വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി 21 കരാറുകളിൽ ഒപ്പുവെച്ച് സൗദി അറേബ്യയും ഫ്രാൻസും

റിയാദ് : വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി 21 കരാറുകളിൽ ഒപ്പുവെച്ച് സൗദി അറേബ്യയും ഫ്രാൻസും. പ്രതിരോധം, നിക്ഷേപം, ഊർജ്ജം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രാദേശിക സുരക്ഷ മേഖലകളിലാണ് ഇരു രാജ്യങ്ങളും അവരുടെ പങ്കാളിത്തം ശക്തമാക്കുക. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രണ്ട് ദിവസങ്ങളിലായി നടത്തി ഫ്രാൻസ് സന്ദർശന വേളയിലാണ് കരാറുകൾക്ക് ധാരണയായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 100-ാം വാർഷികത്തിന് കൂടിയാണ് എലിസി പാലസ് സാക്ഷിയായത്.
മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും പ്രാദേശിക സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഇറാനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ചകളിലൂടെയുള്ള നയതന്ത്ര പരിഹാരമാണ് വേണ്ടത്. ഇറാന്റെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കുള്ളതാണെന്ന് ഉറപ്പാക്കുന്ന നയതന്ത്ര പരിഹാരത്തിന് തയാറാണെന്നും നേതാക്കൾ ആവർത്തിച്ചു. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള പൂർണ സഹകരണം ഇറാൻ പുനഃസ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ നേതാക്കൾ ശക്തമായി അപലപിച്ചു. ഹോർമുസിലെ സുഗമമായ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കണമെന്നും സമുദ്ര സുരക്ഷ ഉറപ്പാക്കണമെന്നും ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടു.
ഹമാസിന്റെ നിരായുധീകരണം സംബന്ധിച്ച കരാർ പ്രഖ്യാപനത്തെ സൗദി അറേബ്യയും ഫ്രാൻസും സ്വാഗതം ചെയ്തു. ഗസ്സയിൽ ശാശ്വതമായ വെടിനിർത്തലിനുള്ള അന്തരീക്ഷം ഒരുക്കണമെന്നും ദുരിതമനുഭവിക്കുന്ന സാധാരണക്കാർക്ക് തടസ്സങ്ങളില്ലാതെ വേഗത്തിലും സുരക്ഷിതമായും മാനുഷിക സഹായങ്ങൾ എത്തിക്കണമെന്നും ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടു. 1967-ലെ അതിർത്തികൾ അടിസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ തടസ്സപ്പെടുത്താനുള്ള നീക്കങ്ങളെ നേതാക്കൾ തള്ളിപ്പറഞ്ഞു. ഇസ്രയേലിന്റെ കുടിയേറ്റ നയങ്ങളും കുടിയേറ്റക്കാരുടെ അക്രമങ്ങളും അവസാനിപ്പിക്കണം. ഇത്തരം നടപടികൾ ദ്വിരാഷ്ട്ര പരിഹാരത്തിന് ഭീഷണിയാണെന്നും നേതാക്കൾ വ്യക്തമാക്കി.
ലബനാനിലെ സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനും രാജ്യത്തിന്റെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കുന്നതിനുമായി ശ്രമങ്ങൾ ഊർജ്ജിതമാക്കാനും കൂടിക്കാഴ്ചയിൽ തീരുമാനമായി. ലബനാൻ പ്രസിഡന്റ് ജോസഫ് ഔൺ, പ്രധാനമന്ത്രി നവാഫ് സലാം എന്നിവരുടെ നേതൃത്വത്തിൽ ഭരണകൂട സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തുടനീളം സർക്കാറിന്റെ അധികാരം വ്യാപിപ്പിക്കുന്നതിനും നടത്തുന്ന നീക്കങ്ങളെ അഭിനന്ദിച്ചു.
യമനിലെ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിലിനും അവിടെ ശാശ്വത സമാധാനം കൊണ്ടുവരാനുള്ള ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങൾക്കും നേതാക്കൾ പൂർണ പിന്തുണ പ്രഖ്യാപിച്ചു. സൗദി അറേബ്യയിലെ സിവിലിയൻ കേന്ദ്രങ്ങൾക്കും തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുണ്ടാകുന്ന ഹൂതി ആക്രമണങ്ങളെയും, ചെങ്കടലിലൂടെയുള്ള അന്താരാഷ്ട്ര വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള കടന്നാക്രമണങ്ങളെയും ഇരുരാജ്യങ്ങളും അപലപിച്ചു. സുഡാനിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനും വിദേശ രാജ്യങ്ങളുടെ ഇടപെടലുകൾ അവസാനിപ്പിക്കുന്നതിനും ശ്രമങ്ങൾ ഊർജ്ജിതമാക്കാൻ തീരുമാനിച്ചു.



