അന്തർദേശീയം

യുക്രൈൻ നഗരങ്ങളെ ലക്ഷ്യം വച്ച് കനത്ത വ്യോമാക്രമണങ്ങൾ നടത്തി റഷ്യ; റഷ്യയിലെ ഡേറ്റാസെന്ററിനുനേരേ ഡ്രോണാക്രമണം നടത്തി യുക്രൈൻ

കീവ് : തലസ്ഥാനമായ കീവ് അടക്കമുള്ള പ്രധാന യുക്രൈൻ നഗരങ്ങളെ ലക്ഷ്യംെവച്ച് കനത്ത വ്യോമാക്രമണങ്ങൾ നടത്തി റഷ്യ. ചൊവ്വാഴ്ച രാത്രി വൈകിയുണ്ടായ ആക്രമണങ്ങളിൽ കുറഞ്ഞത് ആറുപേരെങ്കിലും മരിച്ചെന്ന് യുക്രൈൻ ബുധനാഴ്ച അറിയിച്ചു. കീവിലെയും ഖാർകീവിലെയും പ്രധാന വൈദ്യുത നിലയങ്ങൾക്കനേരേയും ആക്രമണമുണ്ടായി. ഇതിനെത്തുടർന്ന് ആറുലക്ഷത്തോളം ആളുകൾ ഇരുട്ടിലായി.

ആക്രമണങ്ങളെക്കുറിച്ച് പാശ്ചാത്യ സഖ്യകക്ഷികളിൽനിന്ന് യാതൊരു മുന്നറിയിപ്പും ലഭിച്ചില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി ബുധനാഴ്ച പറഞ്ഞു. റഷ്യൻ ആക്രമണങ്ങൾ മുൻകൂട്ടി അറിയുന്നതിന് യു.എസിൽനിന്നും യൂറോപ്യൻ സഖ്യകക്ഷികളുടെ രഹസ്യാന്വേഷണ സംവിധാനങ്ങളെയാണ് യുക്രൈൻ ആശ്രയിക്കുന്നത്. എന്നാൽ, യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സെലെൻസ്കിയും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീണത് ഈ സഹകരണത്തെ സംബന്ധിച്ച് ആശങ്ക വർധിക്കാൻ ഇടയായിട്ടുണ്ട്. യുക്രൈന് പുതിയ പ്രസിഡന്റിനെ ആവശ്യമുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു.

പുതിൻ ട്രംപിനെ അപമാനിക്കുന്നു -സെലെൻസ്കി

യുക്രൈന്റെ ഊർജമേഖലയ്ക്കു നേരേയുണ്ടായ ആക്രമണത്തിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അപമാനിക്കുകയാണെന്നാരോപിച്ച് സെലെൻസ്കി.

ട്രംപ് മുന്നോട്ടുവെച്ച ഊർജ വെടിനിർത്തൽ റഷ്യ ബോധപൂർവം ലംഘിക്കുകയാണെന്നും ശത്രുത ലഘൂകരിക്കാനുള്ള അവസരം പാഴാക്കിയെന്നും സെലെൻസ്കി ആരോപിച്ചു. റഷ്യയും യുക്രൈനും ‘ഊർജ വെടിനിർത്തലിന്’ സമ്മതിച്ചെന്ന് ഞായറാഴ്ച ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചിരുന്നു. ഇരു രാജ്യങ്ങളുടെയും അറിവോടെയല്ല പ്രഖ്യാപനമെന്ന് റഷ്യയും യുക്രൈനും പിന്നീട് വ്യക്തമാക്കി.

സ്റ്റാർലിങ്ക് പ്രവർത്തനത്തിനുമേൽ നിയന്ത്രണം

ചൊവ്വാഴ്ച രാത്രിമുതൽ യുക്രൈനിലെ ചില സ്റ്റാർലിങ്ക് ഇന്റർനെറ്റ് ടെർമിനലുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി യുക്രൈൻ. സെലെൻസ്കിയുടെ ഒരു ഉപദേശകനാണ് ആരോപണം ഉന്നയിച്ചത്. ഇത് യുക്രൈൻ പ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനത്തെ ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാർലിങ്കിന്റെ ടെർമിനലുകൾ ഇന്റർനെറ്റ് വേഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയെന്നാണ് ആരോപണം. യുദ്ധരംഗത്തെ ആശയവിനിമയത്തിനായി ഇലോൺ മസ്കിന്റെ കമ്പനിയായ സ്പെയ്‌സ് എക്സിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക് സംവിധാനമാണ് യുക്രൈൻ പ്രധാനമായും ഉപയോഗിക്കുന്നത്.

റഷ്യയിലെ ഡേറ്റാസെന്ററിനുനേരേ ഡ്രോണാക്രമണം

റഷ്യയിലെ ഏറ്റവും വലിയ ബാങ്കിന്റെ ഡേറ്റാ സെന്ററിനുനേരേ ഡ്രോണാക്രമണം. സർക്കാർ ഉടമസ്ഥതയിലുള്ള സ്ബെർബാങ്കിന്റെ ഡാറ്റാസെന്ററിലാണ് ഡ്രോൺ പതിച്ചത്. ബാങ്കിന്റെ പ്രവർത്തനങ്ങളെ ആക്രമണം ബാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

റഷ്യയ്ക്കു നേരെ തൊള്ളായിരത്തിലധികം ഡ്രോണുകളാണ് യുക്രൈൻ ചൊവ്വാഴ്ച തൊടുത്തത്. ആക്രമണങ്ങളിൽ ഒരാൾ മരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button