യൂറോപ്യൻ യൂണിയൻ വാർത്തകൾ

സമുദ്ര താപനിലയിൽ അസാധാരണവർധനവ്; പലായനംചെയ്ത് മത്തിയും അയലയും

ലണ്ടൻ : ചൂടുചോറിനൊപ്പം ഒരു കഷ്ണം അയലയോ മത്തിയോ മലയാളികളുടെ മെനുവിലെ പതിവുവിഭവങ്ങളാണല്ലോ. എന്നാൽ, ഊണുമേശയിലെ ഈ വിഭവങ്ങൾ വരുംദിവസങ്ങളിൽ അപ്രത്യക്ഷമായാലോ? ഇത് ഒരു ഭാവനയല്ല, പിന്നീടെപ്പോഴോ സംഭവിക്കാൻ പോകുന്ന പ്രതിഭാസവുമല്ല. ആഗോളതലത്തിൽ സമുദ്ര താപനിലയിലുണ്ടാകുന്ന അസാധാരണമായ വർധനവ് കാരണം അയല പോലുള്ള മത്സ്യങ്ങൾ തണുപ്പുള്ള വടക്കൻ കടലുകളിലേക്ക് കൂട്ടമായി പലായനം ചെയ്യുകയാണെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. മത്തി, അയല തുടങ്ങിയ ചെറുമത്സ്യങ്ങളുടെ ദൗർലഭ്യം അയർലൻഡ്, നോർവേ തുടങ്ങിയ രാജ്യങ്ങളിൽ അനുഭവപ്പെട്ടുകഴിഞ്ഞു. ഈ ദൗർലഭ്യം തകിടം മറിക്കുന്നത് സമുദ്രത്തിൻ്റെ ആവാസവ്യവസ്ഥ കൂടിയാണെന്നോർക്കണം.

അടുത്ത കാലത്തായി നമ്മൾ നേരിടുന്ന കടുത്ത വേനൽച്ചൂടും അപ്രതീക്ഷിതമായ പ്രളയങ്ങളും ഈ സമുദ്ര താപനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നതാണ് മറ്റൊരു വസ്തുത. അന്തരീക്ഷത്തിലെ താപത്തിന്റെ 90 ശതമാനത്തിലധികവും ആഗിരണം ചെയ്യുന്നത് കടലുകളാണ്. ഇത് സമുദ്രങ്ങളെ ഒരു ‘ഹോട്ട് ടബ്ബ്’ പോലെ ചൂടുപിടിപ്പിക്കുന്നു. കടൽ ചൂടാകുമ്പോൾ അന്തരീക്ഷത്തിലേക്ക് വലിയ തോതിൽ ഈർപ്പം ബാഷ്പീകരിക്കപ്പെടുകയും ഇത് പിന്നീട് പ്രളയങ്ങൾക്ക് കാരണമാകുന്ന പേമാരിയായി കരയിൽ പെയ്തിറങ്ങുകയും ചെയ്യുന്നു. സമുദ്രങ്ങളിലെ ഈ അടിയന്തിരാവസ്ഥയെയും അത് മനുഷ്യ ജീവിതത്തെ എങ്ങനെയെല്ലാം ബാധിക്കുമെന്നതിനെക്കുറിച്ചും ആഴത്തിൽ മനസ്സിലാക്കേണ്ടതുണ്ട്.

അനിയന്ത്രിതമായി ഉയരുന്ന സമുദ്ര താപനില

മനുഷ്യന്റെ ഇടപെടലുകൾ കാരണമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം ഇന്ന് ലോകമെമ്പാടുമുള്ള സമുദ്രങ്ങളിലെ താപനില വൻതോതിൽ വർധിപ്പിച്ചുകഴിഞ്ഞു. പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളോട് ചേർന്നുള്ള സമുദ്രങ്ങളിലെ താപനില മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് അതിവേഗം ഉയർന്നുകൊണ്ടിരിക്കുന്നു. ഗവേഷകരുടെ കണക്കുകൾ പ്രകാരം, ആഗോളതലത്തിൽ രേഖപ്പെടുത്തപ്പെട്ടതിൽവെച്ച് ഏറ്റവും ഉയർന്ന സമുദ്ര ഉപരിതല താപനിലയ്ക്കാണ് 2026-ലെ ജൂലൈ മാസം സാക്ഷ്യം വഹിച്ചത്. അറ്റ്ലാന്റിക് സമുദ്രത്തിലും പടിഞ്ഞാറൻ മെഡിറ്ററേനിയൻ തീരങ്ങളിലും റെക്കോർഡ് താപനിലയാണ് ഈ സമയം രേഖപ്പെടുത്തിയത്. ജൂൺ മാസത്തിൽ മെഡിറ്ററേനിയൻ കടലിലെ താപനില സാധാരണയേക്കാൾ ആറ് ഡിഗ്രി സെൽഷ്യസ് വരെ ഉയരുകയുണ്ടായി. സ്പെയിനിലെ മല്ലോർക്ക തീരത്ത് സമുദ്ര താപനില ചരിത്രത്തിലാദ്യമായി 33 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തി. പടിഞ്ഞാറൻ മെഡിറ്ററേനിയൻ മേഖലയിലാകെ താപനില സാധാരണയേക്കാൾ നാല് ഡിഗ്രി സെൽഷ്യസ് കൂടുതലായിരുന്നു.

തകിടംമറിയുന്ന ആവാസവ്യവസ്ഥ

ഈ സമുദ്ര ഉഷ്ണതരംഗങ്ങൾ സമുദ്രത്തിലെ ജൈവവൈവിധ്യത്തിന് വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്. സമുദ്ര ആവാസവ്യവസ്ഥയുടെ അടിസ്ഥാന ശിലകളായ പവിഴപ്പുറ്റുകൾ, സ്പോഞ്ചുകൾ, കടൽ പായലുകൾ എന്നിവയുടെ നാശത്തിന് ഇത് കാരണമാകുന്നു. ഈ പ്രധാന ജീവിവർഗങ്ങളുടെ നാശം സമുദ്ര ഭക്ഷ്യശൃംഖലയെയാകെ തകിടം മറിക്കുകയും മറ്റ് സമുദ്രജീവികളുടെയും പക്ഷികളുടെയും കൂട്ടമരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇംഗ്ലണ്ടിന്റെ തെക്കൻ തീരങ്ങളിൽ കഴിഞ്ഞ 30 വർഷത്തിനിടെ സമുദ്ര താപനിലയിലെ വർധനവ് കാരണം 94 ശതമാനം കെൽപ് വനങ്ങളും നശിച്ചുപോയി. ഇത് കൊഡ് പോലുള്ള ചെറു മത്സ്യങ്ങളുടെയും ലോബ്‌സ്റ്ററുകളുടെയും നിലനിൽപ്പിനെ അപകടത്തിലാക്കുന്നു.

സമുദ്ര താപനില താങ്ങാൻ കഴിയാതെ തണുപ്പുള്ള വടക്കൻ മേഖലകളിലേക്ക് ജീവിവർഗങ്ങൾ പലായനം ചെയ്യുകയാണ്. ഉദാഹരണത്തിന്, മത്തിപോലുള്ള മത്സ്യങ്ങൾ വടക്കൻ ഐസ്‌ലാൻഡ് തീരങ്ങളിലേക്ക് മാറിയതോടെ പരമ്പരാഗതമായി ഇവയെ പിടിച്ചിരുന്ന അയർലൻഡ്, നോർവേ എന്നീ രാജ്യങ്ങൾ തമ്മിൽ തർക്കങ്ങളുണ്ടായി. ഇത് അമിത മീൻപിടുത്തത്തിനും കാരണമായി. ഇരകളുടെ കുറവ് കാരണം ഡോൾഫിനുകൾ ജെല്ലിഫിഷുകളെ ഭക്ഷണമാക്കാൻ തുടങ്ങിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.

ചൂടുപിടിക്കുന്ന വെള്ളത്തിൽ ഓക്സിജന്റെ അളവ് കുറയുന്നതോടെ ഇത്തരം പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാൻ കഴിയുന്ന വിഷമുള്ള ലയൺ ഫിഷ് പോലുള്ള ജീവികൾ ചെങ്കടലിൽനിന്ന് സൂയസ് കനാൽ വഴി മെഡിറ്ററേനിയൻ കടലിലേക്ക് അധിനിവേശം നടത്തിക്കഴിഞ്ഞു. ചെറുമത്സ്യങ്ങളെ വേട്ടയാടുന്ന ലയൺ ഫിഷുകൾ സമുദ്ര ആവാസവ്യവസ്ഥയെ എന്നെന്നേക്കുമായി മാറ്റിമറിക്കുകയാണെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ, ഓക്സിജൻ കുറഞ്ഞ വെള്ളത്തിലും അതിജീവിക്കാൻ കഴിയുന്ന ജെല്ലിഫിഷുകളുടെ എണ്ണത്തിലുണ്ടായ വൻ വർധനവ് ചെറു മത്സ്യങ്ങളുടെ മുട്ടകളും കുഞ്ഞുങ്ങളും നശിക്കാൻ ഇടയാക്കുന്നു. കരയിലെ ഉഷ്ണതരംഗങ്ങളിൽനിന്ന് രക്ഷപ്പെടാൻ ആളുകൾ കടൽത്തീരങ്ങളിലേക്ക് എത്തുമ്പോൾ ഉയർന്ന താപനില കാരണം പടരുന്ന വിബ്രിയോസിസ് പോലുള്ള മാരകമായ ജലജന്യ രോഗങ്ങളുടെ സാധ്യതയും കൂടുന്നു.

‘ചങ്ങല പ്രതിഭാസം’

പ്രകൃതിയിലെ സ്വാഭാവിക പ്രക്രിയകളുടെ ചങ്ങല പ്രതിഭാസമാണ് (Positive feedback mechanisms) കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഇത്ര ശക്തമാക്കുന്നത്. ഭൂമി ചൂടുപിടിക്കുമ്പോൾ ധ്രുവങ്ങളിലെ മഞ്ഞുപാളികൾ ഉരുകുകയും സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കാനുള്ള ഭൂമിയുടെ ശേഷി കുറയുകയും ചെയ്യുന്നു, ഇത് താപനില വർധിപ്പിക്കുന്നു. ചൂടുകൂടിയ അന്തരീക്ഷം കൂടുതൽ ഈർപ്പം നിലനിർത്തുന്നതിനാൽ അത് വീണ്ടും ഹരിതഗൃഹ പ്രഭാവം കൂട്ടി താപനില വർധിപ്പിക്കാൻ കാരണമാകുന്നു. ഇതിനുപുറമെ പസഫിക് സമുദ്രത്തിൽ രൂപംകൊണ്ടിരിക്കുന്ന ശക്തമായ ‘എൽ നിനോ’ പ്രതിഭാസം ചൂട് റെക്കോർഡ് തലത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്. എൽ നിനോ ഒരു സ്വാഭാവിക പ്രതിഭാസമാണെങ്കിലും കാലാവസ്ഥാ വ്യതിയാനമാണ് ഇതിനെ കൂടുതൽ അപകടകരമാക്കിയത്.

സമുദ്രങ്ങൾ ചൂടാകുന്നത് തീരദേശ മേഖലകളിൽ രാത്രികാലങ്ങളിൽ പോലും കടുത്ത ഉഷ്ണത്തിനും ഉയർന്ന അന്തരീക്ഷ ഈർപ്പത്തിനും കാരണമാകുന്നു. ചൂടുകൂടിയ സമുദ്രങ്ങളിൽനിന്നുള്ള അമിതമായ ബാഷ്പീകരണം അന്തരീക്ഷത്തിൽ ഈർപ്പം വർധിപ്പിക്കുകയും പിന്നീട് ഇത് പ്രളയങ്ങൾക്കും പേമാരികൾക്കും കാരണമാവുകയും ചെയ്യുന്നു. കരയിലേക്ക് നോക്കിയാൽ യൂറോപ്പിലെ പ്രധാന നദികളായ റൈൻ, സെൻ, ഡാന്യൂബ് എന്നിവ കടുത്ത ചൂടിൽ വറ്റിവരണ്ടുപോകുന്നത് കപ്പൽ ഗതാഗതത്തെയും നദീജന്യ ആവാസവ്യവസ്ഥയെയും തകിടം മറിക്കുന്നു. നദികൾ ചെറിയ കുളങ്ങളായി ചുരുങ്ങുമ്പോൾ അവയിൽ ഓക്സിജൻ കുറയുകയും ദശലക്ഷക്കണക്കിന് മത്സ്യങ്ങൾ ചത്തുപൊങ്ങുകയും ചെയ്യുന്നു.

സമുദ്രങ്ങളിലെ അമിത മീൻപിടുത്തവും മാലിന്യം തള്ളലും ഇതിനകംതന്നെ ഭീഷണിയാണ്. കാലാവസ്ഥാ വ്യതിയാനം ഇതിന്റെ ആഘാതം ഇരട്ടിയാക്കുന്നു. മുൻകൂട്ടി താക്കീത് നൽകുന്ന സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതും മീൻപിടുത്തം ശാസ്ത്രീയമായി നിയന്ത്രിക്കുന്നതും വഴി ഒരു പരിധി വരെ പ്രതിരോധം തീർക്കാമെങ്കിലും നിരന്തരമായ സമുദ്ര താപനത്തിന്റെ ആഘാതങ്ങളെ മറികടക്കാൻ ഇവയ്ക്ക് കഴിയില്ല. സമുദ്ര താപനില പല സമുദ്രജീവികളുടെയും അതിജീവന പരിധിക്കപ്പുറത്തേക്ക് ഉയർന്നു കഴിഞ്ഞു. അതിനാൽ സമുദ്ര ആവാസവ്യവസ്ഥയെയും മത്സ്യബന്ധനത്തെയും മനുഷ്യന്റെ നിലനിൽപ്പിനെയും സംരക്ഷിക്കുന്നതിനായി ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗത്തിൽനിന്ന് എത്രയും വേഗം പിന്മാറേണ്ടത് അത്യന്താപേക്ഷിതമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button