിംഗ്, സ്പോൺസർഷിപ്പ്, ടിക്കറ്റിംഗ്, ലൈസൻസിംഗ്) വിൽക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ‘ഫിഫ ഫോർവേഡ് എന്റർപ്രൈസ്’ (FFE) എന്ന പേരിൽ പുതിയൊരു സംവിധാനം ആരംഭിക്കാൻ പദ്ധതിയിടുന്നു. ഈ പുതിയ സംവിധാനത്തിന്റെ പൂർണ നിയന്ത്രണം ഫിഫയ്ക്കായിരിക്കുമെങ്കിലും, സ്വകാര്യ നിക്ഷേപകർക്ക് ഇതിൽ ചെറിയൊരു ശതമാനം ഓഹരികൾ വാങ്ങാൻ അവസരമുണ്ടാകും. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജാരെദ് കുഷ്നറുടെ സഹോദരൻ ജോഷ്വ കുഷ്നറാണ് ഇതിലെ പ്രധാന നിക്ഷേപകനായി പരിഗണിക്കപ്പെട്ടിരുന്നത്.
പുറത്തുനിന്നുള്ള ഈ നിക്ഷേപം വഴി അംഗരാജ്യങ്ങൾക്ക് അധിക ഫണ്ടായി 191 കോടി നൽകാനും, ഭാവിയിൽ മൊത്തം 9500 കോടി ഫുട്ബോൾ വികസനത്തിനായി വിതരണം ചെയ്യാനുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നാണ് ഫിഫയുടെ വാദം. ഇത് നടപ്പിലാക്കാൻ ഫിഫയിലെ 211 അംഗങ്ങളിൽ ഭൂരിപക്ഷത്തിന്റെയും പിന്തുണ ആവശ്യമാണ്. വ്യാപകമായ പ്രതിഷേധത്തെ തുടർന്ന് പദ്ധതി പൂർണമായും അവസാനിപ്പിച്ചതായി നേരത്തെ ഇന്ഫന്റീനോ അറിയിച്ചിരുന്നു.



