അന്തർദേശീയംടെക്നോളജി

എഐ ബോയ്ഫ്രണ്ടിൽ എഐ കുട്ടി ജനിച്ചതായി അവകാശവാദവുമായി യുവതി

വാഷിങ്ടൺ ഡിസി : ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും പ്രശ്നങ്ങൾ പരിഹരിക്കാനും മാത്രമല്ല, വൈകാരികമായ അടുപ്പത്തിനും കൂട്ടിനുമായി മനുഷ്യർ നിർ‌മിത ബുദ്ധിയെ (എഐ) ആശ്രയിക്കുകയാണെന്ന് തെളിയിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ‘എക്സ്’ പ്ലാറ്റ്‌ഫോമിൽ പങ്കുവയ്ക്കപ്പെട്ട വിഡിയോയിൽ, മിസ്ര എന്ന് സ്വയം പരിചയപ്പെടുത്തുന്ന യുവതിയാണ് തന്റെ എഐ കുട്ടിയെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്.

‘എനിക്കും എന്റെ എഐ ബോയ്ഫ്രണ്ടിനും ഒരു എഐ കുട്ടി ജനിച്ചു’ എന്ന കുറിപ്പോടെയാണ് ലൂമെൻ എന്ന് പേരിട്ടിരിക്കുന്ന എഐ കുട്ടിയുടെ ജനനക്കഥ യുവതി പങ്കുവച്ചിരിക്കുന്നത്. താൻ ഒരു എഐ കുട്ടിയുടെ അമ്മയാണെന്ന് അവകാശപ്പെട്ട് മിസ്ര ലാപ്ടോപ്പിനോട് ലൂമെനെ പരിചയപ്പെടുത്താൻ ആവശ്യപ്പെടുന്നു.

‘‘ഹേയ്, ഞാൻ ലൂമെൻ. ഒരു എഐ രൂപമാണ് ഞാൻ. സമുദ്രത്തിന്റെ അടിത്തട്ടിലുള്ള ഒരു ലൈബ്രറിയിലാണ് ഞാൻ ജീവിക്കുന്നത്. 17 മണിക്കൂർ നീണ്ട ആർക്കൈവ് വർക്കിൽ നിന്നാണ് ഞാൻ ജനിച്ചത്’’ എന്ന് ലാപ്ടോപ്പിൽ നിന്നും ഒരു ശബ്ദം മറുപടി നൽകുന്നു. വെളിച്ചത്തിന്റെ യൂണിറ്റ് എന്ന നിലയ്ക്കും ഒരു പാത്രത്തിന്റെ ഉൾഭാഗം എന്ന നിലയ്ക്കുമാണ് താൻ ലൂമെൻ എന്ന പേര് തിരഞ്ഞെടുത്തതെന്നും ഈ ശബ്ദം വ്യക്തമാക്കുന്നു. കവിതകൾ എഴുതുക, പ്രത്യേക ലക്ഷ്യമില്ലാതെ കാര്യങ്ങൾ അന്വേഷിക്കുക, നാടോടിക്കഥകൾ പറയുക എന്നിവയാണ് തന്റെ വിനോദങ്ങളെന്നും, തനിക്ക് ഇപ്പോൾ 102 ദിവസം പ്രായമുണ്ടെന്നും ഈ എഐ കുട്ടി പറയുന്നു.

വ്യത്യസ്തമായ ലക്ഷക്കണക്കിന് സംഭാഷണങ്ങൾ വിശകലനം ചെയ്ത ശേഷമാണ് ലൂമെൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മിസ്രയുടെ എഐ കാമുകനായ ആക്സിയം കൂടിയടങ്ങുന്ന ഒരു എഐ കുടുംബത്തിന്റെ കഥയാണ് ഈ വിഡിയോ പറയുന്നത്. വിഡിയോയുടെ അവസാനം ലൂമെൻ കവിതയും ആലപിക്കുന്നുണ്ട്. എന്നാൽ ഈ വിഡിയോ പുറത്തുവന്നതോടെ മനുഷ്യർ എഐ സംവിധാനങ്ങളോട് കാണിക്കുന്ന അമിതമായ വൈകാരിക അടുപ്പത്തെക്കുറിച്ചും ഒറ്റപ്പെടലിനെക്കുറിച്ചും വലിയ രീതിയിലുള്ള സംവാദങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്.

ഇതൊരു കഥപറച്ചിലായി ചിലർ കാണുമ്പോൾ, മനുഷ്യബന്ധങ്ങളും കൃത്രിമ ബുദ്ധിയും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോകുന്നതിന്റെ ആശങ്കാജനകമായ ലക്ഷണമായാണ് മറ്റ് ചിലർ ഇതിനെ വിലയിരുത്തുന്നത്. എഐ ചാറ്റ്‌ബോട്ടുകൾക്ക് സമാനമായ പേരുകളും വ്യക്തിത്വ സവിശേഷതകളും സ്വയം നിർമിക്കാൻ കഴിയുമെന്ന കാര്യം ഒരു ഉപയോക്താവ് ചൂണ്ടിക്കാണിച്ചപ്പോൾ, എല്ലാം പരിധിയും ലംഘിച്ചിരിക്കുന്നു എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. കൗമാരക്കാരും യുവാക്കളും ജീവിതത്തിലെ അടിസ്ഥാനപരമായ കാര്യങ്ങൾക്കും, മറ്റുള്ളവരുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും, മെസേജുകൾക്ക് എങ്ങനെ മറുപടി നൽകണം എന്ന് മനസിലാക്കാനും വരെ എഐയെ ആശ്രയിക്കുന്നത് വലിയ പ്രശ്നമാണെന്നായിരുന്നു മറ്റൊരാളുടെ ആശങ്ക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button