അന്തർദേശീയം

യുക്രെയ്നിൽ യൂറോപ്യൻ രാജ്യങ്ങൾ സൈന്യത്തെ വിന്യസിച്ചാൽ നേരിട്ടുള്ള യുദ്ധപ്രഖ്യാപനമായി കണക്കാക്കും : പുട്ടിൻ

ന്യൂഡൽഹി : യുക്രെയ്നിലേക്ക് യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ സൈന്യത്തെ വിന്യസിക്കാൻ തുനിഞ്ഞാൽ അത് റഷ്യയ്‌ക്കെതിരായ നേരിട്ടുള്ള യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ മുന്നറിയിപ്പ്. റഷ്യ ആർക്കും ഭീഷണിയുയർത്തുന്നില്ലെന്നും യൂറോപ്പിലേക്ക് കടന്നുകയറാൻ തങ്ങൾക്ക് യാതൊരു താൽപര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യൻ നേതാക്കൾ തങ്ങളുടെ രാജ്യങ്ങളിലെ ജനങ്ങളെ റഷ്യ എന്ന വ്യാജ ഭീതി കാണിച്ച് വെറുതെ ഭയപ്പെടുത്തുകയാണെന്നും പുട്ടിൻ കുറ്റപ്പെടുത്തി.

‘‘അവർ ഇപ്പോൾ യുക്രെയ്ൻ മണ്ണിലേക്ക് സൈന്യത്തെ അയക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. അതിന്റെ അർഥം റഷ്യയുമായുള്ള യുദ്ധം എന്നാണ്. ഞങ്ങൾ ഒരു യൂറോപ്യൻ രാജ്യത്തെയും ഭീഷണിപ്പെടുത്തുന്നില്ല, അതിന് ഉദ്ദേശ്യവുമില്ല. യൂറോപ്പുമായി യുദ്ധത്തിൽ ഏർപ്പെടാൻ റഷ്യയ്ക്ക് യാതൊരു കാരണവുമില്ലെന്ന യാഥാർഥ്യം ആരും മനസിലാക്കുന്നില്ല. അങ്ങനെയൊരു ഭീഷണി നിലവിലില്ല, ഒരിക്കലും ഉണ്ടായിട്ടുമില്ല’’– പുട്ടിൻ പറഞ്ഞു.

2022 ഫെബ്രുവരിയിലാണ് റഷ്യ യുക്രെയ്നിൽ വൻതോതിലുള്ള സൈനിക അധിനിവേശം ആരംഭിച്ചത്. പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോ തങ്ങളുടെ അതിർത്തികളിലേക്ക് വ്യാപിക്കുന്നതാണ് റഷ്യയെ പ്രകോപിപ്പിച്ചത്. യുക്രെയ്ൻ നാറ്റോയിൽ ചേരാൻ ആഗ്രഹിക്കുന്നതാണ് തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടിയാണ് റഷ്യ യുദ്ധത്തെ ന്യായീകരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button