അന്തർദേശീയം
കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടിയുമായി കൊളംബിയയിലെ തീവ്രവലതുപക്ഷ സർക്കാർ

ബൊഗോട്ട : കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടിയുമായി കൊളംബിയയിലെ തീവ്രവലതുപക്ഷ സർക്കാർ. രാജ്യത്ത് റസിഡൻസ് പെർമിറ്റില്ലാതെ കഴിയുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാരെ, പ്രത്യേകിച്ച് വെനിസ്വേലക്കാരെ നാടുകടത്തുമെന്ന് കൊളംബിയൻ പ്രസിഡന്റ് അബെലാർഡോ ഡെ ലാ എസ്പ്രിയെല്ല പ്രഖ്യാപിച്ചു. ഇതിനായി അധികാരികൾക്ക് നിർദേശവും നൽകി.
ഈ ആഴ്ച തന്നെ പൊലീസും മൈഗ്രേഷൻ അതോറിറ്റിയും സംയുക്തമായി റെയ്ഡുകൾ ആരംഭിക്കണമെന്ന് ഡെ ലാ എസ്പ്രിയെല്ല പറഞ്ഞു. കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനും ക്രിമിനൽ സംഘങ്ങളെ നേരിടുന്നതിനുമാണ് നടപടിയെന്നാണ് പ്രസിഡന്റിന്റെ ന്യായീകരണം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി അടുത്ത ബന്ധം പുലർത്തുന്ന തീവ്ര വലതുപക്ഷ നേതാവാണ് ഡെ ലാ എസ്പ്രിയെല്ല.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ആഗസ്ത് വരെ ഏകദേശം 2.8 ദശലക്ഷം വെനിസ്വേലക്കാർ കൊളംബിയയിൽ താമസിക്കുന്നുണ്ട്.



