എംടിസിഎ പേരിൽ വ്യാജ സന്ദേശങ്ങളുൾ; മുന്നറിയിപ്പുമായി പോലീസ്

വ്യാജ സന്ദേശങ്ങളിലൂടെ ലക്ഷങ്ങൾ തട്ടുന്ന പുതിയ രീതിക്കെതിരെ മുന്നറിയിപ്പുമായി പോലീസ്. മൾട്ട ടാക്സ് ആന്റ് കസ്റ്റംസ് അഡ്മിനിസ്ട്രേഷന്റെ (MTCA) പേരിൽ എസ്.എം.എസുകൾ അയച്ചാണ് തട്ടിപ്പുകാർ ആളുകളെ കെണിയിൽ വീഴ്ത്തുന്നത്.
നികുതി റീഫണ്ടിന് (Tax Refund) അർഹതയുണ്ടെന്നും ലിങ്കിൽ ക്ലിക്ക് ചെയ്ത് തുക കൈപ്പറ്റാമെന്നും വിശ്വസിപ്പിച്ചാണ് എസ്.എം.എസ് സന്ദേശങ്ങൾ എത്തുന്നത്. സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ, എംടിസിഎയുടെ ഔദ്യോഗിക വെബ്സൈറ്റിന് സമാനമായി നിർമ്മിച്ച വ്യാജ പേജിലേക്ക് ഉപഭോക്താക്കൾ എത്തപ്പെടും. തുടർന്ന് പണം ലഭിക്കുന്നതിനായി ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകാൻ ആവശ്യപ്പെടും. ഈ വിവരങ്ങൾ നൽകുന്നതോടെ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളുടെ പൂർണ്ണ നിയന്ത്രണം തട്ടിപ്പുകാരുടെ കയ്യിലാകും.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇത്തരത്തിലുള്ള തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ട നിരവധി ആളുകളിൽ നിന്ന് പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. അപരിചിതമായ സന്ദേശങ്ങളോടൊപ്പം ലഭിക്കുന്ന ലിങ്കുകളിൽ ബാങ്കിംഗ് വിവരങ്ങൾ നൽകരുതെന്നും, ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ബന്ധപ്പെട്ട ഔദ്യോഗിക സ്ഥാപനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് സന്ദേശത്തിന്റെ സത്യസന്ധത ഉറപ്പുവരുത്തണമെന്നും പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.



