യൂറോപ്യൻ യൂണിയൻ വാർത്തകൾ

ഉറങ്ങിക്കിടന്ന ധ്രുവക്കരടിയെ ഫോഗ്ഹോണ്‍ മുഴക്കി ഉണര്‍ത്തി; നോര്‍വേയിൽ ബോട്ട് ഡ്രൈവർക്ക് 5255 ഡോളര്‍ പിഴ

ഓസ്ലോ : ഉറങ്ങിക്കിടന്ന ധ്രുവക്കരടിയെ ബോട്ടിന്റെ ഫോഗ്ഹോണ്‍ മുഴക്കി ഉണര്‍ത്തിയ സംഭവത്തില്‍ ബോട്ട് ഡ്രൈവര്‍ക്ക് 5255 യുഎസ് ഡോളര്‍ (ഏകദേശം അഞ്ച് ലക്ഷം രൂപ) പിഴ. നോര്‍വേയുടെ ആര്‍ട്ടിക് മേഖലയിലെ സ്വാല്‍ബാര്‍ഡ് ദ്വീപസമൂഹത്തിലാണ് സംഭവം.

ഈ മാസം ആദ്യമാണ് ബോട്ട് ഡ്രൈവര്‍ ഹോണ്‍ മുഴക്കി ധ്രുവക്കരടിയെ ശല്യം ചെയ്തത്. വടക്കുകിഴക്കന്‍ സ്വാല്‍ബാര്‍ഡിലെ സമുദ്രമേഖലയിലൂടെ സഞ്ചരിക്കവേ, മഞ്ഞില്‍ ഉറങ്ങിക്കിടന്ന ധ്രുവക്കരടിയെ ശല്യംചെയ്യാന്‍ ലക്ഷ്യമിട്ട് ഹോണ്‍ മുഴക്കിയെന്നാണ് ഡ്രൈവര്‍ക്കെതിരായ കുറ്റം. വലിയ ശബ്ദം കേട്ട് ഞെട്ടിയ കരടി ഉറക്കമുണര്‍ന്ന് മറ്റൊരു സ്ഥലത്തേക്ക് മാറി. പിഴയീടാക്കിയെന്ന് വ്യക്തമാക്കിയ അധികൃതര്‍ സംഭവത്തില്‍ ഉള്‍പ്പെട്ട വ്യക്തിയുടെ പേരോ ദേശീയതയോ പുറത്തുവിട്ടിട്ടില്ല.

ധ്രുവക്കരടികളെ സംരക്ഷിക്കുന്ന സ്വാല്‍ബാര്‍ഡിലെ നിയമപ്രകാരം അവയെ അനാവശ്യമായി ശല്യപ്പെടുത്തുകയോ ആകര്‍ഷിക്കുകയോ പിന്തുടരുകയോ ചെയ്യുന്നത് കുറ്റകരമാണ്. 1972 മുതല്‍ സ്വാല്‍ബാര്‍ഡില്‍ ധ്രുവക്കരടികള്‍ സംരക്ഷിത ജീവിയാണ്. നിയമലംഘനത്തിന് ഗവര്‍ണറുടെ ഓഫീസ് ചുമത്തിയ 5255 ഡോളര്‍ പിഴ ബോട്ട് ഡ്രൈവര്‍ അടയ്ക്കാന്‍ സമ്മതിച്ചിട്ടുണ്ട്.

അതേസമയം, കാലാവസ്ഥാ വ്യതിയാനവും മഞ്ഞുരുകലും ധ്രുവക്കരടികളുടെ ആവാസവ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും സ്വാല്‍ബാര്‍ഡിലെ ധ്രുവക്കരടികളുടെ ആവാസനില മെച്ചപ്പെട്ടതായി ഈ വര്‍ഷം ജനുവരിയില്‍ പുറത്തുവന്ന പഠനം വ്യക്തമാക്കിയിരുന്നു. കടുത്ത നിയമങ്ങളാണ് ഇതിന് കാരണമെന്നാണ് നിഗമനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button