അന്തർദേശീയം

ബ്രിട്ടീഷ് റോയൽ നേവിയെയും വ്യോമസേനയെയും ‘ഭീകര സംഘടനകൾ’ ആയി പ്രഖ്യാപിച്ച് ഇറാൻ

ടെഹ്‌റാൻ : ബ്രിട്ടന്റെ റോയൽ നേവിയെയും റോയൽ എയർഫോഴ്‌സിനെയും ഭീകര സംഘടനകളായി ഇറാൻ പ്രഖ്യാപിച്ചു. ബ്രിട്ടനിലെ ആർ.എ.എഫ് ഫെയർഫോർഡ് വ്യോമസേനാ താവളത്തിലുണ്ടായ സുരക്ഷാ വീഴ്ചയിൽ ഇറാന് പങ്കുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേർണാം ആരോപിച്ചതിന് പിന്നാലെയാണ് ഈ നടപടി. ഇതിനുപുറമെ, ബ്രിട്ടന്റെ രഹസ്യാന്വേഷണ ഏജൻസിയായ എം.ഐ 6-നെ ഇറാൻ ‘ശത്രുസംഘടന’യായി പട്ടികപ്പെടുത്തുകയും ചെയ്തു. ഞായറാഴ്ചയാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

ഒരു വർഷത്തിനിടെ ബ്രിട്ടന്റെ ഭാഗത്തുനിന്നുണ്ടായ ശത്രുതാപരമായ നിലപാടുകളാണ് തങ്ങളുടെ തീരുമാനത്തിന് കാരണമെന്ന് ഇറാൻ ചൂണ്ടിക്കാണിക്കുന്നു. യുദ്ധകാലത്ത് ബ്രിട്ടന്റെ ഭൂപ്രദേശത്തുള്ള സൈനിക-ലോജിസ്റ്റിക് സൗകര്യങ്ങൾ ഉപയോഗിക്കാൻ യു.എസ് സേനയ്ക്ക് അനുമതി നൽകിയതും കഴിഞ്ഞ ജൂലൈയിൽ ഐ.ആർ.ജി.സിയെ ബ്രിട്ടന്റെ സ്റ്റേറ്റ് ത്രെറ്റ്‌സ് ആക്ടിന് കീഴിൽ ഉൾപ്പെടുത്തിയതും ഇതിൽപ്പെടുന്നു. ഇസ്രയേലുമായും മറ്റ് രാജ്യങ്ങളുമായും ബന്ധപ്പെട്ട ചാരവൃത്തി കേസുകൾ കൈകാര്യം ചെയ്യുന്ന ഇറാനിയൻ നിയമപ്രകാരമായിരിക്കും എം.ഐ 6-നെതിരെ നടപടിയെടുക്കുകയെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ലണ്ടൻ കോടതിയിൽ രണ്ട് പേർ ഹാജരായതിന് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് ഇറാന്റെ ഭാഗത്തുനിന്ന് ഈ പ്രഖ്യാപനം വരുന്നത്. ഫെയർഫോർഡ് വ്യോമസേനാ താവളത്തിലെ സുരക്ഷാ സംഭവവുമായി ബന്ധപ്പെട്ട് ബ്രിട്ടന്റെ നാഷണൽ സെക്യൂരിറ്റി ആക്ട് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. പ്രതികളിലൊരാൾ ഇറാനിയൻ രഹസ്യാന്വേഷണ പ്രവർത്തനങ്ങൾക്ക് സഹായം നൽകാൻ ശ്രമിച്ചതായി പ്രോസിക്യൂട്ടർമാർ കോടതിയിൽ ആരോപിച്ചിരുന്നു.

ഇറാന് നേരെ ആക്രമണം നടത്താൻ അമേരിക്കൻ ബോംബർ വിമാനങ്ങൾ ഉപയോഗിച്ചിരുന്നത് ആർ.എ.എഫ്. ഫെയർഫോർഡ് താവളമായിരുന്നു. സെപ്റ്റംബർ 27-ന് വ്യോമസേനാ താവളത്തിന് പുറത്തുനിന്ന് ഏതാനും ബ്രിട്ടീഷ് പൗരന്മാർ അറസ്റ്റിലായതിനെ തുടർന്ന് സുരക്ഷാ കാരണങ്ങളാൽ ഇവിടെനിന്നും വിമാനങ്ങൾ പിൻവലിക്കുകയായിരുന്നു. വ്യോമസേനാ താവളത്തിലെ സംശയാസ്പദമായ പ്രവർത്തനങ്ങൾ ഇറാനിൽ നിന്ന് ഏകോപിപ്പിച്ചതാകാൻ സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നാൽ ബ്രിട്ടനിലെ ഇറാനിയൻ അംബാസഡർ ഈ ആരോപണം പൂർണമായും തള്ളിക്കളഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button