മാൾട്ടാ വാർത്തകൾ

സംരക്ഷിത പക്ഷികളെ വേട്ടയാടുന്നതിനെതിരെയുള്ള പിഴ ലഘൂകരിക്കുന്ന ഭേദഗതിക്ക് അനുമതി; പ്രതിഷേധവുമായി ബേർഡ് ലൈഫ് മാൾട്ട

പക്ഷി സംരക്ഷണ നിയമപ്രകാരമുള്ള പിഴകളിലും ശിക്ഷകളിലും മാറ്റങ്ങൾ വരുത്താനുള്ള നിർദ്ദേശങ്ങൾക്ക് ഓർനിസ് (ORNIS) സമിതിയുടെ അംഗീകാരം. നിയമവിരുദ്ധമായി സംരക്ഷിത പക്ഷികളെ വേട്ടയാടുന്നവർക്കുള്ള ശിക്ഷാ നടപടികളുടെ വീര്യം കുറയ്ക്കാൻ ഈ ഭേദഗതികൾ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി ബേർഡ് ലൈഫ് മാൾട്ട ഉന്നയിച്ച കടുത്ത എതിർപ്പുകൾ തള്ളിക്കൊണ്ടാണ് സമിതി നിർദ്ദേശം വോട്ടനിട്ട് പാസാക്കിയത്.

വോട്ടെടുപ്പിൽ ബേർഡ് ലൈഫ് മാൾട്ട നിർദ്ദേശത്തിനെതിരെ വോട്ട് ചെയ്തപ്പോൾ, എൻവയോൺമെന്റ് ആൻഡ് റിസോഴ്‌സസ് അതോറിറ്റി (ERA) വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും കൂടുതൽ ചർച്ച വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതേസമയം, ഷെഡ്യൂൾ 1, 9 എന്നിവയിൽ ഉൾപ്പെട്ടിട്ടുള്ള സംരക്ഷിത പക്ഷികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ചില നിബന്ധനകൾ മുന്നോട്ടുവെച്ചുകൊണ്ട് ഫെഡറേഷൻ ഫോർ ഹണ്ടിംഗ് ആൻഡ് കൺസർവേഷൻ – മാൾട്ട (FKNK) നിർദ്ദേശത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. വോട്ടെടുപ്പ് പൂർത്തിയായതോടെ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് സർക്കാരാണ്.

നിയമഭേദഗതികൾ അവതരിപ്പിച്ച രീതിയെക്കുറിച്ച് ശക്തമായ ആശങ്കകൾ ഉയർന്ന നീണ്ട ചർച്ചകൾക്കൊടുവിലാണ് വോട്ടെടുപ്പ് നടന്നത്. മുൻ യോഗത്തിൽ സർക്കാരിനെ പ്രതിനിധീകരിച്ച് അഭിഭാഷകൻ അവതരിപ്പിച്ച നിർദ്ദേശങ്ങൾ അഞ്ച് സ്ലൈഡുകളിലായി കാണിച്ചാണ് ഇത്തവണ ഓർനിസ് അംഗങ്ങളോട് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടത്. എന്നാൽ നിയമത്തിൽ വരുത്തുന്ന മാറ്റങ്ങൾ വോട്ടിനിടുന്നതിന് മുൻപ് അതിന്റെ വ്യക്തമായ കരട് രൂപം അംഗങ്ങൾക്ക് നൽകേണ്ടതായിരുന്നുവെന്ന് ബേർഡ് ലൈഫ് മാൾട്ട വാദിച്ചു. നിയമനിർമ്മാണങ്ങളിലെ ഭേദഗതികൾ പരിഗണിക്കുമ്പോൾ ഇത് സാധാരണ പിന്തുടരുന്ന രീതിയാണെന്നും അവർ വ്യക്തമാക്കി. മുൻ യോഗത്തിൽ സന്നിഹിതരല്ലാതിരുന്ന വൈൽഡ് ബേർഡ്സ് റെഗുലേഷൻ യൂണിറ്റിന്റെ (WBRU) നിലപാടിനെക്കുറിച്ചും അവർ വ്യക്തത തേടി.

എന്നാൽ ചർച്ചകൾക്ക് ശേഷം ചെയർപേഴ്സൺ വോട്ടെടുപ്പുമായി മുന്നോട്ട് പോകുകയും നിലപാടുകൾക്കൊപ്പം നിബന്ധനകൾ ചേർക്കാൻ അംഗങ്ങളെ അനുവദിക്കുകയുമായിരുന്നു.

ഷെഡ്യൂൾ 1, 9 എന്നിവയിൽപ്പെട്ട സംരക്ഷിത പക്ഷികളെ വേട്ടയാടുന്ന കേസുകളിൽ പ്രതികളുടെ ലൈസൻസ് റദ്ദാക്കാൻ മജിസ്ട്രേറ്റിന് നിർബന്ധിത ഉത്തരവ് നൽകരുതെന്ന വ്യവസ്ഥയോടെയാണ് FKNK നിർദ്ദേശത്തെ പിന്തുണച്ചത്. കേസുകളുടെ സാഹചര്യം അനുസരിച്ച് ലൈസൻസ് റദ്ദാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം മജിസ്ട്രേറ്റിന് വിട്ടുനൽകണമെന്ന് അവർ വാദിച്ചു.

എന്നാൽ ഈ നീക്കത്തിനെതിരെ ബേർഡ് ലൈഫ് മാൾട്ട കടുത്ത നിരാശ രേഖപ്പെടുത്തി. നിലവിലുള്ള പിഴകളും ശിക്ഷകളും മാറ്റമില്ലാതെ നിലനിർത്താൻ FKNK ശ്രമിച്ചില്ലെന്ന് അവർ കുറ്റപ്പെടുത്തി. ഈ ഭേദഗതികളെ പിന്തുണയ്ക്കുക വഴി കുറ്റവാളികളെയും നിയമവിരുദ്ധമായി പക്ഷികളെ വേട്ടയാടുന്നവരെയും സംരക്ഷിക്കുന്ന നിലപാടാണ് FKNK സ്വീകരിച്ചതെന്നും, ഇത് കുറ്റകൃത്യങ്ങളോട് ‘സീറോ ടോളറൻസ്’ കാണിക്കുന്ന നിലപാടല്ലെന്നും ബേർഡ് ലൈഫ് മാൾട്ട വിമർശിച്ചു.

സംരക്ഷിത പക്ഷികളെ നിയമവിരുദ്ധമായി കൊല്ലുന്നത് ഗുരുതരമായ പരിസ്ഥിതി കുറ്റകൃത്യമാണെന്നും നിലവിലുള്ള ശിക്ഷാനടപടികൾ ലഘൂകരിക്കരുതെന്നും ബേർഡ് ലൈഫ് മാൾട്ട ആവർത്തിച്ചു. ആർഹസ് കൺവെൻഷൻ (Aarhus Convention) പ്രകാരമുള്ള മാൾട്ടയുടെ ബാധ്യതകൾക്ക് വിധേയമായി, പരിസ്ഥിതി നിയമങ്ങളിലെ ഏത് മാറ്റവും കൃത്യമായ പൊതുജന പങ്കാളിത്തത്തോടെയും കൂടിയാലോചനകളോടെയും മാത്രമേ നടത്താവൂ എന്ന് സംഘടന സർക്കാറിനോട് ആവശ്യപ്പെട്ടു. ഇതിനുപുറമേ, ബേൺ കൺവെൻഷന്റെ റോം സ്ട്രാറ്റജി പ്ലാൻ, യൂറോപ്യൻ യൂണിയന്റെ എൻവയോൺമെന്റൽ ക്രൈം ഡയറക്റ്റീവ് എന്നിവയിൽ നിന്നുള്ള അന്താരാഷ്ട്ര ബാധ്യതകൾ കണക്കിലെടുത്തായിരിക്കണം നിയമഭേദഗതികൾ വരുത്തേണ്ടതെന്നും ഓർനിസ് സമിതിയുടെ ചർച്ചകളിൽ ഇവയൊന്നും പരിഗണിച്ചിട്ടില്ലെന്നും ബേർഡ് ലൈഫ് മാൾട്ട വ്യക്തമാക്കി.

സംരക്ഷിത പക്ഷികളെ നിയമവിരുദ്ധമായി വേട്ടയാടുന്നവർക്കുള്ള ശിക്ഷകൾ ഇളവ് ചെയ്തു നൽകാനുള്ള സമ്മർദ്ദങ്ങൾക്ക് വഴങ്ങരുതെന്ന് സംഘടന സർക്കാരിനോട് അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button