കോംഗോയിൽ എബോള രോഗബാധ ഏറ്റവും മാരകമായ അവസ്ഥയിലേക്ക്

കിൻഷാസ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ പടർന്നുപിടിക്കുന്ന എബോള രോഗബാധ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ അവസ്ഥയിലേക്ക്.
മേയ് 15ന് രോഗബാധ സ്ഥിരീകരിച്ചതിനുശേഷം ഇതുവരെ 2,325 പേരാണ് വൈറസ് ബാധിച്ചു മരിച്ചത്. 2018-2020 കാലഘട്ടത്തിലുണ്ടായ രോഗവ്യാപനത്തിലെ മരണസംഖ്യയെ മറികടന്നാണ് നിലവിലെ ദുരന്തം മുന്നേറുന്നത്.
രാജ്യത്തു നിലവിൽ 4,945 എബോള കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പൊതുജനാരോഗ്യ വിഭാഗം അറിയിച്ചു. രോഗവ്യാപനം അതിവേഗത്തിലാണെന്നും ഓരോ 30 മിനിറ്റിലും ഒരാൾ വീതം മരിക്കുന്നുണ്ടെന്നും യുഎൻ ഹ്യുമാനിറ്റേറിയൻ വിഭാഗം മുന്നറിയിപ്പ് നൽകി.
അപൂർവമായി കണ്ടുവരുന്ന ‘ബുണ്ടിബുഗ്യോ’ എന്ന ഇനത്തിൽപ്പെട്ട വൈറസാണ് നിലവിലെ പകർച്ചവ്യാധിക്കു കാരണം. ഇതിനെതിരേ അംഗീകൃത വാക്സിനുകൾ നിലവിലില്ലെങ്കിലും ഓക്സ്ഫഡ് സർവകലാശാലയിലെ ഗവേഷകരുൾപ്പെടെ പുതിയ വാക്സിൻ പരീക്ഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്.
അയൽരാജ്യമായ ഉഗാണ്ടയിൽ 20 കേസുകളും ജർമ്മനി, ഫ്രാൻസ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ അപൂർവം കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോംഗോയിലെ ആഭ്യന്തരസംഘർഷങ്ങളും ജനങ്ങളുടെ നിരന്തരമായ യാത്രകളുമാണ് രോഗനിയന്ത്രണത്തിന് പ്രധാന വെല്ലുവിളിയാകുന്നത്. മൂന്നു മാസത്തിനകം രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാനാകുമെന്നാണ് ലോകാരോഗ്യ സംഘടന പ്രതീക്ഷിക്കുന്നത്.



