യുക്രെയ്ൻ യുദ്ധം : റഷ്യൻ സൈന്യം ലൈംഗികാതിക്രമങ്ങൾ യുദ്ധായുധമായി ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ട്

വാഷിങ്ടൺ ഡിസി : റഷ്യൻ സൈന്യം യുക്രേനിയൻ തടവുകാർക്കെതിരെ ലൈംഗിക അതിക്രമങ്ങൾ ഒരു യുദ്ധായുധമായി ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ട്. ഇരകളാക്കപ്പെട്ടവർ, യുക്രൈൻ പ്രോസിക്യൂട്ടർമാർ, ഐക്യരാഷ്ട്രസഭയുടെ അന്വേഷണ ഉദ്യോഗസ്ഥർ എന്നിവരുടെ മൊഴികൾ അടിസ്ഥാനമാക്കി വാൾസ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
യുക്രൈൻ തടവുകാരെ ലൈംഗിക അതിക്രമങ്ങൾക്ക് ഇരകളാക്കുന്നുവെന്നാണ് വെളിപ്പെടുത്തൽ. തടവുകാരെ മാനസികമായി തകർക്കാനും അവരെ അപമാനിക്കാനുമാണ് ഇത്തരം ക്രൂരതകൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്നാണ് വിവരം.
യുദ്ധങ്ങളിൽ സൈന്യങ്ങൾ സാധാരണ ലൈംഗികാതിക്രമങ്ങൾ നടത്തുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വരാറുണ്ടെങ്കിലും മിക്കപ്പോഴും ആക്രമണത്തിന് ഇരയാകുന്നത് കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. എന്നാൽ റഷ്യൻ സൈന്യം കൂടുതൽ ക്രൂരത കാണിച്ചത് പുരുഷൻമാരോടാണെന്ന് റിപ്പോർട്ടിൽ പറയുന്നത്.
2022-ൽ റഷ്യയുടെ പൂർണ്ണമായ അധിനിവേശം ആരംഭിച്ചപ്പോൾ, യുക്രൈനിലെ പട്ടണങ്ങളും ഗ്രാമങ്ങളും പിടിച്ചെടുത്ത ആദ്യ ഘട്ടങ്ങളിൽ റഷ്യൻ സൈന്യം യുക്രൈനിലെ സ്ത്രീകളെ ലക്ഷ്യമിട്ടിരുന്നു. പിന്നീട് പുരുഷന്മാരാണ് കൂടുതൽ ഇരകളാക്കപ്പെട്ടത്.
യുദ്ധസമയത്ത് റഷ്യൻ സേനയുടെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള 310 അന്വേഷണ കേസുകളിൽ, 280 പേർ പുരുഷന്മാരും 26 പേർ സ്ത്രീകളും നാല് പേർ പെൺകുട്ടികളുമായിരുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
ബലാത്സംഗം, ലൈംഗികാവയവങ്ങൾ വികലമാക്കുക, വൈദ്യുതാഘാതം ഏൽപ്പിക്കുക, ജനനേന്ദ്രിയങ്ങളിൽ മർദ്ദിക്കുക തുടങ്ങിയ അതിക്രൂരമായ രീതികളാണ് റഷ്യൻ സൈന്യം പ്രയോഗിക്കുന്നത്. തടവുകാരെ നഗ്നരാക്കി നിർത്തുന്നതും വടികളും കുപ്പികളും ഉപയോഗിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കുന്നതും പതിവാണെന്ന് അതിജീവിച്ചവർ സാക്ഷ്യപ്പെടുത്തുന്നു.
ഇത്തരം അതിക്രമങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും, മുതിർന്ന റഷ്യൻ ഉദ്യോഗസ്ഥരുടെ പ്രോത്സാഹനത്തോടെ നടക്കുന്ന വ്യവസ്ഥാപിതമായ പ്രവർത്തനങ്ങളാണെന്നും ഐക്യരാഷ്ട്രസഭയുടെ അന്വേഷകർ പറയുന്നു. യുദ്ധം ചെയ്യാനുള്ള ഏറ്റവും ‘കുറഞ്ഞ ചിലവുള്ള മാർഗ്ഗമായാണ്’ റഷ്യ ലൈംഗിക അതിക്രമങ്ങളെ കാണുന്നതെന്നാണ് യുക്രൈൻ പ്രോസിക്യൂട്ടർമാർ ആരോപിച്ചു.
ആരോപണങ്ങളിൽ റഷ്യൻ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ലൈംഗിക പീഡനാരോപണങ്ങൾ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് മുമ്പ് അവർ പറഞ്ഞിരുന്നു.



