അന്തർദേശീയം

യുഎസിൽ അനധികൃത ക്ലബിൽ വെടിവയ്പ്; മൂന്ന് മരണം, നാല് പേർക്ക് പരിക്ക്

ഡെട്രോയിറ്റ് : അമേരിക്കയിലെ മിഷിഗണിലെ ഡെട്രോയിറ്റിൽ പുലർച്ചെയുണ്ടായ വെടിവയ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റു. നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ പ്രെസ്റ്റ് സ്ട്രീറ്റിൽ ഞായറാഴ്ച രാവിലെ 7.20 ഓടെയായിരുന്നു സംഭവം. രാത്രിക്ക് ശേഷവും പ്രവർത്തിച്ചിരുന്ന സ്വകാര്യ വിനോദകേന്ദ്രത്തിൽ ഉണ്ടായ തർക്കമാണ് വെടിവയ്പിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

വിവരമറിഞ്ഞ് മിനിറ്റുകൾക്കകം സ്ഥലത്തെത്തിയ പൊലീസ് മൂന്ന് പുരുഷന്മാരെ വെടിയേറ്റ നിലയിൽ കണ്ടെത്തി. മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. കൊല്ലപ്പെട്ടവർ 30 വയസിന് മുകളിലുള്ളവരാണെന്നാണ് ഡെട്രോയിറ്റ് പൊലീസ് മേധാവി ടോഡ് ബെറ്റിസൺ പിന്നീട് വ്യക്തമാക്കിയത്. കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ വാഹനങ്ങളിലാണ് സമീപത്തെ ആശുപത്രികളിലെത്തിച്ചത്. പരിക്കേറ്റവർ 20നും 30നും ഇടയിൽ പ്രായമുള്ളവരാണ്. ഇവരുടെ പരിക്ക് ​ഗുരുതരമല്ലെന്നാണ് നിലവിലെ വിവരം.

സ്ഥലത്തുണ്ടായിരുന്നവർ തമ്മിൽ ആദ്യം വാക്കേറ്റവും സംഘർഷവും ഉണ്ടായെന്നും പിന്നീട് ഒന്നിലധികം പേർ തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നെന്നും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എന്നാൽ അന്വേഷണസംഘത്തിന് ചില നിർണായക സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് മേധാവി പറഞ്ഞു. പൊതുജനങ്ങൾക്ക് നിലവിൽ അടിയന്തര ഭീഷണിയില്ലെന്നും പൊലീസ് വ്യക്തമാക്കി.

വെടിവയ്പ്പ് നടന്ന സ്ഥലം പൊലീസിന് പരിചിതമാണെന്നും ഈ വർഷം മാത്രം ഇവിടെനിന്ന് ഏഴ് തവണ സഹായവിളികൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് മേധാവി ബെറ്റിസൺ പറഞ്ഞു. സ്ട്രിപ്പ് ക്ലബിന് സമാനമായി രാത്രി വൈകിയും ഇവിടെ അനധികൃത വിനോദപരിപാടികൾ നടന്നിരുന്നോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.

സംഭവത്തിനു പിന്നാലെ, നഗരത്തിലെ അനധികൃത ‘ആഫ്റ്റർ അവേഴ്സ്’ ക്ലബുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഡെട്രോയിറ്റ് മേയർ മേരി ഷെഫീൽഡ് വ്യക്തമാക്കി. വീടുകളിലോ സ്ഥാപനങ്ങളിലോ അനുമതിയില്ലാതെ ഇത്തരം പരിപാടികൾ നടത്തുന്നത് പൊലീസുമായി ചേർന്ന് തടയുമെന്നും, കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരം അറിയുന്നവർ പൊലീസിനെ അറിയിക്കണമെന്നും മേയർ അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button