അന്തർദേശീയം

യു.എൻ രക്ഷാസമിതിയുടെ ഘടനയിൽ അടിയന്തര പരിഷ്കരണം : അന്റോണിയോ ഗുട്ടെറസ്

ന്യൂയോർക്ക് : അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്ന ആഗോള വൻശക്തികൾ തന്നെ രക്ഷാസമിതിയിൽ ഇരിക്കുകയാണെന്നും, ഇതിനാൽ യു.എൻ രക്ഷാസമിതി പൂർണമായും സ്തംഭിച്ച അവസ്ഥയിലാണെന്നും തുറന്നടിച്ച് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. രക്ഷാസമിതിയുടെ ഘടനയിൽ അടിയന്തര പരിഷ്കരണം അനിവാര്യമാണെന്നും ആഗോളതലത്തിൽ അധികാരത്തിന്റെ പുനർവിതരണം നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര പൊതുസഭയുടെ എൺപത്തിയൊന്നാമത് സമ്മേളനത്തിന് മുന്നോടിയായി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഗുട്ടെറസ് രൂക്ഷ വിമർശനമുന്നയിച്ചത്.

പതിറ്റാണ്ടുകൾക്ക് മുമ്പുള്ള ലോകക്രമത്തെ പ്രതിഫലിപ്പിക്കുന്ന ഘടനയുമായാണ് 15 അംഗ രക്ഷാസമിതി ഇന്നും പ്രവർത്തിക്കുന്നത്. ഇത് ഇന്നത്തെ ലോക യാഥാർത്ഥ്യങ്ങളുമായി ഒട്ടും പൊരുത്തപ്പെടുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വൻശക്തികൾ തന്നെ നിയമങ്ങൾ കാറ്റിൽ പറത്തുമ്പോൾ, തങ്ങൾക്കും എന്തുമാകാം എന്ന ധാരണ മറ്റ് രാജ്യങ്ങൾക്കിടയിൽ പടരുകയാണ്. അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശങ്ങളും മാനുഷിക നിയമങ്ങളും ലംഘിക്കുന്നവർക്ക് യാതൊരു ശിക്ഷയുമില്ലാത്ത സാഹചര്യം ഇതിലൂടെ സൃഷ്ടിക്കപ്പെട്ടു. സമാധാനവും സുരക്ഷയും കാത്തുസൂക്ഷിക്കേണ്ട രക്ഷാസമിതി സ്തംഭിച്ചതാണ് ഇതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം രൂപീകരിച്ച ബ്രെട്ടൻ വുഡ്സ് സംവിധാനവും രക്ഷാസമിതിയും പോലുള്ള ബഹുമുഖ സ്ഥാപനങ്ങൾ ഉടച്ചുവാർക്കേണ്ട സമയം അതിക്രമിച്ചു. ആഗോള സമ്പദ്‌വ്യവസ്ഥയിൽ വികസിത രാജ്യങ്ങളുടെ പങ്ക് ഓരോ ദിവസവും കുറയുമ്പോൾ വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളുടെ പ്രാധാന്യം വർദ്ധിക്കുകയാണ്. അതിനാൽ പുതിയ ആഗോള യാഥാർത്ഥ്യങ്ങൾക്കനുസൃതമായി മാറ്റങ്ങൾ വരണമെന്ന് ബ്രിക്സ് പോലുള്ള കൂട്ടായ്മകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. 2026 ഡിസംബറോടെ തന്റെ പത്ത് വർഷത്തെ ഔദ്യോഗിക കാലാവധി പൂർത്തിയാക്കാനിരിക്കെ ഗുട്ടെറസ് പങ്കെടുക്കുന്ന അവസാനത്തെ പൊതുസഭാ ഉച്ചകോടിയാണിത്. സെപ്റ്റംബർ 22-ന് ആരംഭിക്കുന്ന ജനറൽ ഡിബേറ്റിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള ലോകനേതാക്കൾ പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button