ദേശീയം

ഫ്രാങ്ക്ഫര്‍ട്ട് -ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; ജയ്പൂരില്‍ അടിയന്തര ലാൻഡിങ്

ന്യൂഡല്‍ഹി : ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യയുടെ വിമാനത്തിന് ബോംബ് ഭീഷണിയെ തുടര്‍ന്ന് ജയ്പൂരില്‍ അടിയന്തര ലാന്‍ഡിങ്. ബോംബ് ഭീഷണി സന്ദേശത്തെ തുടര്‍ന്നാണ് വിമാനം വഴിതിരിച്ചുവിട്ടതെന്ന് അധികൃതര്‍ അറിയിച്ചു.

എയര്‍ ഇന്ത്യയുടെ AI2030 ഫ്‌ലൈറ്റാണ് ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കിയത്. ബോയിങ് 787-9 വിമാനമാണ് സര്‍വീസ് നടത്തിയിരുന്നത്. വിമാനം നിലവില്‍ സുരക്ഷാ പരിശോധനക്കായി ഐസൊലേഷന്‍ ബേയിലേക്ക് മാറ്റിയിരിക്കുകയാണ്.

മുംബൈ ഫ്‌ലൈറ്റ് ഇന്‍ഫര്‍മേഷന്‍ റീജ്യണില്‍ പറക്കുന്നതിനിടയില്‍ വിമാനത്തില്‍ അസാധാരണ സാഹചര്യമുണ്ടായതിനെ സൂചിപ്പിക്കുന്ന ‘സ്‌ക്വാക്ക് കോഡ് 7500’ പൈലറ്റ് നല്‍കിയിരുന്നതായി പ്രാഥമിക വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഇതേത്തുടര്‍ന്നാണ് വിമാനം ജയ്പൂരിലേക്ക് വഴിതിരിച്ചുവിടാന്‍ തീരുമാനിച്ചത്.

വിമാനത്തില്‍ എത്ര യാത്രക്കാരുണ്ടായിരുന്നു എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. സംഭവത്തില്‍ എയര്‍ ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം വരാനിരിക്കുന്നതേയുള്ളൂ. സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിമാനത്തില്‍ പരിശോധന തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button