അന്തർദേശീയം

കുഞ്ഞിന്റെ മൃതദേഹവുമായി നീന്തി അമ്മ ഡോൾഫിൻ; ഓസ്‌ട്രേലിയയിൽ നിന്ന് ഹൃദയഭേദക ദൃശ്യങ്ങൾ

ഓസ്‌ട്രേലിയ : കുഞ്ഞിനെ നഷ്ടപ്പെട്ടിട്ടും വിട്ടുകൊടുക്കാൻ കഴിയാതെ പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ നിന്നുള്ള ഹൃദയഭേദക ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രണ്ടാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹവുമായി നീന്തുന്ന അമ്മ ഡോൾഫിന്റെ കാഴ്ചയാണ് നിരവധി പേരെ വേദനിപ്പിച്ചത്.

പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ലെഷനോൾട്ട് എസ്റ്റ്വറിയിലാണ് ദൃശ്യങ്ങൾ പകർത്തിയത്. വർഷങ്ങളായി ഗവേഷകർ നിരീക്ഷിച്ചുവരുന്ന ഫ്രാഗിൾ എന്ന അമ്മ ഡോൾഫിനാണ് ചത്തുപോയ കുഞ്ഞിനെയും ചേർത്തുപിടിച്ച് കൂട്ടത്തിനൊപ്പം നീന്തിയത്.

കുഞ്ഞിന്റെ ശരീരം വെള്ളത്തിൽ താഴ്ന്നുപോകാതിരിക്കാൻ പുറകിലും വായ്ക്ക് സമീപത്തുമായി ചേർത്തുപിടിച്ചായിരുന്നു അമ്മയുടെ നീന്തൽ. മറ്റ് ഡോൾഫിനുകളും അമ്മയ്ക്കും കുഞ്ഞിനും ചുറ്റുമായി നീന്തുന്നുണ്ടായിരുന്നു.

കുഞ്ഞിന് കഴിഞ്ഞ ദിവസങ്ങളിൽ ശ്വാസോച്ഛ്വാസം വേഗത്തിലായിരുന്നതായി ഗവേഷകർ പറയുന്നു. ന്യൂമോണിയയെ തുടർന്നാകാം കുഞ്ഞ് ചത്തതെന്നാണ് പ്രാഥമിക നിഗമനം. ദക്ഷിണാർധഗോളത്തിലെ ശൈത്യകാലത്ത് ജനിച്ച കുഞ്ഞായതിനാൽ അതിജീവനത്തിന് കൂടുതൽ വെല്ലുവിളികൾ നേരിട്ടിരിക്കാമെന്നും ഗവേഷകർ പറയുന്നു.

ഫ്രാഗിളിന് കുഞ്ഞുങ്ങളെ നഷ്ടപ്പെടുന്നത് ഇതാദ്യമല്ല. നാലാമത്തെ കുഞ്ഞിനെയാണ് ഇത്തവണ നഷ്ടമായത്.

ചത്തുപോയ കുഞ്ഞുങ്ങളുടെ മൃതദേഹം അമ്മ ഡോൾഫിനുകൾ ദിവസങ്ങളോളം കൊണ്ടുനടക്കുന്ന സംഭവങ്ങൾ മുമ്പും ഗവേഷകർ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സ്വഭാവം ദുഃഖപ്രകടനവുമായി ബന്ധപ്പെട്ടതാകാമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ. എന്നാൽ ഇതിന് പിന്നിലെ കൃത്യമായ വൈകാരികവും ജൈവശാസ്ത്രപരവുമായ കാരണങ്ങൾ ഇപ്പോഴും പഠിച്ചുവരികയാണ്.

ഒടുവിൽ ഭക്ഷണം തേടാനും സ്വയം അതിജീവിക്കാനുമായി അമ്മയ്ക്ക് കുഞ്ഞിനെ വിട്ടുകൊടുക്കേണ്ടി വരും. എന്നാൽ അതിന് മുമ്പുള്ള ഈ കാഴ്ച അമ്മയും കുഞ്ഞും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ വേദനിപ്പിക്കുന്ന ഓർമ്മപ്പെടുത്തലായി മാറുകയാണ്.

മനുഷ്യർക്ക് മാത്രമല്ല, മൃഗങ്ങൾക്കും നഷ്ടത്തിന്റെ വേദനയുണ്ടാകുമോ എന്ന ചോദ്യമാണ് ഈ ദൃശ്യങ്ങൾ വീണ്ടും ഉയർത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button