മാൾട്ടാ വാർത്തകൾ

ദുരൂഹത വർധിപ്പിച്ച് റാഗൂസ തീരത്തെ ബോട്ട് അപകടവും പണച്ചാക്കും

ദുരൂഹത വർധിപ്പിച്ച് റാഗൂസ തീരത്തെ ബോട്ട് അപകടവും പണച്ചാക്കും. സിസിലിയിലെ റാഗൂസ തീരത്ത് ലക്ഷക്കണക്കിന് യൂറോ നോട്ടുകൾ കടലിൽ ഉപേക്ഷിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നതിന് ഏഴ് ദിവസം മുൻപ് മാൾട്ടീസ് സ്വദേശിയായ ജെഫ്രി കസാർ (42) മാൾട്ടീസ് പ്രാദേശിക കോടതി 9,000 യൂറോ പിഴ ശിക്ഷ ചുമത്തിയിരുന്നു.

ജൂലൈ 21ന് 42കാരനായ കാസർ മജിസ്‌ട്രേറ്റ് യാന മിക്കൽലെഫ് സ്റ്റാഫ്രേസിന്റെ മുന്നിൽ ഹാജരായി. മജിസ്‌ട്രേറ്റിനെയും പൊലീസ് സർജന്റിനെയും ഭീഷണിപ്പെടുത്തിയെന്നായിരുന്നു കേസ്. ജൂലൈ 4ന് മോസ്റ്റ പൊലീസ് സ്റ്റേഷനിൽ നടന്ന സംഭവത്തെ തുടർന്നായിരുന്നു നടപടി. നേരത്തെയുള്ള ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് ജാമ്യ രജിസ്റ്ററിൽ ഒപ്പിടാനെത്തിയ കാസർ ജീവനാംശം നൽകാത്തതിനെ തുടർന്ന് അറസ്റ്റിലായിരുന്നു. തുടർന്ന് പ്രകോപിതനായ ഇയാൾ പൊലീസ് സർജന്റിനെയും അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട മജിസ്‌ട്രേറ്റിനെയും ഭീഷണിപ്പെടുത്തുകയായിരുന്നു.

കോടതിയിൽ കുറ്റം സമ്മതിച്ച കാസറിന് €9,000 പിഴ ചുമത്തുകയും ജാമ്യത്തുകയായ €500 നഷ്ടപ്പെടുത്തുകയും ചെയ്തു.

എന്നാൽ, ഈ സംഭവത്തിന് കൃത്യം ഏഴ് ദിവസങ്ങൾക്ക് ശേഷം, ജൂലൈ 28-ന്, സിസിലിയൻ തെക്കുകിഴക്കൻ തീരത്തുള്ള കാസുസ്സെ (Casuzze) കടൽത്തീരത്തിന് സമീപം ഒരു സ്പീഡ് ബോട്ടിൽ കസാറിനെയും ഇയാളുടെ 13 വയസ്സുള്ള മകനെയും മറ്റ് രണ്ട് മാൾട്ടീസ് സ്വദേശികളായ ഓവൻ ജോൺസ്, സേജ് ഗൗചി എന്നിവരെയും കണ്ടെത്തുകയായിരുന്നു.

ഓവൻ ജോൺസിന്റെ ഉടമസ്ഥതയിലുള്ള ബോട്ടിൽ ഇന്ധനം തീർന്നതിനെ തുടർന്ന് ഇവർ കരയിലേക്ക് അടുക്കാൻ ശ്രമിച്ചു. എന്നാൽ അനിയന്ത്രിതമായി നീങ്ങിയ ബോട്ട് കടൽത്തീരത്തേക്ക് അപകടകരമായ രീതിയിൽ അടുത്തതോടെ പ്രദേശവാസികൾ കോസ്റ്റ് ഗാർഡിന്റെ സഹായം തേടി.

ഇറ്റാലിയൻ കോസ്റ്റ് ഗാർഡിന്റെ വരവ് കണ്ട് പരിഭ്രാന്തരായ സംഘാംഗങ്ങളിൽ ഒരാൾ, പ്ലാസ്റ്റിക് ഫിലിമുകളിൽ (clingfilm) പൊതിഞ്ഞ ലക്ഷക്കണക്കിന് യൂറോ നോട്ടുകൾ കടലിലേക്ക് എറിയുകയായിരുന്നു. തിരമാലകൾക്കൊപ്പം കരയിലേക്ക് ഒഴുകിയെത്തിയ ഈ പണം കണ്ട് ആളുകൾ അത്ഭുതപ്പെട്ടു. തുടർന്ന് പോലീസ് നടത്തിയ തെരച്ചിലിൽ ആകെ 7,00,000 യൂറോ (ഏകദേശം 6.5 കോടിയിലധികം രൂപ) വീണ്ടെടുത്തു. ഈ ഭീമമായ തുക സൂക്ഷിക്കാൻ ഒരു ‘Lidl’ കൂളർ ബാഗും ‘Three Hills’ ടൊമാറ്റോ പേസ്റ്റ് ബാഗുമാണ് ഉപയോഗിച്ചിരുന്നത്.

ബോട്ട് അപകടം ദുരൂഹതയായി മാറുന്നു

ഇതോടെയാണ് ആദ്യം നിസാരമായ ബോട്ടപകടമെന്ന് തോന്നിയ സംഭവം വലിയ ദുരൂഹതയായി മാറിയത്. മാൾട്ടയെയും സിസിലിയുടെ തെക്കുകിഴക്കൻ തീരത്തെയും ബന്ധിപ്പിക്കുന്ന ഈ സംഭവത്തിന് കൂടുതൽ ഗൗരവമുള്ള പശ്ചാത്തലമുണ്ടാകാമെന്ന സംശയം ഉയർന്നു. അന്താരാഷ്ട്ര കൊക്കെയ്ൻ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന അൽബേനിയൻ സംഘങ്ങൾ പ്രാദേശിക മാഫിയാ ഗ്രൂപ്പുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന മേഖലയാണ് തെക്കുകിഴക്കൻ സിസിലി.

മാൾട്ടീസ് പൗരന്മാരെ ചോദ്യം ചെയ്ത ശേഷം ഇറ്റാലിയൻ പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു. പണം എവിടെ നിന്നാണ് ലഭിച്ചതെന്നും ആർക്കുവേണ്ടിയായിരുന്നു അതെന്നും അല്ലെങ്കിൽ നേരത്തെ നടത്തിയ ഏതെങ്കിലും അനധികൃത ചരക്ക് കൈമാറ്റത്തിനുള്ള പണമാണോ അതെന്നും ഇറ്റാലിയൻ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.

പിന്നീട് മാൾട്ടീസ് സംഘം മാൾട്ടയിലേക്ക് മടങ്ങിയെങ്കിലും ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് കാസർ അറസ്റ്റിലായി.

ബോട്ട് പാനലുകളും ബോഡി വർക്ക് ജോലികളും ചെയ്യുന്ന കാസറിന് മോഷണം, പണം ദുരുപയോഗം ചെയ്യൽ, ആഭരണങ്ങളുമായി ബന്ധപ്പെട്ട കേസുകൾ തുടങ്ങി നിരവധി മുൻ ക്രിമിനൽ കേസുകളുണ്ട്. ഒരുകാലത്ത് അമ്മാവനൊപ്പം ബോട്ടുകളുടെ അറ്റകുറ്റപ്പണികളും പരിപാലനവും ചെയ്തിരുന്നതായും വിവരമുണ്ട്.

45കാരനായ ഓവൻ ജോൺസ് ഖോർമിയിൽ നിന്നുള്ളയാളാണ്. ഇദ്ദേഹവും കാർ പാനൽ ബീറ്ററും സ്പ്രേയറുമായാണ് ജോലി ചെയ്യുന്നത്. ഒരുകാലത്ത് ഭക്ഷണശാലയും നടത്തിയിരുന്നു. സ്പീഡ് ബോട്ടിന്റെ ഉടമ ജോൺസാണെന്ന് മാൾട്ടയിലെ ചില വൃത്തങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

തനിക്ക് പണവുമായി യാതൊരു ബന്ധവുമില്ലെന്ന് അഭിഭാഷകൻ ഫ്രാങ്കോ ഡെബോണോ വഴി ജോൺസ് വ്യക്തമാക്കി. എന്നാൽ സംഭവസമയത്ത് സിസിലിയിൽ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ അദ്ദേഹം സ്ഥിരീകരണമോ നിഷേധമോ നടത്തിയില്ല.

കാസറിനെപ്പോലെ ജോൺസിന് വിപുലമായ ക്രിമിനൽ പശ്ചാത്തലമില്ല. രണ്ട് പതിറ്റാണ്ടിലേറെ മുമ്പ് നടന്ന ചെറിയൊരു കേസാണ് അദ്ദേഹത്തിന്റെ പ്രധാന നിയമപ്രശ്നം. എന്നാൽ സോഷ്യൽ മീഡിയയിലെ വിവരങ്ങൾ പ്രകാരം ജോൺസ് മറീന ഡി റഗൂസ ഉൾപ്പെടെ ഇറ്റലിയിലെ വിവിധ ഭാഗങ്ങളിൽ പതിവായി സന്ദർശനം നടത്തിയിരുന്നു.

കറ്റാനിയയിലെ മത്സ്യ മാർക്കറ്റിൽ വെച്ച് സിസിലിയിലേക്കുള്ള തന്റെ പതിവ് യാത്രകളെക്കുറിച്ച് ജോൺസ് ഒരിക്കൽ അഭിമുഖം നൽകിയിരുന്നു. ആ വീഡിയോ പിന്നീട് നീക്കം ചെയ്തു. ജോൺസ് തന്റെ ഫേസ്ബുക്ക് പേജിന്റെ പേര് മാറ്റുകയും സിസിലിയിലെ കുടുംബ-സുഹൃത്ത് സന്ദർശനങ്ങൾ വ്യക്തമാക്കുന്ന നിരവധി പോസ്റ്റുകളും ചിത്രങ്ങളും നീക്കം ചെയ്യുകയും ചെയ്തു.

നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന സുഹൃത്തുക്കൾ വഴിയാണ് ജോൺസും കാസറും പരിചയപ്പെട്ടതെന്നാണ് സൂചന. കാൻസർ രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും ഭക്ഷണം സംഭാവന ചെയ്യുകയും ലണ്ടനിലെ സംഘടനയുടെ അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾക്ക് സൗജന്യമായി പെയിന്റ് നൽകുകയും ചെയ്ത നിർമാണ കമ്പനിയെ പ്രശംസിച്ച് Puttinu Cares എന്ന ചാരിറ്റി സംഘടന പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റുകളിൽ ജോൺസിന്റെ സുഹൃത്തുക്കൾക്കൊപ്പം കാസറിന്റെ പേരും പരാമർശിക്കപ്പെട്ടിട്ടുണ്ട്.

സ്പീഡ് ബോട്ട് സംഭവത്തിൽ ഉൾപ്പെട്ട മൂന്നാമത്തെ വ്യക്തി 27കാരനായ വാലറ്റ സ്വദേശിയായ സേജ് ഗൗച്ചിയാണ്. ആറ് വർഷം മുമ്പ് വാലറ്റയിലെ ഒരു ഗോഡൗണിൽ നിന്ന് സിഗരറ്റുകൾ മോഷ്ടിക്കാൻ മറ്റുള്ളവരുമായി ചേർന്നുവെന്നാരോപിച്ച് ഗൗച്ചിക്കെതിരെ കേസെടുത്തിരുന്നു.

കൊക്കെയ്ൻ കടത്തിന്റെ സൂചനകളിലേക്ക് അന്വേഷണം

അതേസമയം, തെക്കുകിഴക്കൻ സിസിലിയിൽ നിയമാനുസൃത കാർഷിക ബിസിനസുകളുടെ മറവിൽ പ്രവർത്തിക്കുന്ന അൽബേനിയൻ ക്രിമിനൽ സംഘങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന ഇറ്റാലിയൻ മാഫിയാ ജേണലിസ്റ്റ് ഗ്യൂസപ്പെ ബാസ്ചിയെറ്റോ, കസുസെയ്ക്ക് സമീപം നടന്ന മാൾട്ടീസ് സ്പീഡ് ബോട്ട് സംഭവം മധ്യധരണ്യാ കടലിൽ പ്രവർത്തിക്കുന്ന കൂടുതൽ വലിയ കുറ്റകൃത്യ ശൃംഖലയിലേക്ക് വെളിച്ചം വീശിയേക്കാമെന്ന് പറഞ്ഞു.

സ്വതന്ത്ര മാധ്യമപ്രവർത്തകരുടെ വാർത്താ പ്ലാറ്റ്‌ഫോമായ Gli Stati Generaliയിൽ എഴുതിയ ബാസ്ചിയെറ്റോയുടെ റിപ്പോർട്ട് പ്രകാരം, ദക്ഷിണ അമേരിക്കയിൽ നിന്ന് കൊക്കെയ്ൻ കടത്തിക്കൊണ്ടുവന്ന് മാൾട്ടയിലൂടെയും സിസിലിയിലൂടെയും യൂറോപ്പിന്റെ ഉൾഭാഗങ്ങളിലേക്ക് എത്തിക്കുന്ന ശൃംഖലയാണ് അന്വേഷണത്തിലെ ഒരു പ്രധാന സാധ്യത.

ഇക്വഡോറിലെ ഗ്വായകിൽ തുറമുഖത്ത് നിന്ന് ആരംഭിക്കുന്ന കൊക്കെയ്ൻ പാത മാൾട്ട ഫ്രീപോർട്ടിലെ ബിർസെബ്ബൂജയിലേക്കും അവിടെ നിന്ന് തെക്കുകിഴക്കൻ സിസിലിയിലേക്കും നീളുന്നതായാണ് ബാസ്ചിയെറ്റോ പറയുന്നത്. ചെറിയതും വേഗതയേറിയതുമായ ബോട്ടുകൾക്ക് ചരക്ക് ഇറക്കാൻ അനുയോജ്യമായ ഭൂപ്രകൃതിയാണ് സിസിലിയുടെ ഈ തീരപ്രദേശത്തുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

2024 നവംബറിൽ മാൾട്ട ഫ്രീപോർട്ടിൽ നടന്ന ഒരു പ്രധാന മയക്കുമരുന്ന് വേട്ടയെക്കുറിച്ച് MaltaToday റിപ്പോർട്ട് ചെയ്തിരുന്നു. ഗ്വായകിലിൽ നിന്ന് എത്തിയ കണ്ടെയ്‌നറുകളിൽ കൊക്കെയ്ൻ കണ്ടെത്തിയ സംഭവമായിരുന്നു അത്. ഫ്രീപോർട്ടിൽ നടന്ന സമാന മയക്കുമരുന്ന് വേട്ടകളിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ പിടികൂടിയ മയക്കുമരുന്ന് മാൾട്ടയിലെ ആഭ്യന്തര വിപണിയിലേക്കായിരുന്നു എത്തിക്കാനിരുന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

ഏകദേശം €20 മില്യൺ തെരുവുവില കണക്കാക്കപ്പെട്ട കൊക്കെയ്ൻ കടത്തിയെന്നാരോപിച്ച് മൂന്ന് മാൾട്ടീസ് പൗരന്മാർക്കെതിരെ പൊലീസ് കേസെടുത്തു. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ഫ്രീപോർട്ടിലെ ജീവനക്കാരെന്ന് തിരിച്ചറിഞ്ഞ രണ്ട് പേരെയും അന്ന് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ അവർക്കെതിരെ പിന്നീട് കുറ്റം ചുമത്തിയോയെന്നത് വ്യക്തമല്ല.

അതേസമയം, കസുസെയ്ക്ക് സമീപം സ്പീഡ് ബോട്ടിൽ നിന്ന് €700,000 കടലിൽ ഉപേക്ഷിച്ച സംഭവത്തിന് മയക്കുമരുന്ന് വ്യാപാരവുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന നിലവിൽ യാതൊരു തെളിവുമില്ല.

ബോട്ടും പണവും ഇപ്പോഴും ഇറ്റാലിയൻ അന്വേഷണ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലാണ്. നേരത്തെ നടത്തിയ ഏതെങ്കിലും അനധികൃത ചരക്ക് കൈമാറ്റത്തിനുള്ള പണമാണോ, അതോ നടക്കാനിരുന്ന അനധികൃത ഇടപാടിനുള്ള പണമാണോ എന്നതടക്കം നിരവധി സാധ്യതകളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. റാഗൂസയിലെ സ്റ്റേറ്റ് പ്രോസിക്യൂട്ടർ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾക്ക് തയാറായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button