അന്തർദേശീയം

യുഎസ് സൈനിക പത്രമായ ‘സ്റ്റാർ ആൻഡ് സ്‌ട്രൈപ്‌സ്’ എഡിറ്റർ ഉൾപ്പെടെയുള്ളവരെ പെന്റഗൺ പുറത്താക്കി

വാഷിംഗ്‌ടൺ ഡിസി : യുഎസ് സൈനിക വാർത്താ പത്രമായ ‘സ്റ്റാർസ് ആൻഡ് സ്ട്രൈപ്സ്’ എഡിറ്റർ ഇൻ ചീഫ് എറിക് സ്ലേവിൻ, മിഡിൽ ഈസ്റ്റ് റിപ്പോർട്ടർ ലാറ കോർട്ടെ എന്നിവരെ യുഎസ് പ്രതിരോധ വകുപ്പായ പെന്റഗൺ പുറത്താക്കി. പത്രത്തിന്റെ എഡിറ്റോറിയൽ സ്വാതന്ത്ര്യത്തിന് മേലുള്ള ഭരണകൂട ഇടപെടലുകളെ സിബിഎസ് അഭിമുഖത്തിൽ പരസ്യമായി എതിർത്തതിനാണ് അച്ചടക്കലംഘനം ആരോപിച്ച് ഈ നടപടി. വിരമിക്കൽ പ്രഖ്യാപിച്ചിരുന്ന പത്രത്തിന്റെ ദീർഘകാല പബ്ലിഷർ മാക്സ് ലെഡറർക്കും പെന്റഗൺ പിരിച്ചുവിടൽ നോട്ടീസ് അയച്ചതായും റിപ്പോർട്ട്. ഇപ്പോഴത്തെ ഭരണകൂടത്തിന്റെ നയങ്ങളുമായി ചേർന്ന് പോവാൻ സാധിക്കാത്തതാണ് പബ്ലിഷർ ആയിരുന്ന മാക്സ് ലെഡററിന്റെ രാജിക്ക് പിന്നിൽ എന്ന വാർത്ത ഏതാനും ദിവസം മുന്നേ പുറത്തുവന്നിരുന്നു.

സൈനികർക്ക് ലഭ്യമാകുന്ന വാർത്തകളിൽ സെൻസർഷിപ്പ് കൊണ്ടുവരുന്നത് അംഗീകരിക്കാനാകില്ലെന്നും അത് ഒരു ‘റെഡ് ലൈൻ’ ആണെന്നും സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ എറിക് സ്ലേവിൻ തുറന്നുപറഞ്ഞിരുന്നു. “നിയമപരമായും ഡിപ്പാർട്ട്‌മെന്റിന്റെ സ്വന്തം നയങ്ങൾ പ്രകാരവും സ്റ്റാർസ് ആൻഡ് സ്ട്രൈപ്സ് എഡിറ്റോറിയൽ സ്വാതന്ത്ര്യം നിലനിർത്തണം എന്ന തത്വത്തിൽ ഞാൻ ഉറച്ചുനിൽക്കുന്നു,” എന്ന് സ്ലേവിൻ വ്യക്തമാക്കി. “ഞാൻ ജോലി ചെയ്യുന്നത് പെന്റഗണിനോ സർക്കാരിനോ വേണ്ടിയല്ല, മറിച്ച് സൈനിക സമൂഹത്തിന് വേണ്ടിയാണ്,” എന്ന് റിപ്പോർട്ടർ ലാറ കോർട്ടെയും വ്യക്തമാക്കി.

യുഎസ് നേവിയുടെ യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പലിൽ മാസങ്ങളോളം നീണ്ട ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികരുടെ മാനസികാരോഗ്യ പ്രതിസന്ധികളെക്കുറിച്ചും ആത്മഹത്യാ പ്രവണതകളെക്കുറിച്ചും പത്രം അടുത്തിടെ അന്വേഷണാത്മക റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഇത് ട്രംപ് ഭരണകൂടത്തെ ചൊടിപ്പിച്ചിരുന്നു. പത്രത്തിന്റെ ഉള്ളടക്കത്തിൽ മാറ്റങ്ങൾ വരുത്താനും ‘വോക്ക്’ വിഷയങ്ങൾ ഒഴിവാക്കാനും പെന്റഗൺ ശ്രമിക്കുന്നതിനിടെയാണ് മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടിയുണ്ടായതെന്ന് മാധ്യമ കൂട്ടായ്മകളും പ്രസ് ക്ലബ്ബുകളും ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button