അന്തർദേശീയം

“ലോകായൻ 26′ സമുദ്രയാത്ര : ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് സുദർശിനി ഈജിപ്തിലെ അലക്സാണ്ട്രിയ തുറമുഖത്ത്

കെയ്‌റോ : ഇന്ത്യൻ നാവികസേനയുടെ പരിശീലന കപ്പലായ ഐഎൻഎസ് സുദർശിനി “ലോകായൻ 26′ സമുദ്രയാത്രയുടെ ഭാഗമായി ഈജിപ്തിലെ ചരിത്ര പ്രസിദ്ധമായ അലക്സാണ്ട്രിയ തുറമുഖത്തെത്തി. ദൗത്യത്തിനിടെ രണ്ടാം തവണയാണ് സുദർശിനി അലക്സാണ്ട്രിയയിൽ എത്തിച്ചേരുന്നത്.

ഈ വർഷം ജനുവരി 20ന് കൊച്ചിയിൽ നിന്നാണ് 10 മാസം നീളുന്ന സാഹസിക സമുദ്രയാത്രയ്ക്ക് തുടക്കമായത്. 13 രാജ്യങ്ങളിലെ 18 തുറമുഖങ്ങളിലായി ഏകദേശം 22,000 നോട്ടിക്കൽ മൈൽ ദൂരം സഞ്ചരിക്കുകയാണ് ഈ ദൗത്യത്തിന്‍റെ ലക്ഷ്യം. യാത്രയ്ക്കിടെ അറബിക്കടലും ചെങ്കടലും മെഡിറ്ററേനിയൻ കടലും കടന്ന് സൂയസ് കനാൽ മാർഗം ഫ്രാൻസിലെ പ്രശസ്തമായ ഇസ്കേൽ അ സെത് മാരിടൈം ഫെസ്റ്റിവലിലും കപ്പൽ പങ്കെടുത്തു.

തുടർന്ന് സുദർശിനിയുടെ ചരിത്രത്തിലെ ആദ്യ അറ്റ്ലാന്‍റിക് സമുദ്ര ക്രോസിങ് പൂർത്തിയാക്കി കേപ്പ് വെർഡെയിൽ നിന്ന് 19 ദിവസത്തെ യാത്രയ്ക്കൊടുവിൽ മേയ് 27ന് ആന്‍റിഗ്വയിലുമെത്തി. കൊച്ചിയിൽ നിന്നു പുറപ്പെട്ട ശേഷമുള്ള 10,000 നോട്ടിക്കൽ മൈൽ പിന്നിട്ടതും ഈ ഘട്ടത്തിലാണ്. പിന്നീട് അസോറസും പോർച്ചുഗലും സന്ദർശിച്ച കപ്പൽ ഓഗസ്റ്റ് 22ന് ലിസ്ബണിലെത്തിയതോടെ ഏഴു മാസത്തിനിടെ 15 തുറമുഖങ്ങൾ സന്ദർശിക്കുകയെന്ന നേട്ടവും കൈവരിച്ചു. ഈ ദീർഘദൂര യാത്രയിലുടനീളം നാവികസേനയിലെ കേഡറ്റുകൾക്ക് പരമ്പരാഗത നാവികരീതികളിലും ഓപ്പൺ സീ നാവിഗേഷനിലും വിദഗ്ധ പരിശീലനം ലഭിക്കുന്നുണ്ട്.

അലക്സാണ്ട്രിയ തുറമുഖത്തെത്തിയ ഐഎൻഎസ് സുദർശിനിയെ അലക്സാണ്ട്രിയ നേവൽ ബേസ് കമാൻഡർ റിയർ അഡ്മിറൽ മുഹമ്മദ് അബ്ദുൽ അസീസ്, ഇന്ത്യൻ എംബസി പ്രതിനിധികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. സന്ദർശനത്തിന്‍റെ ഭാഗമായി ഈജിപ്ഷ്യൻ നാവിക സേനയുമായുള്ള ചർച്ചകൾ, പരസ്പര സന്ദർശനങ്ങൾ, അനുഭവ സമ്പത്ത് പങ്കുവെക്കൽ എന്നിവ നടക്കും. ഇത് ഭാരതവും ഈജിപ്തും തമ്മിലുള്ള നാവിക ബന്ധം കൂടുതൽ ശക്തമാക്കും. ഇന്ത്യയുടെ സമ്പന്നമായ നാവിക പാരമ്പര്യത്തിന്‍റെ സ്ഥാനപതിയായി സമുദ്രങ്ങൾ കടന്ന് “വസുധൈവ കുടുംബകം’ സന്ദേശവും “മഹാസാഗർ’ ദർശനവും ഉയർത്തിപ്പിടിച്ചാണ് ഐഎൻഎസ് സുദർശിനിയുടെ യാത്ര പുരോഗമിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button