അന്തർദേശീയംടെക്നോളജി

ഇനി ടിക്കറ്റ് നിരക്ക് കുറയുമോ?; ലോകത്തിലെ വലിയ ഇലക്ട്രിക് വിമാനത്തിന്റെ പരീക്ഷണം വിജയം

ന്യൂയോർക്ക് : ഭാവിയിലെ വിമാന യാത്രകളുടെ ചെലവ് ഗണ്യമായി കുറഞ്ഞേക്കാമെന്ന സൂചന നൽകി ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വിമാനത്തിന്റെ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയായി.

അമേരിക്കയിലെ ഹാർട്ട് എയറോസ്പേസ് നിർമ്മിച്ച ‘X1’ എന്ന ഇലക്ട്രിക് വിമാനമാണ് ചരിത്രപരമായ ഈ നേട്ടം കൈവരിച്ചത്. 27 മിനിറ്റ് നീണ്ടുനിന്ന ഈ പരീക്ഷണ പറക്കലിനായി വിമാനം ഉപയോഗിച്ചത് വെറും 5 ഡോളർ (ഏകദേശം 500 രൂപ) വിലമതിക്കുന്ന വൈദ്യുതി മാത്രമാണ്!

ഈ പരീക്ഷണ യാത്രയിൽ ഒരു പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്, യാത്രക്കാർ ഉണ്ടായിരുന്നില്ല. അപ്സ്റ്റേറ്റ് ന്യൂയോര്‍ക്കിലെ ഒരു എയർപോർട്ടിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം 1,100 അടി (335 മീറ്റർ) ഉയരത്തിലാണ് പറന്നത്. 27 മിനിറ്റ് ദൈർഘ്യമുള്ള യാത്ര പൂർണ്ണമായും ബാറ്ററിയുടെ ഊർജ്ജത്തിലാണ് പൂർത്തിയാക്കിയത്. സാധാരണ സ്കൂൾ ബസ്സിന്റെ അത്രയും തൂക്കവും 106 അടി ചിറകളവും , 76 അടി നീളവുമുള്ള വലിയ വിമാനമാണിത്.

അതേസമയം 5 ഡോളറിന്റെ ഇലക്ട്രിസിറ്റി ഉപയോഗിച്ച് എന്നത് കൊണ്ട് ടിക്കറ്റ് നിരക്ക് പെട്ടെന്ന് കുറയില്ല. വിമാനക്കമ്പനികൾക്ക് പൈലറ്റ് ശമ്പളം, അറ്റകുറ്റപ്പണികൾ, എയർപോർട്ട് ചാർജുകൾ, ഇൻഷുറൻസ്, ബാറ്ററി മാറ്റാനുള്ള ചെലവ് എന്നിവയൊക്കെ വഹിക്കേണ്ടതുണ്ട്. എങ്കിലും, പരമ്പരാഗത ഇന്ധനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് വിമാനങ്ങൾ ചെലവ് കുറഞ്ഞ രീതിയിൽ പ്രവർത്തിപ്പിക്കാൻ കഴിയുമെന്നാണ് ഇക്കാര്യം തെളിയിക്കുന്നത്.

പരീക്ഷണ വിമാനമായ X1-ൽ നിന്നുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് 30 പേർക്ക് സഞ്ചരിക്കാവുന്ന ES-30 എന്ന ഹൈബ്രിഡ്-ഇലക്ട്രിക് വിമാനം നിർമ്മിക്കുകയാണ് ഹാർട്ട് എയറോ സ്പേസിന്റെ ലക്ഷ്യം. 2031-ഓടെ ഇത് സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണ വിമാനങ്ങളേക്കാൾ 40 ശതമാനത്തോളം പ്രവർത്തനച്ചെലവ് കുറയ്ക്കാൻ ഇതിന് സാധിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. യൂണൈറ്റഡ് എയര്‍, എയർ കാനഡ, ജെഎസ്എക്സ് ഉൾപ്പെടെയുള്ള എയർലൈനുകൾ ഈ വിമാനത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ധനച്ചെലവ് ഗണ്യമായി കുറയ്ക്കാനും പരിസ്ഥിതി മലിനീകരണം ഇല്ലാതാക്കാനും കഴിയുന്ന ഇലക്ട്രിക് വിമാന സാങ്കേതികവിദ്യ വ്യോമയാന മേഖലയിൽ പുതിയ വിപ്ലവം സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button