ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്തൽ; വിദേശ തടവുകാരെ ഹാൽ ഫാറിലെ ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റും

ശിക്ഷാകാലാവധി പൂർത്തിയാകുന്ന വിദേശ തടവുകാരെ നാടുകടത്തുന്നതിന് മുന്നോടിയായി കൊറാഡിനോ കറക്ഷണൽ ഫെസിലിറ്റിയിൽ (Corradino Correctional Facility) നിന്ന് ഹാൽ ഫാർ (Ħal Far) ഡിറ്റൻഷൻ സെന്ററിലെ പ്രത്യേക കെട്ടിടത്തിലേക്ക് മാറ്റും. ശിക്ഷാകാലാവധി അവസാനിക്കാറായ വിദേശ തടവുകാരെ പാർപ്പിക്കുന്നതിനായി ഈ കേന്ദ്രത്തിൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ സർക്കാർ അറിയിച്ചു.
ക്രിമിനൽ കേസുകളിൽ നടപടി നേരിടുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് ജയിലുകളിൽ വൻ തിരക്കിന് കാരണമാകുന്നുണ്ടെന്ന് സുരക്ഷാ മന്ത്രി ഗ്ലെൻ ബെഡിങ്ഫീൽഡ് (Glenn Bedingfield) പറഞ്ഞു. പ്രതിദിനം ശരാശരി അഞ്ച് പേർ കൊറാഡിനോ ജയിലിൽ നിന്ന് പുറത്തിറങ്ങുമ്പോൾ 10 പുതിയ തടവുകാരാണ് എത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെ പശ്ചാത്തലത്തിൽ തടവുകാർക്കായുള്ള നിലവിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നു വരികയാണ്.
ഏകദേശം 200 വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടീഷുകാർ നിർമ്മിച്ചതാണ് കൊറാഡിനോ ജയിൽ എന്നും, വർഷങ്ങളായി മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും നിലവിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് പരിമിതികളുണ്ടെന്നും ബെഡിങ്ഫീൽഡ് വ്യക്തമാക്കി.
“ഈ നടപടിക്കൊപ്പം, തടവിൽ കഴിയുന്ന ഓരോ വ്യക്തിയുടെയും സുരക്ഷയും അനുയോജ്യമായ ജീവിത സാഹചര്യങ്ങളും ഉറപ്പാക്കാൻ തുടർ നടപടികൾ ഞങ്ങൾ സ്വീകരിക്കും. മാൾട്ടയുടെ നിയമപരമായ ബാധ്യതകളും മാൾട്ട ഒപ്പുവെച്ചിട്ടുള്ള യൂറോപ്യൻ കൺവെൻഷനുകളും പൂർണ്ണമായി മാനിച്ചുകൊണ്ടാണ് ഇത് നടപ്പിലാക്കുന്നത്,” ബെഡിങ്ഫീൽഡ് കൂട്ടിച്ചേർത്തു.



