ദേശീയം

പ്രവാസികളുടെ പാസ്‌പോർട്ട്, വിസ നിരക്ക് വർധനവ് പിൻവലിക്കില്ല : കേന്ദ്രം

ന്യൂഡൽഹി : ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ പ്രതിസന്ധിയും പ്രവാസികളുടെ തിരിച്ചുവരവും കണക്കിലെടുത്ത് വിദേശരാജ്യങ്ങളിലെ ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും വഴി ഈടാക്കുന്ന പാസ്‌പോർട്ട്, വിസ സേവനങ്ങളുടെയും മറ്റ് കോൺസുലർ സേവനങ്ങളുടെയും നിരക്ക് വർദ്ധനവ് പിൻവലിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ വ്യക്തമാക്കി. ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് അടുത്തിടെ വരുത്തിയ നിരക്ക് വർദ്ധനവ് പുനഃപരിശോധിക്കുമോ എന്ന പി.പി. സുനീർ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് സർക്കാരിന്റെ നിലപാട് രാജ്യസഭയെ അറിയിച്ചത്.

പാസ്‌പോർട്ടുകളും മറ്റ് അനുബന്ധ സേവനങ്ങളും നൽകുന്നതിനുള്ള ചെലവ്, പ്രവർത്തനപരമായ ആവശ്യകതകൾ, സേവന വിതരണത്തിലെ സുരക്ഷാ മുൻകരുതലുകൾ എന്നിവ സമഗ്രമായി വിലയിരുത്തിയ ശേഷമാണ് കാലാകാലങ്ങളിൽ ഈ നിരക്കുകൾ പരിഷ്കരിക്കാറുള്ളതെന്ന് മന്ത്രി വിശദീകരിച്ചു. പാസ്‌പോർട്ട് സേവനങ്ങളുടെ ഗുണനിലവാരവും സുരക്ഷയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി നിരവധി പദ്ധതികൾ സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. വർഷങ്ങളായി ഇത്തരം സേവന വിതരണച്ചെലവുകളിൽ വൻ വർദ്ധനവുണ്ടായതാണ് 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം നിരക്ക് വർദ്ധിപ്പിക്കാൻ കാരണം.

കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളിലായി നടന്ന നിരക്ക് വർദ്ധനവുകളുടെ പശ്ചാത്തലവും വിദേശകാര്യ മന്ത്രാലയം പാർലമെന്റിൽ വിശദീകരിച്ചു. 1971, 1980, 1993, 2002, 2012 വർഷങ്ങളിലാണ് മുൻപ് നിരക്കുകൾ പുതുക്കിയത്. ഇപ്പോൾ 2026-ൽ വരുത്തിയ 67 ശതമാനത്തിന്റെ വർദ്ധനവ് 14 വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ളതാണെന്നും മന്ത്രി അറിയിച്ചു. 1971-ൽ 4 വർഷത്തിനിടെ 67 ശതമാനവും, 1980-ൽ 9 വർഷത്തിനിടെ 100 ശതമാനവും, 1993-ൽ 13 വർഷത്തിനിടെ 500 ശതമാനവും, 2002-ൽ 9 വർഷത്തിനിടെ 233 ശതമാനവും, 2012-ൽ 10 വർഷത്തിനിടെ 50 ശതമാനവുമാണ് നിരക്കുകൾ വർദ്ധിപ്പിച്ചിരുന്നതെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button