ശ്രീലങ്കയിൽ കനത്ത മഴയും പ്രളയവും ഉരുൾപൊട്ടലും; ആറ് മരണം

കൊളംബോ : ശ്രീലങ്കയിൽ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിലും പ്രളയത്തിലും ഉരുൾപൊട്ടലിലും ആറ് പേർ കൊല്ലപ്പെട്ടു. മഴ ഇപ്പോഴും ശക്തമായി തുടുരുന്നു. രൂക്ഷമായ അഞ്ച് ജില്ലകളിലായി ആയിരത്തോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
പോൾപിടിയ-മോറഹെനഗമ പ്രദേശത്ത് വീടിന് മുകളിലേക്ക് മണ്ണുടിഞ്ഞുവീണ് ഒരു കുടുംബത്തിലെ മൂന്ന് മുതിര്‍ന്ന സ്ത്രീകളും ഇരുപത്തിരണ്ടുകാരനായ മകനും മരിച്ചു.
മധ്യ പ്രവിശ്യയായ നുവര ഏലിയയിൽ മാത്രം 100 മില്ലിമീറ്ററോളം മഴ രേഖപ്പെടുത്തി. സുരക്ഷ മുൻനിർത്തി മധ്യ പ്രവിശ്യയിലെ മുഴുവൻ സ്കൂളുകൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. മഴ കനത്തതോടെ രാജ്യത്തെ പ്രമുഖ ജലാശയങ്ങളെല്ലാം പരമാവധി സംഭരണശേഷിയിൽ എത്തിനിൽക്കുകയാണ്.
കടൽക്ഷോഭവും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നതിനാൽ മീൻപിടുത്തക്കാർ കടലിൽ പോകരുതെന്ന് അധികൃതർ കർശന നിർദേശം നൽകി. കഴിഞ്ഞ നവംബറിൽ ഡിത്വ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശ്രീലങ്കയിൽ 640-ഓളം പേർ മരണപ്പെട്ടിരുന്നു. ആ ദുരന്തത്തിൽ നിന്ന് പൂർണമായി മുക്തമാകും മുൻപാണ് വീണ്ടും പെരുമഴ.



