അന്തർദേശീയം

ഇറാനെതിരെ നിശ്ചയിച്ചിരുന്ന സൈനിക നീക്കം താൽക്കാലികമായി വേണ്ടെന്നുവെച്ചു : ട്രംപ്

വാഷിംങ്‌ടൺ ഡിസി : ഇറാനെതിരെ നിശ്ചയിച്ചിരുന്ന സൈനിക നീക്കം താൽക്കാലികമായി വേണ്ടെന്നുവെച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

ഇറാന്റെയും മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളുടെയും ശക്തമായ അഭ്യർത്ഥനയെ തുടർന്നാണ് തീരുമാനമെന്നും, ഇരുപക്ഷവും തമ്മിൽ ഒരു സമാധാന കരാറിന്റെ പ്രാഥമിക വ്യവസ്ഥകളിൽ ധാരണയിലെത്തിയിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ട്രംപ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നുകൊടുക്കുന്നതും ഇറാന്റെ ഭാഗത്തുനിന്നുള്ള ആണവ ഭീഷണികൾ അവസാനിപ്പിക്കുന്നതും കരാറിന്റെ ഭാഗമാണെന്ന് ട്രംപ് പറഞ്ഞു. ലോക സമാധാനത്തിനും ഇറാന്റെ ഭാവിക്കും വേണ്ടിയാണ് ഈ തീരുമാനമെന്നും എന്നാൽ കരാർ വളരെ വേഗത്തിൽ യഥാർത്ഥ്യമായാൽ മാത്രമേ ഈ തീരുമാനത്തിൽ അമേരിക്ക ഉറച്ചുനിൽക്കൂവെന്നും ട്രംപ് വ്യക്തമാക്കി.

ആക്രമണം താൽക്കാലികമായി ഉപേക്ഷിച്ചെങ്കിലും ഇറാന് ശക്തമായ മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകം കണ്ടിട്ടില്ലാത്ത വിധത്തിലുള്ള അതിശക്തമായ സൈനിക പ്രഹര ശേഷിയോടെ അമേരിക്കൻ സൈന്യം സജ്ജമായി നിൽക്കുകയാണെന്ന് ട്രംപ് ഓർമ്മിപ്പിച്ചു. അഞ്ചു മാസത്തോളമായി തുടരുന്ന ഈ സംഘർഷത്തിന് ശാശ്വത പരിഹാരം കാണാനുള്ള ശ്രമങ്ങളിൽ അമേരിക്കയ്ക്കൊപ്പം ചേരാൻ ഇസ്രായേലും സമ്മതിച്ചിട്ടുണ്ടെന്ന് ട്രംപ് കൂട്ടിച്ചേർത്തു. എത്രയും വേഗം കരാർ വ്യവസ്ഥകൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ട എല്ലാവരോടും അദ്ദേഹം ആഹ്വാനം ചെയ്തു.

ഇറാന്റെ ഊർജ്ജ നിലയങ്ങളും നിർണായക കേന്ദ്രങ്ങളും ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും സംയുക്ത ആക്രമണത്തിന് പദ്ധതിയിടുന്നതായി മുൻപ് വാർത്തകൾ പുറത്തുവന്നിരുന്നു. പശ്ചിമേഷ്യയിലെ യുഎസ് പൗരന്മാരോട് മടങ്ങിവരാന്‍ തയ്യാറായിരിക്കണമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇന്നോ നാളെയോ ആക്രമിക്കാനായിരുന്നു അമേരിക്കയുടെയും ഇസ്രായേലിന്റെയും പദ്ധതി. അതേസമയം ആക്രമിച്ചാല്‍ ശക്തമായി തന്നെ തിരിച്ചടിക്കുമെന്ന് ഇറാനും മറുപടി കൊടുത്തിരുന്നു. പിന്നാലെയാണ് ആക്രമണം വേണ്ടെന്ന് വെക്കുന്നത്. യുദ്ധം തുടങ്ങിയതിന് ശേഷം നേരത്തെയും ട്രംപ് സമാന പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button