യൂറോപ്പിന് ആശ്വാസം; അരാംകോ വിലക്കുറവിൽ കൂടുതൽ ക്രൂഡ് ഓയിൽ വിതരണം ചെയ്യും

റിയാദ് : ഈസ്റ്റ്–വെസ്റ്റ് പൈപ്പ്ലൈനിന് നേരെയുണ്ടായ ആക്രമണത്തെത്തുടർന്നുണ്ടായ പ്രതിസന്ധികൾ മറികടന്ന് യൂറോപ്പിലേക്കുള്ള എണ്ണ കയറ്റുമതി പുനരാരംഭിച്ച് സൗദി അരാംകോ. ഒക്ടോബർ, നവംബർ മാസങ്ങളിലെ ലോഡിംഗുകൾക്കായി യൂറോപ്യൻ എണ്ണ ശുദ്ധീകരണശാലകൾക്ക് (റിഫൈനറികൾ) ഔദ്യോഗിക വിൽപന വിലയേക്കാൾ കിഴിവിൽ (Discounted rates) കൂടുതൽ ക്രൂഡ് ഓയിൽ ലഭ്യമാക്കുമെന്ന് അരാംകോ അറിയിച്ചു.
പൈപ്പ്ലൈൻ തകരാറിലായതിനെ തുടർന്ന് ഒക്ടോബറിലെ മുൻകൂട്ടി നിശ്ചയിച്ച കരാറുകൾ പ്രകാരം എണ്ണ നൽകാൻ കഴിയില്ലെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ പൈപ്പ്ലൈൻ പ്രവർത്തനം അതിവേഗം പുനഃസ്ഥാപിച്ചതോടെ, നിശ്ചയിച്ചതിലും വേഗത്തിലാണ് അരാംകോ വിതരണം സാധാരണ നിലയിലാക്കിയത്. റെഡ് സീ തുറമുഖമായ യാൻബു, ഈജിപ്തിൻ്റെ മെഡിറ്ററേനിയൻ തീരത്തുള്ള സിദി കെരീർ എന്നിവിടങ്ങളിൽ നിന്നാണ് സ്പോട്ട് കാർഗോകൾ വഴി എണ്ണ ലഭ്യമാക്കുന്നത്.
നവംബർ മാസത്തെ കരാറുകളിൽ പൂർണതോതിൽ എണ്ണ വിതരണം ചെയ്യുമെന്ന് അരാംകോ വ്യക്തമാക്കിയതോടെ ഒക്ടോബറിലെ പ്രതിസന്ധിയിൽ ആശങ്കയിലായിരുന്ന യൂറോപ്യൻ വിപണിക്ക് ഇത് വലിയ ആശ്വാസമായി. സാധാരണയായി പ്രതിദിനം 7 മുതൽ 8 ലക്ഷം ബാരൽ വരെ അസംസ്കൃത എണ്ണയാണ് സൗദി അറേബ്യ യൂറോപ്പിലേക്ക് ദീർഘകാല കരാറുകൾ വഴി കയറ്റി അയക്കുന്നത്. സൗദിയിൽ നിന്നുള്ള അധിക സപ്ലൈ എത്തിയതോടെ യൂറോപ്യൻ വിപണിയിലെ എണ്ണവിലയിൽ ഇതിനകം കുറവ് രേഖപ്പെടുത്തി തുടങ്ങുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഓഗസ്റ്റിൽ മൂന്ന് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് വീണ ഉൽപാദനം സെപ്റ്റംബറോടെ മൂന്നിലൊന്നിലധികം വർധിപ്പിച്ച് സൗദി അറേബ്യ പ്രതിദിനം 80 ലക്ഷം ബാരലിലേക്ക് ഉയർത്തി. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലും യു.എ.ഇ ഉൽപാദനം റെക്കോർഡ് നിരക്കിലെത്തിച്ചതും ഇറാഖിന്റെ കയറ്റുമതി ഉയർന്നതും മേഖലയിലെ ഊർജ വിതരണത്തിന് കരുത്തുപകരുന്നുണ്ട്.
ഭാവിയിൽ ഉണ്ടാകാനിടയുള്ള ഇത്തരം അടിയന്തര സാഹചര്യങ്ങൾ നേരിടാൻ രാജ്യാന്തര സംഭരണ ശേഷി വർധിപ്പിക്കാനുള്ള നീക്കത്തിലാണ് അരാംകോ. ഇതിന്റെ ഭാഗമായി 2027 മുതൽ സിംഗപ്പൂരിൽ ക്രൂഡ് ഓയിൽ സംഭരിക്കുന്നതിനുള്ള കരാറിലും കമ്പനി ഒപ്പുവെച്ചിട്ടുണ്ട്.



