അന്തർദേശീയം

പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി

സാൻ്റിയാഗോ : പേ വിഷബാധ പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലിയെ ലോക ആരോഗ്യ സംഘടന അംഗീകരിച്ചു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട പൊതുജനാരോഗ്യ പ്രതിരോധ പരിപാടികളുടെയും നിരീക്ഷണ സംവിധാനങ്ങളുടെയും ഫലമായാണ് ചിലി ഈ ചരിത്രനേട്ടം കൈവരിച്ചത്.

ഇവിടെ നായയുടെ കടിയേറ്റ് മനുഷ്യന് പേ വിഷബാധയേറ്റ അവസാന കേസ് റിപ്പോർട്ട് ചെയ്തത് 1972-ലാണ്. അതിനുശേഷം രാജ്യത്തുടനീളം വളർത്തുമൃഗങ്ങൾക്കായി സംഘടിപ്പിച്ച കൂട്ട വാക്സിനേഷൻ ഡ്രൈവുകൾ, വീടുകയറിയുള്ള പ്രതിരോധ കുത്തിവയ്പുകൾ, കൃത്യമായ രോഗനിരീക്ഷണ സംവിധാനങ്ങൾ, പൊതുജന ബോധവൽക്കരണം എന്നിവയിലൂടെയാണ് ചിലി പേ വിഷബാധയെ പൂർണമായും തുടച്ചുനീക്കിയത്. ചിലി കൈവരിച്ച വിജയം ലോകത്തിന് തന്നെ വലിയൊരു മാതൃകയാണെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥദാനം ഗെബ്രിയേസസ് പറഞ്ഞു. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ മരണസാധ്യത വളരെ കൂടുതലുള്ള പേ വിഷബാധയെ പ്രതിരോധ കുത്തിവയ്പിലൂടെയും കൃത്യമായ ചികിത്സയിലൂടെയും നിർമാർജനം ചെയ്യാൻ കഴിയുമെന്ന് ചിലി തെളിയിച്ചതായി പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷനും ചൂണ്ടിക്കാട്ടി.

ഏഷ്യയിലും ആഫ്രിക്കയിലുമായി ഇപ്പോഴും പതിനായിരക്കണക്കിന് ആളുകളാണ് പ്രതിവർഷം പേ വിഷബാധയേറ്റ് മരിക്കുന്നത്. എന്നാൽ അമേരിക്കൻ വൻകരയിൽ കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ 1983-ന് ശേഷം പേ വിഷബാധ കേസുകളിൽ 98 ശതമാനത്തിലധികം കുറവുണ്ടായിട്ടുണ്ട്. 2030-ഓടെ മേഖലയിൽ നിന്ന് സങ്കീർണ്ണമായ പകർച്ചവ്യാധികൾ ഉന്മൂലനം ചെയ്യാനുള്ള നീക്കത്തിൽ ചിലിയുടെ ഈ അംഗീകാരം വലിയൊരു നാഴികക്കല്ലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button