കുറഞ്ഞ പാക്കേജിൽ പട്ടായ ടൂർ; 3 ഇന്ത്യൻ യുവാക്കളെ 7 ദിവസം ബന്ദികളാക്കി പീഡിപ്പിച്ചു; അഞ്ച് ഇന്ത്യക്കാർ അറസ്റ്റിൽ

ബാങ്കോക്ക് : കുറഞ്ഞ പാക്കേജിൽ പട്ടായയിൽ അവധിക്കാലം ആഘോഷിക്കാൻ ചെന്ന ഇന്ത്യൻ സംഘത്തെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടു. മൂന്ന് ഇന്ത്യക്കാരെയാണ് ഇന്ത്യക്കാരും പാക്കിസ്ഥാനികളും അടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയി മർദിച്ച് പണം ആവശ്യപ്പെട്ടത്. ഇന്ത്യയിൽനിന്നും പരാതി ലഭിച്ചതിനെ തുടർന്ന് തായ്‌ലൻഡ് പൊലീസെത്തിയാണ് ബന്ദികളെ മോചിപ്പിച്ചത്. സംഭവത്തിൽ അഞ്ച് ഇന്ത്യക്കാർ അറസ്റ്റിലായതായി ബാങ്കോക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. പാക്കിസ്ഥാനികളായ പ്രതികൾ പൊലീസ് എത്തും മുൻപേ രക്ഷപ്പെട്ടു.
ജൂലൈ 21 ന് ബാങ്കോക്കിൽ സഞ്ചാരികളായി എത്തിയ 3 ഇന്ത്യക്കാരെ ഒരാഴ്ചയോളം തടവിൽ പാർപ്പിച്ചുവെന്നാണ് റിപ്പോർട്ട്. തടവിൽ ക്രൂരമായ മർദനത്തിനും ഇവർ ഇരായായി. ഏഴ് ദിവസത്തെ പട്ടായ ടൂർ പാക്കേജ് വാഗ്ദാനം ചെയ്താണ് ഇന്ത്യക്കാരെ വലയിലാക്കിയത്. തുടർന്ന് 2.4 ദശലക്ഷം തായ്‌ലൻഡ് ബാത്ത് (ഏകദേശം 70 ലക്ഷം രൂപ) മോചന ദ്രവ്യം ആവശ്യപ്പെട്ട് ഇവരെ ബന്ദികളാക്കി. 23 നും 26 നും ഇടയിൽ പ്രായമുള്ള ഇന്ത്യക്കാരാണ് ബന്ദികളാക്കപ്പെട്ടത്. ഇവരുടെ വീടുകളിൽ വിളിച്ചാണ് പണം ആവശ്യപ്പെട്ടത്. 2 ലക്ഷം രൂപയുടെ പാക്കേജ് എടുത്താണ് മൂന്നംഗ സംഘം ഇന്ത്യയിൽനിന്നും പട്ടായയിൽ ടൂറിന് എത്തിയത്. വിമാനത്താവളത്തിൽനിന്നും സഞ്ചാരികളെ ഓരോരുത്തരെയായി ബൈക്കുകളിലാണ് സംഘം ഒളിസങ്കേതത്തിൽ എത്തിച്ചത്. തുടർന്ന് ക്രൂരമായി മർദിച്ചു.
യുവാക്കൾ ബന്ദികളാക്കപ്പെട്ടതായി ഇന്ത്യയിൽനിന്നും പരാതി ലഭിച്ചതിനെ തുടർന്നാണ് തായ്‌ലൻഡ് പൊലീസ് അന്വേഷണത്തിന് ഇറങ്ങിയത്. മോചനദ്രവ്യം ആവശ്യപ്പെട്ട് ഇവർ ഇന്ത്യയിലേക്ക് വിളിച്ച ഫോൺ ട്രാക്ക് ചെയ്തായിരുന്നു അന്വേഷണം. എന്നാൽ മറ്റൊരു രാജ്യത്ത് റജിസ്റ്റർ ചെയ്ത ഫോണാണ് തട്ടിപ്പ് സംഘം ഉപയോഗിച്ചത്. അന്വേഷണത്തിൽ ഒളിസങ്കേതം കണ്ടെത്തിയ പൊലീസ് തിങ്കളാഴ്ച റെയ്‌ഡ് നടത്തിയാണ് ബന്ദികളെ മോചിപ്പിച്ചത്. തുടർന്ന് സമീപത്തെ ഹോട്ടലിൽനിന്നും സംഭവത്തിൽ ഉൾപ്പെട്ട 5 ഇന്ത്യക്കാരെ പിടികൂടി. അവ്താർ സിങ്, ജഗ്ജിത് സിങ്, രാംബലക് കുമാർ, സുഖ്ബീർ സിങ്, കുൽറ സിങ് എന്നിവരാണ് പിടിയിലായത്.



