അന്തർദേശീയം

ജോ ബൈഡന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു : മകൻ ഹണ്ടർ ബൈഡൻ

വാഷിങ്ടൺ ഡിസി : മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് മകൻ ഹണ്ടർ ബൈഡൻ. ബിബിസിയുടെ ‘ന്യൂസ് നൈറ്റ്’ പരിപാടിക്ക് നൽകിയ അഭിമുഖത്തിലാണ് ബൈഡന്റെ അർബുദ ബാധയെക്കുറിച്ചും മറ്റ് വിവാദങ്ങളെക്കുറിച്ചും ഹണ്ടർ വെളിപ്പെടുത്തിയത്.

അച്ഛൻ അനുഭവിക്കുന്ന കടുത്ത വേദന കാണുന്നത് ഏറെ വിഷമകരമാണെന്ന് ഹണ്ടർ പറഞ്ഞു. നാലാം ഘട്ട പ്രോസ്റ്റേറ്റ് അർബുദം ബാധിച്ച ബൈഡന്റെ ശരീരത്തിൽ രോഗം അസ്ഥികളിലേക്കും മറ്റ് അവയവങ്ങളിലേക്കും പടർന്നിട്ടുണ്ട്. “കടുത്ത വേദനയുണ്ടെങ്കിലും അദ്ദേഹം പരാതിപ്പെടാറില്ല, പക്ഷേ കൂടുതൽ പരാതിപ്പെട്ടിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോകുന്നു” – ഹണ്ടർ കൂട്ടിച്ചേർത്തു. 2025 മേയിലാണ് തനിക്ക് അഗ്രസീവ് ഘട്ടത്തിലുള്ള പ്രോസ്റ്റേറ്റ് അർബുദമാണെന്ന വിവരം ജോ ബൈഡൻ പരസ്യമാക്കിയത്.

2024 ജൂണിൽ ഡൊണാൾഡ് ട്രംപുമായി നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംവാദത്തിൽ ജോ ബൈഡൻ തളർന്നുപോയതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ആ സംവാദം താൻ കാലിഫോർണിയയിലെ വീട്ടിലിരുന്നാണ് കണ്ടതെന്നും അച്ഛന്റെ അവസ്ഥ കണ്ട് താൻ ഞെട്ടിപ്പോയെന്നും ഹണ്ടർ പറഞ്ഞു. അന്ന് അച്ഛന്റെ കണ്ണ് തളർന്നുനിൽക്കുന്നതായി തോന്നിയിരുന്നു. എന്നാൽ, അതിനുശേഷമാണ് അദ്ദേഹത്തിന് അർബുദമാണെന്നും രോഗം എല്ലുകളിലേക്ക് പടർന്നിട്ടുണ്ടെന്നും കുടുംബം അറിയുന്നത്. രോഗബാധയായിരിക്കാം അന്നത്തെ പ്രകടനത്തെ ബാധിച്ചതെന്നാണ് ഹണ്ടറുടെ വിലയിരുത്തൽ.

തനിക്കെതിരെയുള്ള ഫെഡറൽ കേസുകളിൽ പ്രസിഡന്റ് പദവി ഒഴിയുന്നതിന് തൊട്ടുമുമ്പ് ജോ ബൈഡൻ മാപ്പ് നൽകിയ നടപടിയെക്കുറിച്ചും ഹണ്ടർ പ്രതികരിച്ചു. ഭരണഘടനാപരമായോ രാജ്യത്തിന്റെ വീക്ഷണത്തിലോ ആ നടപടിയെ ന്യായീകരിക്കാൻ കഴിയില്ലെന്നും, ശക്തമായ വിമർശനം ഉയർന്നത് ന്യായമാണെന്നും ഹണ്ടർ സമ്മതിച്ചു. എങ്കിലും, അധികാരത്തിലെത്തുന്ന ട്രംപ് ഭരണകൂടം തന്റെ രാഷ്ട്രീയ എതിരാളികൾക്കെതിരെ പ്രതികാരനടപടികൾ സ്വീകരിക്കുമെന്ന ഭയം മൂലമാണ് അച്ഛൻ അത്തരം ഒരു തീരുമാനമെടുത്തതെന്നും ഹണ്ടർ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button