അന്തർദേശീയം

കരാറിലെത്തിച്ചേരാത്തപക്ഷം ഇറാനെതിരേ വീണ്ടും ആക്രമണം നടത്തും : ട്രംപ്

വാഷിങ്ടൺ ഡിസി : ഇറാന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുമായി കരാറിലെത്തിച്ചേരാത്തപക്ഷം ഇറാനെതിരേ വീണ്ടും ആക്രമണം നടത്തുമെന്ന് അദ്ദേഹം ഭീഷണി മുഴക്കി. ‘നമ്മൾ മറ്റൊരു ചെറിയ എപിക് ഫ്യുറി നടപ്പാക്കിയേക്കും. അല്ലെങ്കിൽ അവർ സമ്മതിക്കണം. അവർക്ക് ബുദ്ധിയുണ്ടെങ്കിൽ അവർ കാര്യത്തിലേക്ക് കടക്കാൻ തയ്യാറാകും’, ട്രംപ് പറഞ്ഞു. ഫ്ളോറിഡയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കഴിഞ്ഞ ഫെബ്രുവരിമാസംമുതൽ ഇറാനെതിരേ യുഎസും ഇസ്രയേലും നടത്തുന്ന സംയുക്ത സൈനിക നടപടിയാണ് എപിക് ഫ്യൂറി. ഇതിനെ ഉദ്ദേശിച്ചാണ് ചെറിയ എപിക് ഫ്യൂറി എന്ന പരാമർശം യുഎസ് പ്രസിഡന്റ് നടത്തിയത്. അതേസമയം, ഇറാനെതിരേ ആക്രമണം ഉണ്ടാകാതിരിക്കാൻ ടെഹ്‌റാൻ പാലിക്കേണ്ട നിബന്ധനകൾ എന്തൊക്കെയാണെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. ഇറാനെതിരേ ഉടൻ ആക്രമണം നടത്തുമെന്ന് തുർക്കിയിലെ അമേരിക്കൻ പ്രതിനിധി ടോം ബരാക്ക് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പരാമർശമെന്നതും ശ്രദ്ധേയമാണ്.

ഇറാനെതിരേ മുൻപ് നടത്തിയ ‘ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ’ എന്ന സൈനിക നടപടിയെക്കുറിച്ചും ട്രംപ്, പ്രചാരണ റാലിയിലെ പ്രസംഗത്തിൽ പരാമർശിച്ചു. ഇറാന്റെ ആണവ സമ്പുഷ്ടീകരണ ശേഷി ഇല്ലാതാക്കിയെന്നും അവരുടെ സൈനിക-സാമ്പത്തികശേഷിയെ ദുർബലമാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം, തീകൊണ്ട് കളിക്കരുതെന്നാണ് അമേരിക്കയ്ക്ക് ഇറാൻ നൽകുന്ന മുന്നറിയിപ്പ്. അമേരിക്കയും ഇസ്രയേലും വീണ്ടും ആക്രമിച്ചാൽ ഗൾഫ് മേഖലയിലെ സമുദ്രത്തിനടിയിലൂടെയുള്ള കമ്യൂണിക്കേഷൻ കേബിളുകൾ തകർക്കാനാണ് ഇറാന്റെ പദ്ധതിയെന്ന് രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ ആക്രമിക്കപ്പെട്ടാൽ, പിന്നെ അതിർവരമ്പുകളൊന്നുമുണ്ടാകില്ല. സമുദ്രത്തിനടിയിലുള്ള കേബിളുകൾ തൊട്ട് സൈനിക താവളങ്ങൾവരെ ലക്ഷ്യങ്ങളാകും. അമേരിക്ക തീകൊണ്ട് കളിക്കരുത്, ഇറാനിലെ ഉന്നതോദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button