അന്തർദേശീയം

മ്യാന്‍മറില്‍ ബുദ്ധവിഹാരത്തിനുനേരെ സൈന്യത്തിന്റെ വ്യോമാക്രമണം; 14 പേര്‍ കൊല്ലപ്പെട്ടു

നെയ്പിഡോ : മ്യാന്‍മറില്‍ സൈന്യം ബുദ്ധവിഹാരത്തിന് നേര്‍ക്ക് നടത്തിയ വ്യോമാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 20ലധികം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ മ്യാന്‍മറിലെ സെന്‍ട്രല്‍ സഗയിങ് മേഖലയിലെ സ്വെല്‍ ലേ ഓ ഗ്രാമത്തിലെ ബുദ്ധവിഹാരത്തിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. നൂറിലധികം പേര്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ധ്യാനപരിപാടിയില്‍ പങ്കെടുക്കുന്നിടത്തേക്കായിരുന്നു സൈന്യം ബോംബിട്ടത്. സായുധ ഗോത്ര സംഘങ്ങള്‍ക്ക് നേരെ മ്യാന്‍മര്‍ സൈന്യം നടത്തുന്ന ആക്രമണ പരമ്പരകളുടെ ഭാഗമാണിത്.

ബുദ്ധവിഹാരത്തിന്റെ മതിലിനുള്ളിലേക്ക് യുദ്ധവിമാനം ബോംബ് ഇടുകയായിരുന്നെന്നും പതിനാലുപേര്‍ കൊല്ലപ്പെട്ടതില്‍ മൂന്നുപേര്‍ സ്ത്രീകളാണെന്നും മ്യായുങ് ടൗണ്‍ഷിപ്പിന്റെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓര്‍ഗനൈസേഷന്റെ വക്താവ് നവേ ഓ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിനോടു പറഞ്ഞു.

പതിഞ്ചുമിനിറ്റ് വ്യത്യാസത്തില്‍ സൈന്യം രണ്ട് ബോംബുകളാണ് ഇട്ടതെന്നും അതില്‍ രണ്ടാമത്തേത് ബുദ്ധവിഹാരത്തിന് സമീപത്തെ വീടുകളിലൊന്ന് തകര്‍ത്തെന്നും പ്രദേശവാസികളില്‍ ഒരാള്‍ പറഞ്ഞു. ജനാധിപത്യവാദികള്‍ക്കും സായുധ ഗോത്ര സംഘങ്ങള്‍ക്കും നേരെ മ്യാന്‍മര്‍ സൈന്യം നടത്തിവരുന്ന ആക്രമണ പരമ്പരകളുടെ ഭാഗമാണ് ആക്രമണം. 2021 ഫെബ്രുവരിയില്‍ അട്ടിമറി നടത്തി പട്ടാളം അധികാരം പിടിച്ചതില്‍പിന്നെ മ്യാന്‍മറില്‍ ആഭ്യന്തരസംഘര്‍ഷം രൂക്ഷമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button