അന്തർദേശീയം

ഒമാൻ തീരത്തിന് സമീപം ഹോർമുസ് കടലിടുക്കിൽ വച്ച് എണ്ണക്കപ്പലിന് നേരെ ആക്രമണം

തെഹ്റാൻ : ഒമാൻ തീരത്തിന് സമീപം ഹോർമുസ് കടലിടുക്കിൽ വച്ച് എണ്ണക്കപ്പലിന് നേരെ ആക്രമണം. ആക്രമണത്തിൽ കപ്പലിന്റെ പ്രവർത്തനം നിലച്ചതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. സ്ഫോടക വസ്തു കപ്പലിന്റെ എൻജിൻ റൂമിലാണ് പതിച്ചാണ് ആക്രമണമുണ്ടായത്. ഇതിനെ തുടർന്ന് കേടുപാടുകൾ സംഭവിച്ച് കപ്പൽ യാത്ര തുടരാനാകാതെ നിശ്ചലമായി.

ആക്രമണത്തിന് പിന്നാലെ, കപ്പലിലുണ്ടായിരുന്ന ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ സ്ഥിരീകരിച്ചു. ഒമാനിലെ അഷ് ഷിഷ തീരത്ത് നിന്ന് ഏകദേശം 9 നോട്ടിക്കൽ മൈൽ (16.7 കിലോമീറ്റർ) വടക്കുകിഴക്ക് മാറിയാണ് സംഭവം നടന്നത്.

ആക്രമണം നടത്തിയത് ആരാണെന്നോ, ഏത് തരം സ്ഫോടക വസ്തുവാണ് പതിച്ചതെന്നോ വ്യക്തമായിട്ടില്ല. കപ്പൽ ഏത് രാജ്യത്തിന്റേതാണെന്നോ എങ്ങോട്ടാണ് പോയിരുന്നതെന്നോ ഉള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പശ്ചിമേഷ്യൻ സംഘർഷം ആറാം മാസത്തിലേക്ക് കടക്കവെ, ഇറാന് മേലുള്ള സാമ്പത്തിക സമ്മർദ്ദം കടുപ്പിക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഫെബ്രുവരി അവസാനം അമേരിക്കയും ഇസ്രായേലും ഇറാന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ ഇറാൻ ഹോർമുസ് കടലിടുക്കിൽ ശക്തമായ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ലോകത്തെ പ്രധാന എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിലുണ്ടാകുന്ന ഇത്തരം തടസ്സങ്ങൾ ആഗോള ഇന്ധന വിപണിയെയും കടൽമാർഗ്ഗമുള്ള വാണിജ്യത്തെയും സാരമായി ബാധിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button